സ്വര്‍ണവില കുറയും; പക്ഷേ ഈ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം, പവന്‍ വില 95000ത്തിന് തൊട്ടടുത്ത്
കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു. 94920 രൂപയാണ് പുതിയ പവന്‍ നിരക്ക്. രാവിലെ 400 രൂപ വര്‍ധിച്ച പിന്നാലെ ഉച്ചയ്ക്ക് ശേഷവും 400 രൂപ വര്‍ധിച്ചാണ് ഈ വിലയിലെത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് കരുതുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 4200 ഡോളറിലെത്തി.
ആഗോള വിപണിയിലും കേരള വിപണിയിലും സ്വര്‍ണത്തിന് ചരിത്ര വിലയാണ് ഇന്ന്. ഈ വര്‍ഷം 60 ശതമാനം സ്വര്‍ണവില വര്‍ധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മൂന്ന് നേരം വിലയില്‍ മാറ്റമുണ്ടായ പിന്നാലെയാണ് ഇന്ന് രണ്ട് നേരം വില മാറിയത്. എന്നാല്‍ സ്വര്‍ണവില കുറയുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വേഗത്തില്‍ കുറയണം എങ്കില്‍ ചില മാറ്റങ്ങള്‍ സംഭവിക്കണം...

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരം പ്രചരിക്കുന്നുണ്ട്. ഇത് നിക്ഷേപകരില്‍ ആശങ്ക പരത്തുന്ന ഘടകമാണ്. കാരണം, പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറയും. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങുകയാണിപ്പോള്‍. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണവില കൂടും എന്നത് സ്വാഭാവികം.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പോര് വീണ്ടും ശക്തിപ്പെടുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതും നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നു. വ്യാപാര തര്‍ക്കമുണ്ടാകുമ്പോള്‍ വ്യാപാരവും ബിസിനസും ഭംഗിയായി നടക്കില്ലെന്ന് മാത്രമല്ല നഷ്ടം നേരിടകയും ചെയ്യും. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഇവരും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.
ഈ വെല്ലുവിളി അറിയണം
ഈ രണ്ട് കാര്യത്തിലും മാറ്റം വന്നാല്‍ മാത്രമേ സ്വര്‍ണത്തിനുള്ള ആവശ്യം കുറയുകയുള്ളൂ. ആവശ്യക്കാര്‍ കുറയുമ്പോള്‍ സ്വാഭാവികമായും വില കുറയും. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഈ രണ്ട് മാറ്റങ്ങളും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണാണ്. ഡീ ഡോളറൈസേഷന്‍ വികാരം ശക്തിപ്പെടുന്നത് ഡോളറിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്.
മുമ്പ് കരുതല്‍ ധനമായി ഓരോ രാജ്യവും ഡോളര്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണമാണ് എല്ലാ രാജ്യങ്ങളും വാങ്ങി സൂക്ഷിക്കുന്നത്. ഇതോടെ ഡോളറിന് ആവശ്യം കുറയുകയും സ്വര്‍ണത്തിന് ആവശ്യം കൂടുകയും ചെയ്തു. പല രാജ്യങ്ങളും ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്നുണ്ട്. എങ്കിലും ലോകത്തെ മൊത്തം കരുതല്‍ ധനത്തിന്റെ കണക്ക് എടുത്താല്‍ ഡോളര്‍ തന്നെയാണ് മുന്നില്‍.
ഇന്ന് കേരളത്തിലെ സ്വര്‍ണവില പവന് 94920 രൂപയാണ്. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ വില 86560 രൂപയായിരുന്നു. അതായത്, 12 ദിവസത്തിനിടെ സ്വര്‍ണവില 8360 രൂപ വര്‍ധിച്ചു. കഴിഞ്ഞ മാസം 9000 രൂപയാണ് വര്‍ധിച്ചിരുന്നത്. ഇങ്ങനെ പോയാല്‍ വൈകാതെ 1.25 ലക്ഷം രൂപയാകുമെന്ന് കരുതുന്നു. അതേസമയം, സംഘര്‍ഷ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം മാറിയാല്‍ സ്വര്‍ണവില കുറയും.












Click it and Unblock the Notifications