സ്വർണവില പവന് 50,000 വരെ കൂടാം; വിഷമിക്കേണ്ട, സ്വർണം ഇങ്ങനെ വാങ്ങൂ,ലാഭമെന്ന് വ്യാപാരികൾ
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. പാശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് കേരളത്തിലും വില വർധനവിന് വഴിവെച്ചത്. അതേസമയം ഇനിയും സ്വർണം കുതിക്കുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. വില 2 ലക്ഷം വരെ ഉയരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ഓൾ കേരള ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'സ്വർണ വില കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞെന്ന് കരുതി ആശ്വസിക്കേണ്ട, വില ഇനി കുതിക്കാൻ തന്നെയാണ് സാധ്യത. 1.75 ലക്ഷമോ 2 ലക്ഷം വരെയോ വരെ വില ഉയർന്നേക്കാം. പാശ്ചിമേഷ്യൻ സംഘർഷം പൂർണമായും കുറയുന്നൊരു ലക്ഷണമൊന്നും കാണുന്നില്ല. നേരത്തേ സമാധാനക്കരാർ ഉണ്ടാക്കിയെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആ തീരുമാനങ്ങൾ എല്ലാം മാറ്റി. പിന്നെയും യുദ്ധം തുടങ്ങി. അതുകൊണ്ട് യുദ്ധം പൂർണമായും തീരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സ്വർണത്തിന് ഇനി യാതൊരു കാരണവശാലും വില കുറയാൻ പോകുന്നില്ല .

പണപ്പെരുപ്പം ഉയരുന്നുവെന്ന ആശങ്കകൾ യുഎ് ഫെഡ് റിസർവ്വ് പലിശ നിരക്ക് കൂട്ടുന്നതിന് കാരണമാകും എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റ് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറിയത്. എന്നാൽ യുഎസ് തൊഴിൽ കണക്കുകൾ കൂടിയപ്പോൾ ആ ആശങ്ക മാറി. നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞു. അതുകൊണ്ട് സ്വർണത്തിന്റെ വില ഭാവിയിലും ഇനിയും കൂടത്തേയുള്ളൂ. നിലവിൽ വിവാഹ സീസൺ ഒക്കെ ആരംഭിക്കാൻ ഇരിക്കുകയാണ്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യാപാരികൾക്കും വളരെ ആശങ്കയുണ്ട്. കാരണം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സ്വർണം വാങ്ങുക എന്ന് പറയുന്നത് ഒരു അപ്രാപ്യമായ കാര്യമായിട്ട് മാറിയിരിക്കുകയാണ്. ജനങ്ങളൊന്നും വന്ന് സ്വർണ്ണം എടുക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പറഞ്ഞാൽ വില ഒരു ആവറേജ് റേറ്റിലേക്ക് താഴണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അന്താരാഷ്ട്ര വിലയെ അടിസ്ഥാനപ്പെടുത്തിയതാണ് കേരളത്തിലും വില നിശ്ചയിക്കപ്പെടുന്നത്. പക്ഷേ ഞങ്ങൾ ഇപ്പോൾ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട് . ഇപ്പോൾ ഞങ്ങൾ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ അവർക്ക് വാങ്ങാൻ താങ്ങാൻ പറ്റുന്ന രീതിയിലുള്ള വിലക്കുള്ള 18 കാരറ്റ്, 14 കാരറ്റ്സ, 9 കാരറ്റ് ആഭരണങ്ങൾ കൂടുതലായി എത്തിച്ചിട്ടുണ്ട്. വളരെ ലൈറ്റ് വെയിറ്റ് ആയി 300 മില്ലിയുടെ ആറു പിടിയിലുള്ള മാലകൾ വരെ ഞങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു.
ചിലരുടെ സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ് . കുറഞ്ഞ കാരറ്റഅ ആഭരണങ്ങൾ എടുക്കുന്നത് നഷ്ടമാണ് എന്നല്ലേ ചോദിക്കുന്നത്. ഒരിക്കലുമല്ല, തിരിച്ചു കൊടുക്കുമ്പോൾ അതേ ക്യാരറ്റിന്റെ വില അനുസരിച്ച് പണം അവർക്ക് തിരികെ ലഭിക്കുമല്ലോ. അതുകൊണ്ട് തന്നെ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ ധൈര്യമായി വാങ്ങാം', അദ്ദേഹം പറഞ്ഞു.




Click it and Unblock the Notifications