സ്വർണവിലയിൽ 24,000ത്തിന് മുകളിൽ ഇടിവ്: ഇപ്പോൾ എങ്ങനെ സ്വർണം വാങ്ങണം? വിദഗ്ധർ പറയുന്നത്
ആഘോഷ അവസരങ്ങൾ അടുത്തതോടെ സ്വർണം വാങ്ങാനുള്ള തിരക്കിലാണ് ആഭരണപ്രേമികൾ. വില ഉയർന്നതോടെ സ്വർണാഭാരണം മാത്രമല്ല ആളുകൾ വാങ്ങുന്നത്. സ്വർണനാണയങ്ങളും ബാറുകളും ഉപഭോക്താക്കൾ സ്വന്തമാക്കുന്നുണ്ട്. ഗോൾഡ് ഇടിഎഫിനോടും താത്പര്യം ഏറിവരികയാണ്.
വില ഇപ്പോൾ താരതമ്യേന കുറഞ്ഞ് നിൽക്കുകയാണ് ഇപ്പോൾ. ഈ വർഷം ജനുവരിയിലെ വിലയിൽ നിന്നും ഏകദേശം 24,000 രൂപയോളമാണ് ഇടിഞ്ഞത്. ഈ സമയത്ത് യഥാർത്ഥത്തിൽ സ്വർണം വാങ്ങേണ്ടത് എങ്ങനെയാണ്? വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതും ഒരു നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ടോ? ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ഫിൻസേഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും സിഇഒയുമായ മൃണാൾ അഗർവാൾ. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

സ്വർണാഭരണങ്ങൾ വാങ്ങണോ?
പാരമ്പര്യമായി സ്വർണാഭരണങ്ങൾ വാങ്ങുന്ന പതിവ് മലയാളികൾക്ക് ഉണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ പ്രധാനമായും നഷ്ടം നേരിടുന്നത് പണിക്കൂലിയിലാണ്. അതായത് 25 മുതൽ 30 ശതമാനം വരെ നഷ്ടമാണ് പണിക്കൂലി ഇനത്തിൽ ഉപഭോക്താവിന് സംഭവിക്കുന്നത്. അതായത് 100 രൂപയുടെ സ്വർണം വാങ്ങുമ്പോൾ 70 രൂപയുടെ സ്വർണം മാത്രമാണ് ലഭിക്കുന്നത്. ബാക്കി പണിക്കൂലി ഇനത്തിൽ നഷ്ടമാകുമെന്ന് സാരം. വിൽക്കുമ്പോഴും കനത്ത നഷ്ടം നേരിടേണ്ടി വരും. കാരണം പണിക്കൂലി നൽകിയ തുക തിരികെ കിട്ടില്ല.
എന്നുവെച്ച് സ്വർണാഭരണം വാങ്ങിക്കാതിരിക്കണമെന്നല്ല. വാങ്ങുന്നുണ്ടെങ്കിൽ അത് അണിയാൻ കൂടി ഉതകുന്നതായിരിക്കണം. അതിൽ നഷ്ടം കണക്കാക്കേണ്ട എന്നാണ് അഗർവാൾ പറയന്നത്. അതേസമയം വാങ്ങുന്നതിന് മുൻപ് പണിക്കൂലി, നഷ്ടം, ജ്വല്ലറിയുടെ ബൈബാക്ക് പോളിസി, വിൽക്കുമ്പോക്ഷ സംഭവിക്കാനിടയുള്ള നഷ്ടം ഇതിനെക്കുറിച്ചൊക്കെ കൃത്യമായ ധാരണ വേണം. വ്യക്തിപരമായ ആവശ്യങ്ങൾക്കപ്പുറം നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ ആഭരണത്തിന് പകരം സ്വർണം മറ്റ് രൂപത്തിൽ വാങ്ങുന്നതാണ് ഉചിതമെന്നും അർഗവാൾ ചൂണ്ടിക്കാട്ടി.
സ്വർണ നാണയങ്ങളും സ്വർണക്കട്ടികളും
സ്വർണാഭാരണം വാങ്ങുന്നില്ലെങ്കിൽ നിക്ഷേപ ലക്ഷ്യത്തോടെ നാണയങ്ങളും സ്വർണക്കട്ടികളും വാങ്ങാം. ഇവർ വാങ്ങുമ്പോൾ പണിക്കൂലിയിനത്തിലുള്ള നഷ്ടം ഉണ്ടാകുന്നില്ല. അതുപോലെ തന്നെ വിൽക്കുമ്പോഴും ഭീമമായ നഷ്ടം സംഭവിക്കില്ല. എന്നാൽ ഭൌതിക സ്വർണമാണ്, ഇതെവിടെ സുരക്ഷിതമായി സൂക്ഷിക്കുമെന്നതാണ് പ്രതിസന്ധി.
സ്വർണം ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളായി സൂക്ഷിക്കുന്നതിനെ കുറിച്ചും അവർ വിശദീകരിച്ചു. കൈയ്യിലുള്ള സ്വർണം ഇജിആർ ആക്കി മാറ്റണമെങ്കിൽ ആദ്യം ഇവ ഉരുക്കി സ്വർണ ബാറുകളാക്കണം. അതിനുശേഷം ഇത് വോൾട്ടിൽ നിക്ഷേപിക്കണം. വോൾട്ട് ചാർജും അതുമായി ബന്ധപ്പെട്ട മറ്റ് നിരക്കുകളും ചെലവേറിയതാണ്.
ഗോൾഡ് ഇടിഎഫ്
നിക്ഷേപത്തിനായി സ്വർണം വാങ്ങാൻ താൽപര്യമുള്ളവർക്ക് ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ഗോൾഡ് ഇടിഫുകളാണ്. വെറും 12 രൂപ മുതൽ ഗോൾഡ് ഇടിഎഫുകൾ ലഭിക്കും. പണിക്കൂലിയോ മറ്റ് നഷ്ടങ്ങളോ സൂക്ഷിച്ച് വെയ്ക്കേണ്ടത് സംബന്ധിച്ച ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഗോൾഡ് ഇടിഎഫുകൾക്കില്ല. വാങ്ങുമ്പോൾ മികച്ച ഇടപാടുകൾ നടക്കുന്ന ഇടിഎഫാണെന്ന് മാത്രം ഉറപ്പിച്ചാൽ മതി.
ജ്വല്ലറിയാണോ നാണയങ്ങളാണോ അതോ ഗോൾഡ് ഇടിഎഫുകളാണോ നല്ലത്?
നിങ്ങളുടെ ആവശ്യം എന്താണ് അതിനനുസരിച്ചായിരിക്കണം ഇവ തിരഞ്ഞെടുക്കേണ്ടത്. പണിക്കൂലി നഷ്ടമാണെങ്കിലും അണിഞ്ഞൊരുങ്ങി നടക്കണമെന്നതാണെങ്കിൽ ധൈര്യമായി സ്വർണാഭരണം വാങ്ങാം. ഇനി സൂക്ഷിച്ച് വെയ്ക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ബുദ്ധിമുട്ടില്ലെങ്കിൽ സ്വർണമാണയങ്ങളോ ബാറുകളോ തിരഞ്ഞെടുക്കാം. അതല്ല ഈ തലവേദനകളൊന്നും വേണ്ടെങ്കിൽ ഓഹരി പോലെ എക്സ്ചേഞ്ച് വഴി വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന സ്വർണ ഇടിഎഫ് സ്വന്തമാക്കാം.


Click it and Unblock the Notifications
