സ്വർണ വില 1.60 ലക്ഷമാകുമോ? 15,000 രൂപ വരെ പവന് ഉയരും?:ആഭരണപ്രേമികൾക്ക് ഷോക്ക്
ഡൽഹി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇനി സ്വർണം കുതിക്കുമോ അതേ താഴേക്ക് പോകുമോ എന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പണപ്പെരുപ്പം ഉയരുകയാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കാൻ യു.എസ് ഫെഡ് നിർബന്ധിതരാകുകയാണെന്നും ഗവർണർ കെവിൻ വാർഷ് സൂചന നൽകിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം ഇടിഞ്ഞത്. എന്നാൽ ആഗോള വിപണിയിൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നതെന്ന് ഫെഡറൽ റിസർവിന്റെ ഗവർണർ ക്രിസ്റ്റഫർ വോളർ അഭിപ്രായപ്പെട്ടതാണ് വിപണിയെ സ്വാധീനിച്ചത്. വോളരുടെ പ്രതികരണം നിക്ഷേപകരുടെ ആശങ്ക അകലാൻ കാരണമായി. ഇതോടെ സർക്കാർ ബോണ്ടുകളെ ഉപേക്ഷിച്ച് നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിഞ്ഞു.ഡിമാൻ്റ് കൂടിയതോടെ വില ഉയർന്നു.

ആഗോള വിപണിയിൽ സ്വർണം ഉയർന്നതോടെ ഇനി ആഭ്യന്തര വിപണിയിലും സ്വർണത്തിന് കുതിപ്പിന്റെ കാലമാണെന്നാണ് ബൊണാൻസയുടെ സീനിയർ റിസർച്ച് അനലിസ്റ്റ് നിപേന്ദ്ര യാദവ് പറയുന്നത്.10 ഗ്രാം സ്വർണ വില 1.60 ലക്ഷം രൂപയാകുമോയെന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്. വില ഒറ്റയടിക്ക് ഇതിന് മുകളിലേക്ക് പോകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും 1.60 ലക്ഷം കടന്നാൽ അതിനും മുകളിലേക്ക് വില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വില 1.60 ലക്ഷം കടന്നാൽ ഇപ്പോഴുണ്ടായ ഈ തിരുത്തൽ ആളുകൾ വലിയ തോതിൽ ലാഭം എടുത്തത് കൊണ്ട് സംഭവിച്ചതാണെന്ന് വിലയിരുത്താം.അതേസമയം ഈ വില മറികടന്നാൽ 1.70 ലക്ഷം വരെ 10 ഗ്രാമിന് ആയേക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.
ഇനി സ്വർണ വില കുതിക്കണമെങ്കിൽ 1.58 -1.60 ലക്ഷം എന്ന കടമ്പയാണ് ദ്യം കടക്കേണ്ടത്. ഇത് മറികടന്നാൽ വില അടുത്തതായി 1.65 ലക്ഷം മുതൽ 1.70 ലക്ഷം രൂപ വരെ ഉയരും. ഇതേസമയം ഇതിന് താഴേക്കാണ് വില പോകുന്നതെങ്കിൽ 1.50 ലക്ഷം മുതൽ 1.52 വരെയുള്ള ഇടിവാണ് ആദ്യം പ്രതീക്ഷിക്കേണ്ടത്. വില 1.48 ലക്ഷത്തിന് താഴേക്ക് പോയാൽ വില അതിലും താഴെ പോകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് തന്നെയാണ് സ്വർണത്തിന് കരുത്താകുന്നത്. ഈ വർഷം കേന്ദ്രബാങ്കുകൾ പ്രതിമാസം ശരാശരി 50 ടൺ സ്വർണം വാങ്ങുമെന്നാണ് ഗോൾഡ്മാൻ സാച്ചസ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വാങ്ങിയാൽ സ്വാഭാവികമായും ഈ വർഷം അവസാനത്തോടെ സ്വർണ വില ഔണ്‍സിന് 4900 ഡോളറിന് മുകളിലേക്ക് എത്താനുള്ള സാധ്യത ഏറെയാണെന്നാണ് പ്രവചിക്കപ്പെടന്നത്.
ആഗോള-ഭൌമ രാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ വിലയെ സ്വാധീനിക്കും. പ്രതിസന്ധി കാലത്ത് സ്വർണം ലുരക്ഷിത നിക്ഷേപമായി തന്നെ തുടരും. രൂപയുടെ മൂല്യവും സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞാൽ അത് സ്വർണത്തിന് പിന്തുണ നൽകും. വില ഉയരാൻ കാരണമാകും.
പവൻ വില എത്രയാകും?
10 ഗ്രാം സ്വർണം 1.60 ലക്ഷമായാൽ ഒരു പവൻ വില 1.28 ലക്ഷമാകും. ഗ്രാം വില 16,000 രൂപയും. അതായത് ഇപ്പോഴത്തെ വിലയിൽ ഏകദേശം 15,000 രൂപയുടെ വരെ വർധനവ് പവൻ വിലയിൽ ഉണ്ടാകും.


Click it and Unblock the Notifications