സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും തകർന്ന് താഴേക്ക്; പവൻ വിലയിൽ 30000 രൂപ വരെ ഇടിയുമോ? ഇനിയെന്ത്?
സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷവും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിൽ വില കുത്തനെ താഴ്ന്നതോടെയാണഅ കേരളത്തിലും വില കുറഞ്ഞത്. നിലവിൽ 4,952 ഡോളറിന് താഴെയാണ് രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണ വിലയിൽ വലിയ ഇടിവിനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാവിലെ കേരളത്തിൽ ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 14,200 രൂപയായിരുന്നു. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയിലും എത്തി. ഉച്ചയോടെ ഗ്രാം വിലയിൽ വീണ്ടും 65 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവൻ വില 520 രൂപ കുറഞ്ഞ് 1,13,080 രൂപയായി. അതായത് രണ്ട് ദിവസത്തിനിടെ 2600 രൂപയുടെ ഇടിവ്.

ആഗോള വിപണിയിൽ യുഎസ് ഡോളറിൻ്റെ വിനിമയ നിരക്ക് ശക്തിപ്പെട്ടതാണ് സ്വർണവില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സ്വർണത്തിൻ്റെ ആഗോള വില അമേരിക്കൻ ഡോളറിലാണ് കണക്കാക്കുന്നത്. ഡോളർ യൂറോ, യെൻ, ഇന്ത്യൻ രൂപ തുടങ്ങിയ മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഡോളർ ശക്തിപ്പെടുമ്പോൾ, യുഎസിന് പുറത്തുള്ള വാങ്ങുന്നവർക്ക് സ്വർണം ചെലവേറും. ഇത് വാങ്ങാനുള്ള താല്പര്യം കുറയ്ക്കും. സ്വാഭാവികമായും വിലയിടിയും.
ഇന്ന് ഡോളർ ഏകദേശം 0.2% ആണ് ഉയർന്നത്. ഡോളർ ശക്തമായിരിക്കുമ്പോൾ നിക്ഷേപകർക്ക് സ്വർണത്തോടുള്ള താത്പര്യവും കുറയും. ഇതും മഞ്ഞലോഹത്തിന് തിരിച്ചടിയായി. നിക്ഷേപകർക്കിടയിലെ 'ലാഭമെടുപ്പ്' ആണ് സ്വർണ്ണവില കുറയാനുള്ള മറ്റൊരു നിർണായക കാരണം. അടുത്തിടെ സ്വർണ്ണത്തിൽ നിന്ന് നല്ല ലാഭം ഉണ്ടാക്കിയ ധാരാളം നിക്ഷേപകർ, വില കുറയുമോ എന്ന ഭയം കാരണം തങ്ങളുടെ കൈവശമുള്ള സ്വർണ്ണം വിറ്റ് ലാഭമെടുക്കുകയാണ്.
ഈ വർഷം ആദ്യം പണപ്പെരുപ്പം കുറഞ്ഞതും ആഗോള അനിശ്ചിതത്വങ്ങളും കാരണം സ്വർണം മികച്ച മുന്നേറ്റമാണ് നടത്തിയത്. അതുകൊണ്ട് തന്നെ നിക്ഷേപകർ വലിയ അളവിൽ സ്വർണം വാങ്ങിയിരുന്നു. എന്നാൽ ഒരു ഔൺസിന് 5,000 ഡോളറിന് താഴേക്ക് വില ഇടിഞ്ഞതോടെ ചില വ്യാപാരികൾ ലാഭമെടുത്തു. ചെറിയ വിൽപ്പന പോലും വിലയിടിവിന് കാരണമായി.
ചൈനീസ് പുതുവർഷ ആഘോഷങ്ങൾ കാരണം സ്വർണ വ്യാപാരമില്ലാത്തതും വിലയിടിവിന് കാരണമായി. ചൈനീസ് ചാന്ദ്ര പുതുവർഷത്തിന് ഇന്ന് മുതലാണ് തുടക്കമായത്. ഇത് ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വലിയൊരു അവധിക്കാലമാണ്. മെയിൻലാൻഡ് ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ, തായ്‌വാൻ, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ വിപണികൾ ഈ ആഴ്ച, ചിലപ്പോൾ ഫെബ്രുവരി 23 വരെ അടച്ചിടും. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ചൈന. ആഭരണങ്ങൾ, നിക്ഷേപം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ചൈനീസ് ഡിമാൻഡ് നിർണ്ണായകമാണ്. അവിടുത്തെ വിപണികൾ അടഞ്ഞുകിടക്കുമ്പോൾ, ആഗോള സ്വർണ്ണ ഡിമാൻഡ് താൽക്കാലികമായി ഗണ്യമായി കുറയും.
80000ത്തിലേക്ക് വില വീഴുമോ?
സ്വർണവില തുടർച്ചയായി കുറയുന്നതിൻ്റെ ആവേശത്തിലാണ് ആഭരണപ്രേമികൾ. ഇനിയും വില കുറയുമോയെന്നാണ് ഇവർ ഉറ്റുനോക്കുന്നത്. വില കുറയാനും കൂടാനും സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ശക്തമാണ്. ആഗോള സാഹചര്യങ്ങൾ ഇപ്പോഴും സ്വർണത്തിന് അനുകൂലമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ താത്കാലിക ഇടിവിൽ പ്രതീക്ഷ പുലർത്തേണ്ടെന്നും ഏത് സാഹചര്യത്തിലും വില കുതിക്കാമെന്നും ഇവർ പറയുന്നു. അതേസമയം അപ്രതീക്ഷിത സംഭവങ്ങൾ ഉരിത്തിരിഞ്ഞ് വന്നില്ലെങ്കിലും വില കുറയാമെന്നാണ് ചിലരുടെ വാദം. എന്നാൽ അതൊരിക്കലും 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യതയാണ് കാണേണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications