സ്വർണ വില മണ്ടൻമാരാക്കിയവരിൽ നിങ്ങളും ഉണ്ടോ? 6500 രൂപയുടെ ലാഭം കൊയ്ത് ഇവർ..ഇനിയും അവസരം ഉണ്ടോ?
കുതിച്ചുകയറിയ സ്വർണ വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. യുഎസ്-ചൈന വ്യാപാര യുദ്ധം അയയുന്നുവെന്ന സൂചനകളാണ് ഇപ്പോഴത്തെ വിലക്കുറവിലേക്ക് നയിച്ചത്. ഇതോടെ ഈ ആഴ്ച വ്യാപാരം അവസാനിച്ചത് 10 ഗ്രാമിന് 92,700 എന്ന നിലയിലാണ്. ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ് 99358 എന്ന വിലയിൽ നിന്നാണ് കുത്തനെയുള്ള ഈ ഇടിവ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. രാജ്യാന്തര വിപണിയിലാകട്ടെ ഔൺസിന് 3500 ഡോളർ വരെ തൊട്ട സ്വർണ വില കപ്പുകുത്തി 3240.88 ഡോളറിലെത്തി.
പകരച്ചുങ്കത്തിൽ ഒരേ നാണയത്തിൽ ചൈനയും യുഎസും മറുപടി നൽകി തുടങ്ങിയതോടെയാണ് ആഗോള വിപണിയിൽ ആശങ്ക നിഴലിച്ചത്. ഇരട്ടിക്കിരട്ടി പകരച്ചുങ്കം ഇരരാജ്യങ്ങളും പ്രഖ്യാപിച്ച് തുടങ്ങിയതോടെ നിക്ഷേപകർ സ്വർണത്തിന് പിന്നാലെ കൂടി. ഇതോടെ വില ഉയർന്നു. എന്നാൽ പകരച്ചുങ്കം തങ്ങൾക്ക് തന്നെ വിനയായേക്കുമെന്ന വിലയിരുത്തൽ യുഎസിൽ ശക്തമായതോടെ നടപടിയിൽ നിന്നും പിന്നോട്ട് പോകാൻ ട്രംപ് ഭരണകുടം നിർബന്ധിതരായത്. ഇത് വിപണിയിൽ ആത്മവിശ്വാസം ഉയർത്തി, ഫലമോ സ്വർത്തെ നിക്ഷേപകർ ഉപേക്ഷിച്ചു, ഇതോടെ വില കുത്തനെ വീഴുകയും ചെയ്തു. ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ പ്രധാന രാജ്യങ്ങളുമായി പകരച്ചുങ്കത്തിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് യുഎസ് ചർച്ച നടത്തിയതും വിപണിയിൽ അനുകൂല തരംഗം ഉണ്ടാക്കുകയും സ്വർണ വില കുറയ്ക്കുകയും ചെയ്തു.

ഡോളറിന്റെ മൂല്യം ഉയർന്നതും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം 50 ശതമാനമെങ്കിലും കുറക്കാൻ ആലോചിക്കുന്നുവെന്ന വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തോടെയാണ് 98 ന് താഴെ പോയ യുഎസ് ഡോളർ ഇൻഡക്സ് 99 ലേക്ക് ഉയർന്നത്. ഡോളർ ശത്തിപ്പെടുത്തുന്ന സ്വർണത്തിന്റെ ഡിമാന്റ് കുറച്ചതോടെ കയറിയത് പോലെ തന്നെ വേഗത്തിൽ വില കുറഞ്ഞു തുടങ്ങി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിൽ 6500 രൂപയുടെ കുറവാണ് 10 ഗ്രാം സ്വർണത്തിന് ഉണ്ടായത്. ഇനിയും വില കുറയുമോ സ്വർണം വാങ്ങി തുടങ്ങണോയെന്നാണ് സ്വർണ പ്രേമികൾക്ക് ഇപ്പോൾ അറിയേണ്ടത്. ഈ വിലക്കിഴിവ് വിശ്വസിക്കാനാകില്ലെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസിൽ ആദ്യ പാദത്തെ വളർച്ച നിരക്ക് കുത്തനെ താഴേക്കാണ്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 2.4 ശതമാനം രേഖപ്പെടുത്തിയ വളർച്ച നിലവിൽ 0.3 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഉപഭോക്തൃ സൂചികയും നിശ്ചലമായി തുടരുകയാണ്, ഈ സാഹചര്യത്തിൽ ജൂൺ-ജുലൈ മാസത്തിൽ ചേരാനിരിക്കുന്ന ഫെഡറൽ റിസർവ്വ് യോഗത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വാഭാവികമായും ഇതോടെ നിക്ഷേപകർ സ്വർണത്തെ കൂടുതലായി ആശ്രയിക്കുയും വില കുത്തനെ ഉയരുകയും ചെയ്തേക്കാം.
മാന്ദ്യഭീതിയുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ സ്വർണ വില ഉയർന്നേക്കുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 10 ഗ്രാമിന് 92,000 മുതൽ 94,500 വരെ ഉയരാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. അതേസമയം സ്വർണത്തിന് ഇനി വില കത്തിക്കയറുമെന്നാണ് ശതകോടീശ്വനും നിക്ഷേപകനുമായ ജോൺ പോൾസൺ പ്രവചിക്കുന്നത്. സാമ്പത്തിക മാന്ദ്യഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വരും നാളുകളിൽ സ്വർണം കൂടുതലായി വാങ്ങിക്കൂട്ടുമെന്നും ഇത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോള വിപണിയിലെ സ്വർണ വില ഔൺസിന് 5000 ഡോളർ വരെ എത്താനുള്ള സാധ്യതയുണ്ടെന്നുമാണ് പോൾസൺ പ്രവചിക്കുന്നത്. അത്തരത്തിൽ വില ഉയർന്നാൽ കേരളത്തിലും സ്വർണ വില ഒരു ലക്ഷം കടന്നേക്കും.












Click it and Unblock the Notifications