സ്വർണ വില പവന് 50,000 അല്ല 1.50 ലക്ഷം; ഈ 3 കാര്യങ്ങൾ സംഭവിച്ചാൽ കളിമാറും,സ്വർണം പിടിവിടും
ആഭരണപ്രേമികൾക്ക് നിരാശപകർന്ന് സ്വർണ വില വീണ്ടും കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് രാവിലെ 240 രൂപ ഉയർന്ന് വില 14,460 രൂപയായി. പവൻ വിലയിൽ 1920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് ഒരു പവന് 1,15,680 രൂപയായി വില. രാജ്യാന്തര വില ഔൺസിന് വീണ്ടും 5000 ഡോളർ ഭേദിച്ചതാണ് കേരളത്തിലും വില ഉയരാൻ കാരണം.
യുഎസ് തൊഴിൽ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറച്ചത്. എന്നാൽ യുഎസിൽ ജനുവരിയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെന്ന റിപ്പോർട്ടാണ് ഇപ്പോൾ സ്വർണത്തിന് ആവേശം പകർന്നത്. എന്തായാലും ഇപ്പോഴത്ത വർധനവ് വില ക്രമേണ 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ കുതിപ്പ് ഒറ്റയടിക്ക് ഉണ്ടാവാൻ സാധ്യതയില്ല. 2025-ൽ മാത്രം 70% ഉയർന്ന സ്വർണ വില 6000 എന്ന ലക്ഷ്യം തൊടണമെങ്കിൽ കുറഞ്ഞത് 20 ശതമാനം കൂടി ഉയരേണ്ടതുണ്ട്. എന്നിരുന്നാലും ആഗോള പ്രതിസന്ധി കടുത്താൽ സാഹചര്യം കൈവിട്ട് പോയേക്കാമെന്നാണ് വിദഗ്ധർ നൽകുന്നമുന്നറിയിപ്പ്.

എന്തൊക്കെയാണ് വില ഉയർത്താൻ പോകുന്ന ആ പ്രതിസന്ധികൾ? വിശദമായി നോക്കാം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായ യുഎസിലെ കടബാധ്യത തന്നെയാണ് പ്രധാന വിഷയം. 2026 ലെ കണക്കനുസരിച്ച് ഏകദേശം 39 ട്രില്യൺ ഡോളറിന്റെ ദേശീയ കടമാണ് യുഎസിനുള്ളത്. തുടർച്ചയായ ധനക്കമ്മി, കോവിഡ് ഉത്തേജക പാക്കേജുകൾ, സൈനിക ചെലവുകൾ, സാമൂഹിക സുരക്ഷാ, മെഡികെയർ ചെലവുകൾ, വർദ്ധിച്ചുവരുന്ന പലിശ നിരക്കുകൾ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ.ഇപ്പോൾ കടബാധ്യത മാത്രമല്ല പ്രശ്നം, നിലവിലുള്ള കടങ്ങളുടെ പലിശ തിരിച്ചടവുകൂടിയാണ്. യുഎസിന് ഒരു വർഷം ഒരു ട്രില്യൺ ഡോളറിലധികം പലിശയിനത്തിൽ മാത്രം നൽകേണ്ടിവരുന്നുണ്ട്, ഇത് വലിയൊരു തുകയാണ്. ഈ വിഷയത്തിലുള്ള ഏതൊരു അനിശ്ചിതത്വവും നിക്ഷേപകരെ സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കും, ഇത് സ്വർണ്ണവില ഔൺസിന് 6,000 ഡോളറിലേക്ക് ഉയർത്താൻ സഹായിക്കും.
രണ്ടാമത്തെ ഘടകം, കേന്ദ്ര ബാങ്കുകളുടെ വാങ്ങലാണ്. പരമ്പരാഗതമായി കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ യുഎസ് സർക്കാർ ബോണ്ടുകളാണ് കരുതൽ ധനമായി നിലനിർത്തിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, യുഎസ് ധനക്കമ്മി, ഉയർന്ന കടം, ബോണ്ടുകളുടെ ദീർഘകാല മൂല്യത്തെ ബാധിക്കുന്ന രാഷ്ട്രീയ അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം കേന്ദ്രബാങ്കുകൾ ട്രഷറി ഹോൾഡിംഗുകൾ കുറയ്ക്കുകയും സ്വർണം വാങ്ങുന്നത് വർദ്ധിപ്പിക്കുകയും ചെയ്തു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച്, മെയ് മാസത്തെ ആഗോള ഔദ്യോഗിക സ്വർണ ശേഖരം 36,344 ടണ്ണാണ്. സ്വർണത്തിൻ്റെ വൻ കുതിപ്പ് ഈ ശേഖരത്തിന്റെ മൂല്യം ഇപ്പോൾ സെൻട്രൽ ബാങ്കുകളുടെ ട്രഷറി നിക്ഷേപത്തേക്കാൾ കൂടുതലാണത്രേ.
മൂന്നാമത്തെ കാരണം ഭൗമരാഷ്ട്രീയമോ സാമ്പത്തികമോ ആയ ആഘാതം ആയിരിക്കും. റഷ്യ-യുക്രൈൻ സംഘർഷം, മിഡിൽ ഈസ്റ്റിലെ മറ്റ് പ്രതിസന്ധികൾ, യുഎസ് തീരുവ ഭീഷണി, ചൈനയുടേയും റഷ്യയുടേയും യുഎസിനെതിരായ പ്രതികരണങ്ങൾ ഇതെല്ലാം ഒരു ഘട്ടത്തിൽ സ്വർണത്തിൻ്റെ വില ഉയർത്തിയിരുന്നു. സമാന രീതിയിലുള്ള വിഷയങ്ങൾ സ്വർണ വില കത്തിക്കയറുന്നതിന് വഴിവെച്ചേക്കും. മാത്രമല്ല യുഎസ് ഡോളറിൻ്റെ മൂല്യം കുത്തനെ ഇടിയുന്നത്, യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുന്നത്,ഉയർന്ന പണപ്പെരുപ്പ ഭയങ്ങൾ എന്നിവയും സ്വർണ വില ഏറ്റും. അതേസമയം മുകളിൽ പറഞ്ഞ കാര്യങ്ങൾക്കുള്ള സാധ്യത എത്രത്തോളം കുറയുന്നോ അത്രത്തോളം സ്വർണ വിലയിൽ വലിയ തിരുത്തലുകൾക്കുള്ള സാധ്യതയും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.












Click it and Unblock the Notifications