സ്വർണ വില ഇന്നും താഴേക്ക് തന്നെ: ഇനി 1 ലക്ഷത്തിന് താഴെ എത്തുമോ? നിരക്ക് അറിയാം
കേരളത്തിലെ സ്വർണ വിലയിൽ ഇന്നും ഇടിവ്. ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായ തിരിച്ചടിയാണ് കേരളത്തിലും വില കുറയാൻ കാരണമായത്. പണപ്പെരുപ്പ ആശങ്കയ്ക്കിടെ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് എന്ത് നിലപാടെടുക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം കടുക്കുമ്പോൾ സ്വർണ വില കുറയുന്നതാണ് ട്രെൻ്റ്. യുദ്ധം താത്കാലികമായി അവസാനിപ്പിച്ചെന്ന തരത്തിലുള്ള യുഎസ്-ഇറാൻ പ്രതികരണങ്ങൾ കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായിരുന്നു. ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന വില ഇതോടെ 80 ഡോളറിന് താഴേക്ക് നീങ്ങി.

എന്നാൽ ഇന്നലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം സ്ഥിതി വീണ്ടും രൂക്ഷമാക്കി. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ജോർദാനിലാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ നീക്കത്തെ കരുതലോടെയാണ് നിരീക്ഷിക്കുന്നതെന്നും ഉചിതമായ സമയത്ത് കനത്ത തിരിച്ചടി നൽകുമെന്നും യുഎസ് വ്യക്തമാക്കി. ഇത് വീണ്ടും സംഘർഷം ശക്തമാകുന്നുവെന്ന ഭീതി ഉയർത്തിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വീണ്ടും ക്രൂഡ് വില ഉയർന്നു. ബ്രൻ്റ് ക്രൂഡ് ഇന്ന് ബാരലിന് 82 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഡോളറിൻ്റെ മൂല്യം ഉയർത്തും. ഇത് സ്വർണത്തിന് തിരിച്ചടിയാണ്. ഇതാണ് ഇന്ന് വിലയിൽ പ്രതിഫലിച്ചത്.
കേരളത്തിൽ ഇന്നും വില ഇടിഞ്ഞു
കേരളത്തിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13155 രൂപയാണ്. ഒറ്റ ദിവസം കൊണ്ട് 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റിന് ഇന്ന് ഗ്രാമിന് 10805 രൂപയും പവന് 86,440 രൂപയുമാണ് വില.
ഇനിയെന്ത്
പലിശപ്പേടിയിലാണ് നിക്ഷേപകർ. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്നാണ്. ഇന്നത്തെ യോഗത്തിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഇല്ല. എന്നിരുന്നാലും പണപ്പെരുപ്പത്തെ കുറിച്ചുള്ള നിലപാട് പങ്കുവെച്ചേക്കും.
പണപ്പെരുപ്പം ഉയർന്ന നിലയിലാണെന്ന സൂചന വന്നാൽ സപ്റ്റംബറിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാണ്. പലിശ നിരക്ക് ഉയർത്തിയാൽ ഡോളറിൻ്റെ മൂല്യം ഉയരും. നിക്ഷേപകർ സർക്കാർ ബോണ്ടുകളിലേക്കും കടപ്പത്രങ്ങളിലേക്കും തിരിയും.സ്വാഭാവികമായും ഡിമാൻ്റ് കുറയുമ്പോൾ സ്വർണത്തിൻ്റെ വില താഴേക്ക് പോകും.
4000 ഡോളറിന് താഴേക്ക്?
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില ഇടിയുകയാണ്. ഇതോടെ സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകുമോയെന്ന ചോദ്യങ്ങളാണ് ആഭരണപ്രേമികൾ ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത ഏറെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 4023 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില 4000 ഡോളറിന് താഴേക്ക് വീണാൽ 3200 ഡോളർ വരെ സ്വർണം ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഈ നിലയിലേക്ക് വില ഇടിഞ്ഞാൽ കേരളത്തിലും വലിയ കുറവായിരിക്കും പവൻ വിലയിൽ രേഖപ്പെടുത്തുക.
കുറഞ്ഞത് 80,000 രൂപ വരെയെങ്കിലും പവൻ വില കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇനി അതിന് താഴേക്ക് വില ഇടിയുമെന്ന് കാത്തിരിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികൾ അവസാനിച്ചാൽ സ്വർണം വീണ്ടും കരുത്താർജ്ജിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വർഷം അവസാനം ഔണ്‍സിന് 5000 ഡോളർ വരെ വില തിരിച്ചുകയറാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.


Click it and Unblock the Notifications