സ്വർണ വില 30,000 രൂപ വരെ ഇടിയുമെന്നല്ലേ പ്രതീക്ഷ? സംഭവിക്കുക മറ്റൊന്ന്.. ഈ വർഷം അവസാനത്തോടെ

സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഏറിയും കുറഞ്ഞും സ്ഥിരതയില്ലാതെയാണ് വിപണിയുടെ പോക്ക്. പശ്ചിമേഷ്യൻ സംഘർഷം എണ്ണ വില ഉയർത്തുന്നതും പലിശപ്പേടി ശക്തമായതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

ആഗോള വിപണിയിൽ സ്വർണ വില കഴിഞ്ഞ ദിവസം വലിയ തോതിൽ കുറഞ്ഞിരുന്നു. രാജ്യാന്തര വിലയുടെ ചുവട് പിടിച്ച് കേരളത്തിലും വില രാവിലെ താഴ്ന്നിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും കുതിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വില ഉയരാനുള്ള പ്രധാനകാരണം. വില ഇടിഞ്ഞതോടെ അവസരം മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിയതും വില വർധിക്കാൻ കാരണമായി.

goldt-6

അതേസമയം ഇപ്പോഴത്തെ ചാഞ്ചാട്ടം കാര്യമാക്കേണ്ടതില്ലെന്നും യുഎസിൽ പലിശ നിരക്ക് ഉയർത്തിയാൽ സ്വർണ വില കൂപ്പുകുത്തുമെന്നുമാണ് ആഭരണപ്രേമികളുടെ വിലയിരുത്തൽ.യഥാർത്ഥത്തിൽ പലിശ നിരക്ക് ഉയർന്നാൽ സ്വർണം വീഴുമോ? എന്താണ് മുന്നോട്ടുള്ള സാധ്യതകൾ ? വിശദമായി നോക്കാം.

യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടുമോയെന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഓഗസ്റ്റിലെ ഉപഭോക്തൃ സൂചിക നിരക്ക് ഉയർത്താനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം എന്നാണ് സൂചിക വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഏറെയാണെന്ന് വിപണി വിദഗ്ധർ പറയുന്നു.

പലിശ നിരക്ക് കൂട്ടിയാൽ യു.എസ് ഡോളറിൻ്റെ മൂല്യം ഉയരും. ഇപ്പോൾ തന്നെ 10 വർഷത്തെ യു.എസ് ട്രഷറി ബോണ്ട് 0.09 ശതമാനം ഉയർന്ന് 4.97 ശതമാനത്തിലെത്തി നിൽക്കുകയാണ്. 2023 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. 30 വർഷത്തെ ട്രഷറി യീൽഡ് ആകട്ടെ 4.5 ശതമാനം കടന്നു. അതേസമയം നിരക്ക് കൂട്ടുമ്പോൾ പലിശ നൽകുന്ന സർക്കാർ ബോണ്ടുകളിലേക്ക് നിക്ഷേപകർ തിരിയും. സ്വാഭാവികമായും പലിശ നൽകാത്ത സ്വർണത്തെ അവർ ഉപേക്ഷിക്കും. അങ്ങനെ വന്നാൽ സ്വർണത്തിൻ്റെ ഡിമാൻ്റ് കുത്തനെ ഇടിയുകയും വില കുറയാൻ കാരണമാകുകയും ചെയ്യും.അത്തരമൊരു സാഹചര്യത്തിൽ ആഗോള വിപണിയിൽ 4000 ഡോളറിന് താഴേക്ക് വരെ സ്വർണ വില എത്താനുള്ള സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 4000 ഡോളറിന് താഴേക്ക് സ്വർണം പോയാൽ കേരളത്തിലും സ്വർണ വില ഇടിയും. പവൻ വില 1.05 ലക്ഷത്തിലേക്ക് എത്തും. ഔണ്‍സ് വില 3300 ഡോളർ വരെ താഴ്ന്നേക്കുമെന്നുള്ള പ്രവചനങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് പതിക്കും.

അമിത പ്രതീക്ഷ വേണ്ട

പലിശ നിരക്ക് ഉയർന്നാൽ സ്വർണ വില കുറയുമെങ്കിലും അതൊരിക്കലും ദീർഘകാലത്തേക്കായിരിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സ്വാഭാവികമായും വില കുറയുമെങ്കിലും ആ തിരുത്തൽ താത്കാലികം മാത്രമായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പ്രധാന ഘടകങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒന്ന് പ്രതിസന്ധി കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമാണെന്നത് തന്നെ. അതിനാൽ സ്വർണ വില കുറയുമ്പോൾ നിക്ഷേകർ സ്വർണം കൂടുതലായി വാങ്ങും. 'ഡിപ് ബൈയിങ്' കൂടുമ്പോൾ ഡിമാൻ്റ് ഉയരുകയും വില വർധിക്കുകയും ചെയ്യും. മറ്റൊന്ന് കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകളാണ്. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ചൈന, പോളണ്ട് പോലുള്ള രാജ്യങ്ങളാണ് ഇതിന് മുൻപിൽ. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുമ്പോൾ ഡിമാൻ്റ് ഉയരുന്നതും വില വർധിക്കാൻ കാരണമാകും.

അതിനാൽ ഈ വർഷം അവസാനത്തോടെ തന്നെ സ്വർണം വീണ്ടും കുതിക്കും. 4900 ഡോളർ വരെ ഔണ്‍സിന് ഉയരുമെന്നാണ് ഗോൾഡ്മാൻ സാച്ചസ് പോലുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതായത് കേരളത്തിൽ പവൻ വില 1.30 ലക്ഷത്തിന് മുകളിലേക്ക് എത്തുമെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+