സ്വർണ വില പവന് 13,000 രൂപ വരെ ഉയരും..പവൻ വില 1.27 ലക്ഷം രൂപയിലേക്കും..ഞെട്ടിച്ച് പുതിയ പ്രവചനം
രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിപ്പ് തുടരുമെന്ന് എംകെ വെൽത്ത് മാനേജ്മെൻ്റ്. സമീപകാലത്തായി വില കുറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങലുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണ വിലയെ മുകളിലേക്ക് തന്നെ നയിക്കുമെന്നാണ് എംകെ വെൽത്ത് പ്രവചിക്കുന്നത്.
പലിശപ്പേടിയിൽ സ്വർണം കുത്തനെ താഴേക്ക് പതിച്ചെങ്കിലും രാജ്യാന്തര വിപണിയിൽ 4066 ഡോളർ എന്ന നിലവാരത്തിന് താഴേക്ക് സ്വർണം പോയിട്ടില്ല. അതായത് വില കുറഞ്ഞെങ്കിലും വലിയൊരു തകർച്ച സ്വർണത്തിന് ഉണ്ടായിട്ടില്ല. വെള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഇടിവ് എന്നത് ഒരു താത്കാലിക കുറവ് മാത്രമായിരിക്കും. വലിയൊരു കുതിപ്പിന് മുന്നോടിയായിട്ടുള്ള തിരുത്തൽ മാത്രമായി ഇതിനെ കാണണമെന്നും എംകെ വെൽത്ത് പറയുന്നു.

പലിശ ഉയർത്തുമെന്ന ഭയത്തിൽ ഒരുപക്ഷെ സ്വർണം ഇനിയും താഴേക്ക് പതിച്ചേക്കാം. ഇടയ്ക്കിടെയുള്ള ലാഭമെടുപ്പും സ്വർണ വില താഴേക്ക് പോകാൻ കാരണമായേക്കും. എന്നാൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. ഇത് സ്വർണത്തിന് പിന്തുണ നൽകും. വില മുകളിലേക്ക് കുതിക്കും',അവർ പറഞ്ഞു.
പണപ്പെരുപ്പ ഭീതിയിലാണ് ഇപ്പോൾ ആഗോള സമ്പദ് വ്യവസ്ഥ. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കിയത്. എന്നിരുന്നാലും ഭാവിയിൽ ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചാൽ അത് സ്വർണത്തിന് ഗുണകരമാകും. ബാങ്കുകളിൽ നിന്നോ മറ്റ് നിക്ഷേപങ്ങളിൽ നിന്നോ ലഭിക്കുന്ന പലിശ വരുമാനം കുറയുമ്പോൾ പലിശ ലഭിക്കില്ലെങ്കിൽ പോലും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയും. ഇത് സ്വർണ വില ഉയരാൻ കാരണമാകും.
വൈകാതെ തന്നെ സ്വർണ വിലയിൽ 12 ശതമാനത്തിൻ്റെ വർധനവ് ഉണ്ടായേക്കും. വെള്ളിവിലയും ഉയരും. ഔണ്‍സിന് 68-74 ഡോളറിനിടയിലാകും. നിക്ഷേപകർ സ്വർണത്തേക്കാൾ ഭയക്കേണ്ടത് വെള്ളിയിൽ നിക്ഷേപിക്കുമ്പോഴാണ്. കാരണം വെള്ളി വിലയിൽ ഇടക്കിടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും എംകെ വെൽത്ത് ചൂണ്ടിക്കാട്ടി.
കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 8800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് സ്വർണ വില ഉയർന്നു. ഒറ്റയടിക്ക് 305 രൂപ വർധിച്ച് ഗ്രാം വില 14,240 രൂപയായി. 2440 രൂപ ഉയർന്ന് 1,13,920 രൂപയാണ് പവൻ വില. ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ന് രാജ്യാന്തര വിപണിയിൽ 4436 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഇപ്പോഴത്തെ വിലയിൽ നിന്നും സ്വർണം 12 ശതമാനത്തോളം കുതിച്ചാൽ വില 4968 ഡോളറോളം ആകും. കേരളത്തിലാകട്ടെ വിലയിൽ ഏകദേശം 13000ത്തോളം രൂപയുടെ വർധനവ് ഉണ്ടാകും. ഇതോടെ ഗ്രാമിന് 15,950 രൂപയാകും. പവൻ വില 1,27,590 എന്ന നിലവാരത്തിലേക്കും എത്തും.


Click it and Unblock the Notifications