സ്വര്‍ണവില ഇന്നും കുറഞ്ഞു; റെക്കോര്‍ഡില്‍ നിന്ന് 1000 രൂപയുടെ നേട്ടം, ജ്വല്ലറിയിലേക്ക് വിട്ടോ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഏറ്റവും കൂടിയ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ആയിരം രൂപയുടെ കുറവുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് സ്വര്‍ണവില കുറയാനുള്ള കാരണം.
മാത്രമല്ല, ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളിലും വില കുറഞ്ഞിരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. റഷ്യ-യുക്രൈന്‍ പോര് അവസാനിച്ചാല്‍ വില കുറഞ്ഞേക്കും. സൗദി അറേബ്യയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് വ്യാപാരികള്‍.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 65480 രൂപയാണ് വില. 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 66480 രൂപയായിരുന്നു. അതായത് ഇന്നത്തെ വിലയേക്കാള്‍ ആയിരം രൂപ കൂടുതല്‍.
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 6715 രൂപയാണ് വില. 25 രൂപയുടെ കുറവാണുള്ളത്. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3015 ഡോളറാണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും. ഡോളര്‍ സൂചിക 104ല്‍ തുടരുകയാണ്. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടി 85.70 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറായി. ബിറ്റ് കോയിന്‍ വില 86000 ഡോളറിലാണ്.
ഒരു പവന്‍ വാങ്ങാന്‍ എത്രയാകും, വിറ്റാല്‍ എത്ര കിട്ടും
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് 70000 രൂപയ്ക്ക് അടുത്ത് ചെലവ് വരും. കുറഞ്ഞ പണിക്കൂലിയായി അഞ്ച് ശതമാനവും സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും വിലയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.
അതേസമയം, പഴയ ഒരു പവന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1300 രൂപയ്ക്കും 2600 രൂപയ്ക്കും ഇടയിലുള്ള തുക കുറച്ച് ലഭിക്കും. സാധാരണ രണ്ട് മുതല്‍ നാല് വരെ ശതമാനം കുറച്ചാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കാറ്. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്.
സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും സ്വര്‍ണവിലയ്ക്ക് പുറമെ ഉപഭോക്താവ് നല്‍കണം. എന്നാല്‍ വില്‍ക്കുന്ന വേളയില്‍ ഈ തുക പരിഗണിക്കുകയേ ഇല്ല. മാത്രമല്ല, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ശതമാനം കുറയ്ക്കുകയും ചെയ്യും. ഇതോടെ 7000 രൂപയോളം സ്വര്‍ണം വില്‍ക്കുമ്പോള്‍ നഷ്ടമാണ്.
സാമ്പത്തിക നേട്ടത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ 24 കാരറ്റ് വാങ്ങുന്നതാണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയോട് ചേര്‍ന്ന തുക കിട്ടും. നികുതിയായി നല്‍കുന്ന തുക മാത്രമേ നഷ്ടമാകൂ. അതേസമയം, 22, 18, 14 കാരറ്റുകളിലെ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ വലിയ നഷ്ടം വരും. എങ്കിലും സ്വര്‍ണ വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താവിന് നഷ്ടം അനുഭവപ്പെടില്ല.












Click it and Unblock the Notifications