സ്വർണവില ഇനിയും കുറയുമെന്നത് വ്യാമോഹം, പവൻ വില 1.26 ലക്ഷത്തിലേക്ക്? ഇനി സംഭവിക്കുന്നത്
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഇന്നലെ വീണ്ടും വർധിച്ചു. 4138 ഡോളറായിരുന്ന രാജ്യാന്തരവില 4177 ഡോളറിലേക്കാണ് ഉയർന്നത്. വില ഇനിയും കുറയും എന്ന പ്രതീക്ഷകൾക്കിടെയാണ് അപ്രതീക്ഷിത വർധനവ് രേഖപ്പെടുത്തിയത്.
അതേസമയം സ്വർണ വില കുറയുമെന്ന് ഇനിയും അമിത പ്രതീക്ഷ പുലർത്തേണ്ടെന്ന മുന്നറിയിപ്പാണ് സാമ്പത്തിക സ്ഥാപനമായ മോർഗൻ സ്റ്റാൻലി നൽകുന്നത്. ഒരു വർഷം കൊണ്ട് തന്നെ വില വീണ്ടും 5000 ഡോളറിന് മുകളിലെത്തുമെന്ന് അവർ പ്രവചിക്കുന്നു.

കേന്ദ്രബാങ്കുകൾ സ്വർണശേഖരം ഉയർത്തുന്നത് തന്നെയാണ് വില ഉയരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കറൻസിയിലും ബോണ്ട് മൂല്യങ്ങളിലും ഉള്ള അസ്ഥിരതയെ തുടർന്നാണ് ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്തുന്നത്. ചൈനയുടേയും പോളണ്ടിൻ്റേയും കേന്ദ്രബാങ്കുകൾ ആണ് നിലവിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത്. ചൈനയുടെ മൊത്തത്തിലുള്ള ഇറക്കുമതി 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. അനൌദ്യോഗിക കണക്കുകൾ ഇപ്പോൾ പുറത്തുവന്നതിനേക്കാൾ മുകളിലായിരിക്കും. ചൈനയ്ക്ക് സ്വർണത്തോട് അടങ്ങാത്ത ആവേശം. ഉണ്ട്', മോർഗൻ സ്റ്റാൻലി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
ഡോളറും സ്വർണവും തമ്മിലുള്ളത് വിപരീത അനുപാതത്തിലുള്ള ബന്ധമാണ്. അതായത് ഡോളർ മൂല്യം ഉയരുമ്പോൾ സ്വർണം കിതയ്ക്കും. മറ്റ് കറൻസിയിൽ ഉള്ള രാജ്യങ്ങൾക്ക് സ്വർണവാങ്ങൽ ചിലവേറുന്നതാണ് ഇതിന് കാരണം. ഡോളർ മൂല്യം ഇടിയുമ്പോൾ സ്വാഭാവികമായി സ്വർണത്തിലേക്ക് നിക്ഷപകർ ഒഴുകും, വില ഉയരും. സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വർണം എപ്പോഴും സുരക്ഷിത നിക്ഷേപമാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷം രണ്ടാം പാദത്തിനുള്ളിൽ സ്വർണ വില ഔണ്സിന് 5000 ഡോളർ കടക്കുമെന്ന് തന്നെയാണ് വിലയിരുത്തുന്നതെന്നും മോർഗൻ സ്റ്റാൻലി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സ്വർണ വില എന്താകും?
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ വിലയിലും പ്രതിഫലിക്കും. ഈ വർഷം ആദ്യം അന്താരാഷ്ട്ര വിപണിയിൽ വില ഔണ്സിന് 5500 ഡോളർ ആയപ്പോൾ കേരളത്തിൽ പവൻ വില 1.33 ലക്ഷമായി ഉയർന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം രാജ്യാന്തര സ്വർണവിലയെ താഴ്ത്തിയപ്പോൾ കേരളത്തിലും പവൻ വില കുറഞ്ഞു. ഏകദേശം 20 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്ന് കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 13680 രൂപയാണ്. പവൻ വില 1,09,440 രൂപയും. സ്വർണ വില ആഗോള തലത്തിൽ ഉയർന്നാൽ കേരളത്തിലും വില വീണ്ടും കുതിച്ചുയരാൻ കാരണമാകും. പ്രവചനങ്ങൾ ശരിവെച്ച് വില 5000 ഡോളറിലേക്ക് കടന്നാൽ കേരളത്തിൽ ഒരു പവൻ വില 1.20 ലക്ഷത്തിന് മുകളിലേക്ക് പോകും. 5200 ഡോളർ വരെ വില ഉയരുമെന്ന പ്രവചനങ്ങൾ ലോക സാമ്പത്തിക വിദഗ്ദർ പങ്കുവെയ്ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ 1.26 ലക്ഷത്തിന് മുകളിലായിരിക്കും പവൻ വില. പവൻ വില മാത്രമായിരിക്കും ഇത്. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം അടിസ്ഥാനപണിക്കൂലിയും നൽകേണ്ടി വരും. അതായത് കുറഞ്ഞത് 1.40 ലക്ഷം രൂപയെങ്കിലും പവന് നൽകേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ നിന്നും ഏകദേശം 30,000ത്തിനടുത്ത് വർധനവ്.
വില ഉയർന്നതോടെ ജ്വല്ലറികളിൽ ആളെത്തുന്നില്ലെന്ന പരാതിയാണ് വ്യാപാരികൾ ഉയർത്തുന്നത്. വില ഒന്നര ലക്ഷത്തിന് അടുത്തേക്ക് എത്തിയാൽ അത് സ്വർണ വ്യാപാരത്തെ ബാധിച്ചേക്കും. വില കുതിച്ചാൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങളോടായിരിക്കും ആളുകൾക്ക് പ്രിയം എന്നാണ് വ്യാപാരികൾ പറയുന്നത്.


Click it and Unblock the Notifications
