സ്വർണവില ഇന്നും വീണിതല്ലോ കിടക്കുന്നു, ഇങ്ങനെ വാങ്ങൂ, ഒരു പവൻ 44240 രൂപയ്ക്ക് ലഭിക്കും
ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണം കിതയ്ക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും പലിശപ്പേടിയുമാണ് സ്വർണത്തിൻ്റെ കുതിപ്പിന് തടയിടുന്നത്.
രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4118 ഡോളറിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. അതേസമയം കേരളത്തിൽ ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 13,490 രൂപയാണ്.വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ രാവിലേയും വൈകീട്ടുമായി 1440 രൂപ സ്വർണത്തിന് കുറഞ്ഞിരുന്നു.

നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13390 രൂപയാണ് വില. പവന് 1,07,120 രൂപയും. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇന്ന് കോളടിച്ചു. 1 ലക്ഷം രൂപയ്ക്ക് താഴെ കുറഞ്ഞ കാരറ്റ് സ്വർണം ലഭിക്കും. 18 കാരറ്റിന് ഗ്രാമിന് 10,970 രൂപയും പവന് 87,760 രൂപയുമാണ് വില , 14 കാരറ്റ് സ്വർണം ഗ്രാമിന് 8570 നൽകണം. 68,560 രൂപ കൊടുത്താൽ 14 കാരറ്റ് ഒരു പവൻ വാങ്ങാൻ സാധിക്കും. 9 കാരറ്റ് ഗ്രാമിന് 5530 രൂപയാണ്. അതായക് ഒരു പവൻ വാങ്ങാൻ 44240 മാത്രം മതി. സ്വർണവില ഉയർന്നതോടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രത്യേകിച്ച് യുവാക്കളാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തേടിയെത്തുന്നതത്രേ. അതേസമയം പൊതുവെ ലാഭകരമാണെങ്കിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പണിക്കൂലി കുടുതലായിരിക്കും.
വില 1 ലക്ഷത്തിന് താഴേക്കോ?
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് സംഭവിക്കുന്ന ചലനങ്ങളാണ് കേരളത്തിലെ വിപണിയേയും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കടക്കുന്നതും എണ്ണവില കുതിക്കതുമാണ് സ്വർണത്തിന് ക്ഷീണം തീർക്കുന്നത്. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ്റെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇറാനുമായുള്ള സമാധാന ശ്രമം എളുപ്പം സാധ്യമല്ലെന്ന യുഎസ് സെക്രട്ടറി മാർക്ക് റൂബിയുടെ പ്രതികരണം വിനയായി. എണ്ണവില വീണ്ടും കുതിക്കാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇതോടെ ബാരലിന് 110 ഡോളറിന് മുകളിലെത്തി.
സംഘർഷം കൂടുതൽ ശക്തമായാൽ എണ്ണ വില ഇനിയും ഉയരും. ഇപ്പോൾ തന്നെ യുഎസിൽ പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. വില ഇനിയും ഉയരുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വർധിപ്പിക്കും. ഒക്ടോബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത കുറവാണെങ്കിലും ഡിസംബറിൽ വീണ്ടും 25 ബേസിസ് പോയിൻ്റെ വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ സ്വർണത്തിന് കനത്ത വിലയിടിവ് ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
പലിശവരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വർണം. സാധാരണഗതിയിൽ യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കാറുണ്ട്. അതേസമയം പലിശ നിരക്ക് കൂട്ടിയാൽ ഏറ്റവും സുരക്ഷിതമായ ഡോളർ നിക്ഷേപമായ യുഎസ് കടപ്പത്രങ്ങളിലേക്ക് നിക്ഷേപകർ നീങ്ങും. സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായും ഡിമാൻ്റ് കുറയുകയും വിലയിടിയാൻ കാരണമാവുകയും ചെയ്യും.
രാജ്യാന്ത വിപണിയിൽ സ്വർണം ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് പോകുമോയെന്നാണ് ആഭരണപ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. അത്രയും വലിയൊരു ഇടിവ് ഉണ്ടായാൽ കേരളത്തിലും സ്വർണവില താഴേക്ക് പതിക്കും. പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകും.


Click it and Unblock the Notifications
