സ്വര്‍ണവില ഇന്നും താഴ്ന്നു; രൂപ കത്തിക്കയറി, പലിശ നിരക്ക് കൂട്ടിയേക്കും, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും താഴ്ന്നു. ഇന്നലെ രാവിലെയും വൈകീട്ടും വില കുറഞ്ഞിരുന്നു. ആഗോള വിപണിയില്‍ അവശ്യ വസ്തുക്കളുടെ വില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇതിന് കാരണം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ക്രൂഡ് വില ഉയര്‍ത്തുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. യുക്രൈന്‍-റഷ്യ യുദ്ധത്തേക്കാള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുകയാണ് അമേരിക്ക-ഇറാന്‍, ഹൂതി-സൗദി യുദ്ധങ്ങള്‍.
ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിച്ചു എന്നാണ് പുതിയ കണക്ക്. ആര്‍ബിഐ കഴിഞ്ഞാഴ്ച പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ പലിശ വീണ്ടും ഉയര്‍ത്തുമോ എന്നാണ് ആശങ്ക. അമേരിക്കയിലെ പണപ്പെരുപ്പ കണക്ക് നാളെ പുറത്തുവരും. അമേരിക്കയിലും പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13685 രൂപയും പവന് 109480 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11240 രൂപയും പവന് 89920 രൂപയുമാണ് നല്‍കേണ്ടത്. 14 കാരറ്റ് ഗ്രാമിന് 8760 രൂപയും പവന് 70080 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളിയുടെ ഗ്രാം വില 235 രൂപയായി കുറഞ്ഞു. ആഗോള വിപണിയിലെ സ്വര്‍ണവില 4200 ഡോളറില്‍ താഴെയാണ്.
വിപണി താളംതെറ്റിയത് ഇങ്ങനെ
ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 105 ഡോളര്‍ ആയിട്ടുണ്ട്. ഇതോടെ ഡോളര്‍ സൂചികയും ഉയര്‍ന്ന് നില്‍ക്കുകയാണ്. പുതിയ സൂചിക 102ന് മുകളിലാണ്. ഈ വേളയില്‍ രൂപ തകര്‍ന്നടിഞ്ഞിരുന്നു. രൂപയെ രക്ഷപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ചില ക്രമീകരണങ്ങള്‍ വരുത്തിയത് ഓഹരി വിപണിയെ തളര്‍ത്തി. എന്നാല്‍ രൂപ നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ നിരക്ക് 95.20 എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ലോക വിപണി തകിടംമറിഞ്ഞത്. എണ്ണവില കൂടി, പണപ്പെരുപ്പം വര്‍ധിച്ചു. പലിശ നിരക്ക് ഉയര്‍ന്നു, ആഗോള വ്യാപാര സഞ്ചാരം തടയപ്പെട്ടു. നിരവധി കമ്പനികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. പലര്‍ക്കും ജോലി പോയി. വിമാന ഗതാഗതം തടസപ്പെട്ടു. വാഹന വിപണി നഷ്ടത്തിലായി. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതുവരെ യുദ്ധം അവസാനിക്കുമെന്ന സൂചന ഇല്ല.
പശ്ചിമേഷ്യയിലെ യുദ്ധം മറ്റൊരു ഭാഗത്തേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. സൗദിയും യമനിലെ ഹൂതികളുമാണ് പുതിയ പോര്. ഇത് സൗദിയെയും ജിസിസി രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. മേഖല സുരക്ഷിതമല്ലെങ്കില്‍ ഇന്ധന വില കുതിക്കും. ഇത് എല്ലാ രാജ്യങ്ങളെയും ബാധിക്കും. വിപണി അസ്ഥിരമായി നില്‍ക്കുന്നത് കൊണ്ടാണ് സ്വര്‍ണവിലയില്‍ അടിക്കടി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്.


Click it and Unblock the Notifications
