സ്വർണവില തിരിച്ചുകയറുന്നില്ല..ഇതെന്ത് പറ്റി?; ഇന്നത്തെ ഒരു പവൻ വില അറിയാം, ഇനിയും താഴേക്കോ?
ആഭരണപ്രേമികളുടെ സന്തോഷം ഇരട്ടിപ്പിച്ച് സ്വർണവില താഴേക്ക് തന്നെ. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില നേരിയ തോതിൽ ഉയർന്നെങ്കിലും കേരളത്തിലെ വിലയിൽ മാറ്റമില്ല. 22 കാരറ്റിന് ഗ്രാമിന് 13,515 രൂപയാണ് ഇന്നും വില.
ആഗോള വിപണിയിൽ ഇന്നലത്തെ അപേക്ഷിച്ച് ഔണ്‍സ് വിലയിൽ 75 ഡോളറിൻ്റെ വർധനവ് രേഖപ്പെടുത്തി. 4162 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡ് വില താഴ്ന്നതും യുഎസ് ഡോളർ സൂചിക മങ്ങിയതുമാണ് വിലയെ മുകളിലേക്ക് നയിച്ചത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 108 ഡോളറിന് മുകളിലുണ്ടായിരുന്ന എണ്ണ ബാരലിന് 105.8 ഡോളറിലേക്കാണ് താഴ്ന്നത്. അമേരിക്കൻ ക്രൂഡ് വില 98 ൽ നിന്നും 97.43 ഡോളറും ആയി.

എണ്ണ വില കുറഞ്ഞതോടെ യുഎസ് ഡോളർ സൂചിക താഴ്ന്നു. 0.53 ശതമാനത്തിൻ്റെ വീഴ്ചയാണ് രേഖപ്പെടുത്തിയത്. യുഎസ് ബോണ്ട് യീൽഡുകളും ഇതോടെ കിതച്ചു. രാജ്യാന്തര വിപണിയിലെ ഇത്തരം ചലനങ്ങൾ കേരളത്തിലെ വിലയെ സ്വാധീനിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ ഇന്ന് യാതൊരു മാറ്റവും വിലയിൽ രേഖപ്പെടുത്തിയിട്ടില്ല.
പവന് 1,08,120 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണവില പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണു കുറഞ്ഞത്.
ഇനി വില കൂടുമോ അതോ കുറയുമോ?
അപ്രക്ഷിത വീഴ്ചയാണ് സ്വർണത്തിന് സംഭവിക്കുന്നത്. ഈ വർഷം ജനുവരിയിൽ കേരളത്തിൽ ഒരു പവൻ വില 1.33 ലക്ഷം വരെ തൊട്ടിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ഏഴ് മാസം കൊണ്ട് 24,000 രൂപയോളമാണ് പവൻ വില ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. വില കുത്തനെ താഴേക്ക് പതിച്ച് തുടങ്ങിയതോടെ ആഭരണപ്രേമികൾ പ്രതീക്ഷയിലാണ്. ഇനിയും വില കുറയുമോയെന്നതാണ് ഇവർ ഉയർത്തുന്ന പ്രധാന ചോദ്യം.
രാജ്യാന്തര വിപണിയിൽ സ്വർണം താഴേക്ക് പോയാൽ സ്വാഭാവികമായും കേരളത്തിലും വില ഇടിയും. നിലവിലെ സാഹചര്യത്തിൽ വില കുറയുമോയെന്നത് സംബന്ധിച്ച് കൃത്യമായ പ്രവചനം നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പണപ്പെരുപ്പം കൂടിയെങ്കിലും യുഎസിൽ പലിശഭാരം കുത്തനെ കൂട്ടാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ആഗോളവിപണിയിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. ഇറാനെതിരെ കടുത്ത ആക്രമണങ്ങൾ തുടരുമെന്ന് ആവർത്തിക്കുകയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഎസിൻ്റെ കൈയ്യിലുള്ള ആണവേതരമായ ഏറ്റവും വലിയ ബോംബ് കൊണ്ട് ഇറാനെ ആക്രമിക്കും എന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരമൊരു ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഇറാനും വ്യക്തമാക്കി കഴിഞ്ഞു. യുദ്ധം കടുത്താൽ വീണ്ടും എണ്ണവില തീപിടിക്കും. ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ശക്തമാക്കും. സ്വാഭാവികമായും ഡിസംബറിൽ പലിശ നിരക്ക് ഉയർത്താൻ യുഎസ് ഫെഡ് നിർബന്ധിതരാകും.നിരക്ക് ഉയർത്തുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. ഇത് ഡിമാൻ്റ് കുറയ്ക്കുയും വില കുറയാൻ കാരണമാകുകയും ചെയ്യും.


Click it and Unblock the Notifications
