സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ?
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വൈകീട്ടോടെ വില ആയിരത്തിലധികം രൂപ കുറഞ്ഞു. ഇന്ന് രണ്ടാം തവണയാണ് സ്വർണ വില കുറയുന്നത്. അന്തരാഷ്ട്ര വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് കേരളത്തിലും വില ഇടിയാൻ കാരണമായത്.
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില 5400 ഡോളറിന് മുകളിൽ ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ വില 5294 ഡോളറിലേക്ക് താഴ്ന്നു. ഇതാണ് ഇന്ന് രാവിലെ വില ഇടിയാൻ കാരണമായത്. ഇതോടെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയിലെത്തി. പവൻ 360 രൂപ താഴ്ന്ന് 1,24,680 രൂപയിലും. എന്നാൽ വൈകീട്ടോടെ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 220 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവിൽ 15365 രൂപയാണ് ഗ്രാമിന്. പവൻ വില 1760 രൂപ ഇടിഞ്ഞ് 1,22,920 രൂപയിലെത്തി.

സംഘർഷം രൂക്ഷമായാൽ സ്വാഭാവികമായും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിൻ്റെ പെരുമ ഉയരും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലയിടിവിൽ പ്രതീക്ഷ പുലർത്തേണ്ടതില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമീപ ഭാവിയിൽ തന്നെ സ്വർണ വില 5500 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്നാണ് ചിലർ പ്രവചിക്കുന്നത്. അതേസമയം സംഘർഷം തുടരുന്ന സാഹചര്യത്തിൽ വില 6000 ഡോളർ കടന്നേക്കുമെന്നാണ് ജെപി മോർഗൻ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 8500 ഡോളറും 10,000 ഡോളറും വരെ പ്രവചിക്കുന്നവരും കുറവല്ല.
കേരളത്തിലെ വിലയിൽ സംഭവിക്കുന്നത്
ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1.40 ലക്ഷമെങ്കിലും നൽകേണ്ടി വരും. വില 6000-8000 ഡോളർ വരെ ഉയർന്നാൽ പവൻ വില മാത്രം 1.80 ലക്ഷത്തിലേക്ക് അടുക്കും. അതായത് നികുതിയും പണിക്കൂലിയുമെല്ലാം ചേർത്ത് വാങ്ങാൻ രണ്ട് ലക്ഷം രൂപ വരെ നൽകേണ്ടി വരും. ഇനി കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് നോക്കുന്നതെങ്കിലും കൂടുതൽ തുക പണിക്കൂലിയായും നൽകേണ്ടി വരും. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ നിക്ഷേപയോഗ്യമല്ല. അതിനാൽ ഇത്ര ഉയർന്ന തുക കൊടുത്ത് കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാകുമോയെന്നതാണ് മറ്റൊരു ചോദ്യം.
വില കുറയുമെന്ന്
ഈ ശുഭകരമായ കാഴ്ചപ്പാടുകൾക്കിടയിലും, രാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കുകയോ അമിത നിക്ഷേപം പിൻവലിക്കുകയോ ചെയ്താൽ വിലയിൽ തിരുത്തലുകൾക്ക് സാധ്യതയുണ്ടെന്ന് ചില അനലിസ്റ്റുകൾ പറയുന്നുണ്ട്. എന്നാൽ, സെൻട്രൽ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള ഡിമാൻഡ് ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് അനുകൂലമായിരിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ സ്വർണത്തിൻ്റെ വില ഉടൻ കുറയണമെങ്കിൽ രാജ്യാന്തര തലത്തിൽ ലാഭമെടുപ്പ് ശക്തമാകണം. അങ്ങനെയാണെങ്കിൽ തന്നേയും കേരളത്തിൽ ഒരു പവൻ വില 1 ലക്ഷത്തിൽ താഴേക്ക് പോകുമോയെന്നതാണ് ചോദ്യം. സമീപഭാവിയിൽ അത്തരമൊരു പ്രതീക്ഷ വേണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications