സ്വർണത്തിന്റെ വില കുറയ്ക്കുന്ന ഒറ്റമൂലി, പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോകും, ഉറപ്പെന്ന് സാമ്പത്തിക വിദഗ്ധ
സ്വർണവില സംബന്ധിച്ച് കാര്യങ്ങൾ ഇപ്പോൾ പ്രവചനാതീതമാണെന്ന് പറയേണ്ടി വരും. ഒരു ദിവസം തന്നെ പലതവണ സ്വർണവില കൂടുകയും കുറയുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്വർണ വിപണിയേയും ബാധിച്ചിട്ടുണ്ട്.
സ്വർണവില ഇപ്പോൾ 1,16920 രൂപയിലേക്ക് എത്തി നിൽക്കുകയാണ്. ചില കാര്യങ്ങൾ സംഭവിച്ചാൽ സ്വർണവില 1 ലക്ഷത്തിനും താഴേക്ക് പോകും എന്ന് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് പറയുന്നു.
ഡോ. മേരി ജോർജിന്റെ വാക്കുകൾ: '' ഒരു വര്‍ഷമായി നമ്മള്‍ ഉറ്റ് നോക്കിക്കൊണ്ടിരുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. കയറ്റുമതി ചുങ്കം 18 ശതമാനത്തിലേക്ക് ആക്കി. അതിന്റെ പ്രതിഫലനം ഉണ്ടാകും. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ശരാശരിയിലും താണത് ആയിരുന്നു. അന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റ് വീണു. ഇന്ന് സെന്‍സെക്‌സ് 272.67 പോയിന്റ് ഉയര്‍ന്നു. നെഗറ്റീവായ നിഫ്റ്റിയും ഉയര്‍ന്നു.

അതാണ് ഈ വ്യാപാരക്കരാറിന്റെ പ്രസക്തി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ അത് പോസിറ്റീവ് എനര്‍ജിയാകും. സ്വര്‍ണ-വജ്ര വ്യാപാര മേഖലയില്‍ അടക്കം വലിയ മാറ്റമുണ്ടാക്കും. അമേരിക്കയാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. അവര്‍ക്കാണ് ഏറ്റവും വാങ്ങല്‍ ശേഷി ഉളളതും.
വ്യാപാര മേഖലയിലും സ്റ്റോക്ക് മാര്‍ക്കറ്റിലും കുതിപ്പ് ഉണ്ടാകാന്‍ പോകുന്നു. നിക്ഷേപത്തിനുളള ഏറ്റവും നല്ല മാര്‍ഗമായി ഓഹരി വിപണി മാറുന്നു, സ്വര്‍ണം അല്ല. അതുകൊണ്ടാണ് 1.35 ലക്ഷത്തിലേക്ക് എത്തിയ സ്വര്‍ണവില 1.15ലേക്ക് കുറഞ്ഞത്. ഇന്ത്യന്‍ രൂപ ഇപ്പോള്‍ 90ലേക്ക് മൂല്യം വന്നിരിക്കുന്നു. അതിന് അര്‍ത്ഥം സ്വര്‍ണത്തിന്റെ വില കുറയുന്നു എന്നാണ്.
ഈ വ്യാപാരക്കരാര്‍ ആണ് ഒരു ഒറ്റമൂലിയായി സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം കുറച്ച് വിലക്കുറവിലേക്ക് എത്തിച്ചിരിക്കുന്നത്. ഇനി വ്യാപാരക്കരാര്‍ പൂര്‍ത്തിയാകുകയും, പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുകയും ചെയ്യുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്നതില്‍ സംശയമില്ല.
പക്ഷേ ഇറാനും അമേരിക്കയും തമ്മില്‍ അത്ര സന്തോഷത്തിലല്ല ഇപ്പോഴും പോകുന്നത്. അത് സമവായത്തില്‍ എത്തിയില്ലെങ്കില്‍, ആക്രമണം ഉണ്ടായാല്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഒന്നര ലക്ഷത്തിലേക്കൊക്കെ എത്തിക്കൂടായ്കയില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ കരാര്‍ ഒപ്പിട്ടാല്‍ ഊഹക്കച്ചവടത്തിന്റെ പകുതി മുന ഒടിഞ്ഞു. ബാക്കി പശ്ചിമേഷ്യയിലെ സമാധാനം ആശ്രയിച്ചിരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പക്ഷം സ്വര്‍ണവില വര്‍ധിക്കാം. 50 ശതമാനമാണ് അതിനുളള സാധ്യത.












Click it and Unblock the Notifications