2008 ല്‍ ഒരു പവന്‍ പൊന്നിന് 10000 രൂപ, ഇന്ന് ഗ്രാമിന് കൊടുക്കണം 10000; സ്വര്‍ണവിലയിലെ മാറ്റം അതിശയിപ്പിക്കും!
ഗ്രാം സ്വര്‍ണത്തിന് ആദ്യമായി 10000 രൂപ എന്ന മാന്ത്രികസംഖ്യ പിന്നിട്ട ദിനമായിരുന്നു ഇന്നലെ. മാത്രമല്ല ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം) 80000 രൂപ തൊട്ടതും ഇന്നലെയായിരുന്നു. സ്വര്‍ണവില അനുദിനം കുതിച്ച് കൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ മാസത്തിലെ ഇതുവരെ കഴിഞ്ഞ ഓരോ ദിവസവും ഓരോ റെക്കോഡ് എന്ന നിലയിലായിരുന്നു മഞ്ഞലോഹം കുതിച്ചത്. ഈ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ ഇതുവരെയുണ്ടായ മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.
കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ ആസ്തി എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റത്തെ സാകൂതം നിരീക്ഷിക്കുന്നവരാണ് മലയാളികള്‍. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10000 രൂപയാണെങ്കില്‍ വെറും 17 വര്‍ഷം മുന്‍പ് ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണം കിട്ടുമായിരുന്നു. സ്വര്‍ണവിലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ നാഴികക്കല്ലുകള്‍ ഇങ്ങനെയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് 5000 രൂപയാകുന്നത് 2005 ഒക്ടോബര്‍ 10 നായിരുന്നു. അന്ന് ഗ്രാം സ്വര്‍ണത്തിന് വെറും 630 രൂപ മാത്രമായിരുന്നു വില. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2008 ഒക്ടോബര്‍ 9 നാണ് സ്വര്‍ണ വില ആദ്യമായി പവന് 10000 കടക്കുന്നത്. അന്ന് ഗ്രാം സ്വര്‍ണത്തിന്റെ വില 1275 രൂപയായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് പവന്‍ വിലയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 5000 രൂപ കൂടി വര്‍ധിച്ച് സ്വര്‍ണവില പവന് 15000 ത്തിലെത്തി.
2010 നവംബര്‍ എട്ടിനായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം തന്നെ പവന്‍ വില 20000 കടന്നു. വെറും ഒരു വര്‍ഷം കൊണ്ടാണ് 5000 രൂപ പവന്‍ സ്വര്‍ണത്തിന് കൂടിയത്. 2011 ആഗസ്റ്റ് 19 നായിരുന്നു 20000 എന്ന മാര്‍ക്ക് സ്വര്‍ണം പിന്നിട്ടത്. അതിന് ശേഷം സ്വര്‍ണ വില മന്ദഗതിയിലായി. 25000 ത്തിലേക്ക് സ്വര്‍ണ വില എത്തുന്നത് എട്ട് വര്‍ഷം കഴിഞ്ഞ് 2019 ഫെബ്രുവരി 20 നാണ്. ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് സ്വര്‍ണം 30000 ത്തിലും എത്തി.
2020 ജനുവരി ആറിന് 30000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അവിടുന്നിങ്ങോട്ട് സ്വര്‍ണം നടത്തിയത് സമാനതകളില്ലാത്ത കുതിപ്പാണ്. 2020 ജനുവരി ആറിന് 30000 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില അതേ വര്‍ഷം ആസ്റ്റ് ആയപ്പോഴേക്ക് 42000 ത്തില്‍ എത്തി. അതായത് വെറും എട്ട് മാസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 12000 രൂപയാണ്. 2023 ലും സ്വര്‍ണം വലിയ കുതിപ്പാണ് നടത്തിയത്. പവന്‍ വില ആദ്യമായി 43000, 44000, 45000, 46000, 47000 എന്നിവ കടന്നത് ആ വര്‍ഷത്തിലായിരുന്നു.
2024 മാര്‍ച്ചിലാണ് ആദ്യമായി സ്വര്‍ണം 48000 ത്തിലേക്ക് പവന്‍ വില തൊടുന്നത്. അതേ മാര്‍ച്ചില്‍ തന്നെ 49000 ത്തിലേക്ക് 50000 ത്തിലേക്കും സ്വര്‍ണവില എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് അരലക്ഷം എന്ന രൂപയില്‍ എത്തുന്നത് 2024 മാര്‍ച്ച് 29 നായിരുന്നു. അന്ന് 6300 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആ വര്‍ഷം മേയ് മാസത്തില്‍ തന്നെ 55000 എന്ന മാന്ത്രിക സംഖ്യയും സ്വര്‍ണം തൊട്ടു.
2025 ജനുവരി 22 നാണ് സ്വര്‍ണ വില 60000 ത്തില്‍ എത്തുന്നത്. അതേ വര്‍ഷം മാര്‍ച്ച് 14 ന് പവന്‍ വില 65000 ത്തിലും എത്തി. ഒരു മാസം തികയും മുന്‍പെ ഏപ്രില്‍ 12 ന് പവന്‍ വില 70000 കടന്നു. ജൂലൈ 23 നായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില മുക്കാല്‍ ലക്ഷം അഥവാ 75000 കടന്നത്. സെപ്തംബര്‍ 9 ന് പവന്‍ വില 80000 പിന്നിട്ടപ്പോള്‍ ഗ്രാം വില ചരിത്രത്തിലാദ്യമായി 10000 രൂപ എന്ന മാന്ത്രികസംഖ്യയും പിന്നിട്ടു.












Click it and Unblock the Notifications