സ്വർണം വില ഞെട്ടിക്കും, ഓണത്തിന് 1.15 ലക്ഷത്തിനും മുകളിലോ? ഇനി സംഭവിക്കുക ഇതെന്ന് മേരി ജോർജ്
സ്വർണ വില വീണ്ടും കുതിച്ച് തുടങ്ങിയതോടെ കടുത്ത നിരാശയിലാണ് ആഭരണപ്രേമികൾ. മുൻ ആഴ്ചകളിൽ സംഭവിച്ചത് പോലെ സ്വർണം വീണ്ടും താഴേക്ക് പോകുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാൽ വരും ആഴ്ചകളിലും ആഭരണപ്രേമികൾക്ക് നിരാശ നൽകിക്കൊണ്ട് സ്വർണം കുതിക്കുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഓണത്തിന് സ്വർണ വില വൻ കുതിപ്പ് നടത്തുമെന്നും മേരി ജോർജ് വിശദീകരിച്ചു. സീ ന്യൂസ് മലയാളം ചർച്ചയിൽ അവർ പങ്കുവെച്ചത് ഇങ്ങനെ

' സ്വർണ വില എന്താകുമെന്ന് കൃത്യമായി പ്രവചിക്കണമെങ്കിൽ
യുദ്ധ അന്തരീക്ഷം പൂർണമായി മാറണം. എന്നാൽ ഒരു കാരണവശാലും പൂർണമായി മാറും എന്ന പ്രതീക്ഷയ്ക്ക് വകയില്ലാത്ത രീതിയിലാണ് ഇറാന്റെയും പെരുമാറ്റം. പോരാത്തതിന് പാക്കിസ്ഥാനും സൗദി അറേബ്യയും ഇറാഖും ഒക്കെയും കൂടി ചേർന്ന് ഒരു സഖ്യവും രൂപപ്പെട്ടിരിക്കുന്നു. അത് അപകട ഭീഷണിയാണ് നൽകുന്നത്. യുദ്ധം അവസാനിക്കാനുള്ള സാധ്യതിലേക്ക് അല്ല അത് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ട്രംപും ഇറാനും നേർക്കുനേർ നിൽക്കുന്നു. സമാധാന ചർച്ചയ്ക്ക് വേണ്ടി ശ്രമിക്കുമ്പോഴും ഇസ്രായേൽ ഹമാസിനെതിരെയുള്ള ആക്രമണം ഒരു കാരണവശാലും നിർത്തില്ലെന്നും ഹമാസ് ആക്രമിക്കില്ല എന്ന് ഉറപ്പു നൽകിയാൽ മാത്രമേ ഞങ്ങൾ യുദ്ധത്തിൽ നിന്ന് പിന്മാറു എന്നും ഇസ്രായേൽ പറയുന്നു. അതായത് ഒരുകാരണവശാലും സമാധാനം സാധ്യമാകില്ലെന്നെന്ന്.
അതേസമയത്ത് തന്നെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചിട്ടില്ല. പലിശ നിരക്ക് വർദ്ധിപ്പിച്ചാൽ ട്രഷറി ബോണ്ടുകളുടെ വില ഉയരും. യുഎസ് ഡോളർ ശക്തമാകും. അതോടെ സ്വർണത്തിൽ നിക്ഷേപിച്ച നിക്ഷേപകർ സ്വർണത്തെ വിട്ട് അമേരിക്കൻ ഡോളറിലേക്കും അമേരിക്കൻ ട്രഷറി ബോണ്ടുകളിലേക്കും പോകും. നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. അതായത് യുഎസ് ഡോളർ ഇപ്പോൾ നിൽക്കുന്ന നിലയിൽ തന്നെ തൽക്കാലം നിൽക്കട്ടെ എന്നതാണ് ബാങ്കിൻ്റെ നിലപാട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ വില വർദ്ധിച്ചുകൊണ്ടേയിരിക്കും.
ഇടിഫിലേക്ക് ഇപ്പോഴും പണമൊഴുകി കൊണ്ടിരിക്കുകയാണ്. ഷെയർമാർക്കറ്റിൽ കളിച്ചിരുന്നവർ കൂട്ടത്തോടെ സ്വർണത്തിലേക്ക് മാറിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യത്തിലേക്ക് വന്നാൽ 1200 കോടിയുടെ സ്വർണം കേരളത്തിൽ മാത്രം വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഓർക്കണം. കേരളത്തിൽ ഓണം വരികയാണ് .അക്ഷയ തൃതിയെ പോലെ തന്നെ ഓണത്തിനും എല്ലാവരും സ്വർണം വാങ്ങാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യം എല്ലാം സ്വർണ വില വർധിക്കാനുള്ള സാധ്യത കൂട്ടുകയേ ഉള്ളൂ. അതുകൊണ്ട് സ്വർണത്തിന്റെ വില നാളേയും മറ്റന്നാളും ഒക്കെ ഉയർന്നു പോയേക്കാനാണ് സാധ്യത. ഓണം വരെയും തീർച്ചയായും സ്വർണ്ണത്തിന്റെ വില വലിയ തോതിൽ താഴേക്ക് പോകുമെന്ന് കരുതേണ്ട.
ഏറ്റവും കൂടുതൽ സുരക്ഷിതമായ സമ്പാദ്യ മാർഗ്ഗമാണ് സ്വർണം. വില ഇത്തിരി താഴേക്ക് പോയേക്കാം പക്ഷേ ഒരിക്കലും അപകടകരമായ രീതിയിൽ താഴേക്ക് പോകില്ല. ആ സുനിശ്ചിതത്വം സ്വർണത്തിന്റെ മൂല്യത്തിൽ എന്നും ഉണ്ടായിരുന്നു. അതിങ്ങനെ മുകളിലേക്ക് തട്ടുതട്ടായി പോകുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. ഭൂമി വാങ്ങിയാൽ വിറ്റ് പണമാക്കാൻ ബുദ്ധിമുട്ടാണ്. ഷെയറിൻ്റെ കാര്യത്തിലും ലാഭനഷ്ടങ്ങൾ വിഷയമാണ്. എന്നാൽ സ്വർണത്തിൻ്റെ കാര്യം അങ്ങനെയല്ല.
ഏത് സാഹചര്യത്തിലും എവിടെ കൊണ്ടും പണയപ്പെടുത്തി നമുക്കത് പണമാക്കി മാറ്റാൻ പറ്റും . അതായത് സ്വർണം എപ്പോഴും മൂല്യം കാത്തുസൂക്ഷിക്കുക മാത്രമല്ല മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും, അതാണ് അതിൻ്റെ പ്രത്യേകത.



Click it and Unblock the Notifications