സ്വർണ വില കുറയും; വിലയിൽ 8 ശതമാനം വരെ ഇടിയും..1 ലക്ഷത്തിന് താഴേക്ക് എത്താൻ എത്രനാൾ?
ഫെബ്രുവരിയിൽ വലിയ ചാഞ്ചാട്ടങ്ങളായിരുന്നു സ്വർണ വിലയിൽ പ്രകടമായത്. ഒരു ഘട്ടത്തിൽ വില കുതിച്ചുയർന്നതോടെ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കി. പിന്നാലെ വിലയിൽ വലിയ ഇടിവും രേഖപ്പെടുത്തി. ഇത് മാർച്ചിൽ സ്വർണ വിലയിൽ കൂടുതൽ വിലയിടിവിന് കാരണമായേക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇറാൻ-ഇസ്രേയൽ സംഘർഷം ഉണ്ടാകുന്നത്. ഖാനഇയിയുടെ വധത്തോടെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇതോടെ സ്വർണവും വെള്ളിയും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘർഷം ഉടനൊന്നും അവസാനിക്കില്ലെന്നാണ് ആവർത്തിക്കുന്നത്. യു.എസ്. സൈന്യത്തിന്റെ ഏറ്റവും കഠിനമായ പ്രഹരങ്ങൾ ഇനിയും വരാനിരിക്കുന്നേയുള്ളൂവെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്. ആഗോള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ ഹ്രസ്വകാലയളവിൽ സ്വർണ്ണ-വെള്ളി വിലകൾ ശക്തമായി തന്നെ നിലകൊള്ളാനാണ് സാധ്യതയെന്നാണ് കോട്ടക് മഹീന്ദ്ര എ.എം.സി. ഫണ്ട് മാനേജർ സതീഷ് ദൊണ്ടപതിയെ ഉദ്ധരിച്ച് ദി മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത് . എന്നാൽ, സ്ഥിതിഗതികൾ ശാന്തമായാൽ ലാഭമെടുക്കുന്നതിനോ താൽക്കാലിക തിരുത്തലിനോ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു നയതന്ത്രപരമായ മുന്നേറ്റമുണ്ടായാൽ സ്വർണ്ണ-വെള്ളി വിലകളിൽ 3-8% വരെ കുത്തനെയുള്ള തിരുത്തൽ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസ്-ഇറാൻ സംഘർഷം ലഘൂകരിച്ചാൽ സുരക്ഷിത നിക്ഷേപ പെരുമ ഇടിയാൻ സാധ്യതയുണ്ടെന്നാണ് ഐ.എൻ.വി. അസെറ്റ് പി.എം.എസ്. ബിസിനസ് ഹെഡ് ഹർഷൽ ദാസാനിയും പറയുന്നത്. ഇത് സ്വർണ്ണത്തിന് 3-5% ഇടിവിന് കാരണമായേക്കും. എന്നാൽ, ഈ സംഘർഷം ലോഹങ്ങളുടെ ഘടനാപരമായ ഗതിയെ മാറ്റാൻ സാധ്യതയില്ലെന്ന് ഹർഷൽ ദാസാനി ചൂണ്ടിക്കാട്ടി. സ്വർണ്ണവും വെള്ളിയും യുദ്ധം കാരണം മാത്രമല്ല കുതിച്ചുയരുന്നത്. ഈ സംഘർഷം സ്വർണത്തിൻ്റെ വില ഉയരാനുള്ള ഇപ്പോഴത്തെ ഒരു പ്രധാനകാരണം ആണെന്നത് വസ്തുതയാണ്. എന്നാൽ സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, ഡോളറൈസേഷൻ വിരുദ്ധ പ്രവണതകൾ, പ്രമുഖ സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക വിപുലീകരണം, നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ ഭിന്നതകൾ എന്നിവയെല്ലാമാണ് അടിസ്ഥാനപരമായി സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
അതേസമയം സംഘർഷം കൂടുതൽ വഷളായാൽ സ്വർണവില 10 ഗ്രാമിന് 1,70,000 രൂപയും വെള്ളിക്ക് കിലോയ്ക്ക് 3,00,000 രൂപയും രേഖപ്പെടുത്തിയേക്കാമെന്നാണ് ലെമൺ മാർക്കറ്റ്സ് ഡെസ്കിലെ റിസർച്ച് അനലിസ്റ്റ് ഗൗരവ് ഗാർഗ് പറയുന്നത്. എന്നാൽ ഹ്രസ്വകാലയളവിൽ 3-6% കുതിച്ചുചാട്ടം കണ്ട സാഹചര്യത്തിൽ, ഏതൊരു നയതന്ത്രപരമായ മുന്നേറ്റവും കടുത്ത ലാഭമെടുക്കലിന് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു.എസ്. ഡോളർ സ്വർണവിലയുടെ മുന്നേറ്റത്തെ തടഞ്ഞുനിർത്തുന്ന മറ്റൊരു ഘടകമാണ്. ശക്തമായ ഡിമാൻഡും ജാഗ്രതയുള്ള വിപണി മനോഭാവവും കാരണം ഡോളർ അഞ്ചാഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്താണ്. ഡോളർ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിൽ സ്വർണത്തിന് സമ്മർദ്ദം നേരിടേണ്ടി വന്നേക്കും എന്നാണ് ദൊണ്ടപതി പറയുന്നത്. ആഗോള നിക്ഷേപകർ സ്വർണ്ണത്തിലേക്ക് നടത്തുന്ന നിക്ഷേപം ഇപ്പോഴും വളരെ കുറവാണെന്നും (മൊത്തം സാമ്പത്തിക ആസ്തികളുടെ 2-3% മാത്രം) ദൊണ്ടപതി പറയുന്നു. എന്നാൽ ഇടത്തരം മുതൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിന് ബുള്ളിഷ് കാഴ്ചപ്പാട് നിലനിൽക്കുന്നതിനാൽ, ഉയർന്ന തോതിലുള്ള നിക്ഷേപങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിൽ എത്ര കുറയും
രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 5,360 ഡോളറാണ് വില. 8 ശതമാനം വരെ വിലയിടിയുന്ന സാഹചര്യം ഉണ്ടായാൽ കേരളത്തിൽ ഒരു പവൻ വില 1,14,080 രൂപവരെ ആയേക്കാം. അതേസമയം സംഘർഷം രൂക്ഷമായാൽ പൊന്ന് കുതിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications