സ്വര്‍ണവില കുറഞ്ഞു; 7645 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, യുഎഇയും തുടങ്ങിയത് ഇതേ സ്വര്‍ണം, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി വില കൂടി വരികയായിരുന്നു. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് അല്‍പ്പം താഴുകയാണ് ഇന്ന് ചെയ്തിരിക്കുന്നത്. ഇന്നത്തെ വിലക്കുറവ് കാര്യമാക്കേണ്ടതില്ല. വരും ദിവസങ്ങളില്‍ വില കൂടാന്‍ സാധ്യതയുണ്ട്. കാരണം രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്.
അമേരിക്കന്‍ ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുമില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 63 ഡോളര്‍ എന്ന നിരക്കില്‍ തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ മാസം പത്തിന് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കും പലിശ കുറച്ചേക്കും. ഇതെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമാകുന്ന കാര്യങ്ങളാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 200 രൂപ മാത്രമാണ് കുറഞ്ഞത്. 95480 രൂപയാണ് ഇന്നത്തെ പവന്‍ നിരക്ക്. ഗ്രാമിന് 11935 രൂപയും. അതേസമയം, 18 കാരറ്റ് ഗ്രാമിന് 9815 രൂപയും പവന് 78520 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7645 രൂപയും പവന് 61160 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 4935 രൂപയും പവന് 39480 രൂപയുമാണ് ഇന്നത്തെ വില. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ടാക്‌സും അധികം നല്‍കണം.
14 കാരറ്റ് സ്വര്‍ണം കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി ജനപ്രിയമാണ്. സ്വര്‍ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങിയത്. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങള്‍ മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. എല്ലാ ജ്വല്ലറികളിലും കിട്ടണം എന്നുമില്ല. എങ്കിലും ബ്രാന്‍ഡഡ് ജ്വല്ലറികളില്‍ ഈ സ്വര്‍ണത്തിന് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വില കുറഞ്ഞ സ്വര്‍ണം വേണോ
കേരളത്തില്‍ ഒമ്പത് കാരറ്റും ലഭ്യമാണ് എന്നത് എടുത്തു പറയണം. യുഎഇയില്‍ ഇത്തരം സ്വര്‍ണം ലഭ്യമായിട്ടില്ല. 14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണമുണ്ടാകും. 9 കാരറ്റില്‍ 37 ശതമാനവും. ആഭരണങ്ങള്‍ മാത്രമാണ് ഇത്തരം കാരറ്റുകളില്‍ ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല. വലിയ അളവിലുള്ള ആഭരണങ്ങളും കിട്ടില്ല. മറ്റു ലോഹങ്ങളും അംശം കൂടുതലുള്ളതിനാല്‍ കരുത്ത് കൂടുതലായിരിക്കും. യുഎഇയില്‍ ഒരാഴ്ച മുമ്പാണ് ഈ സ്വര്‍ണം സജീവമായത്.
കേരളത്തില്‍ അടുത്ത കാലം വരെ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കാണ് ജനകീയതയുണ്ടായിരുന്നത്. ഈ സ്വര്‍ണത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഇന്ന് 104000 രൂപ വരെ ചെലവ് വരും. ഈ സാഹചര്യത്തിലാണ് ചെലവ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്. വിപണി സജീവമാകാന്‍ ഇത് വഴിയൊരുക്കും.
കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ മടക്കി വില്‍ക്കുന്ന വേളയിലും അതേ മൂല്യമാണ് പ്രതീക്ഷിക്കണ്ടത്. ഇത്തരം സ്വര്‍ണത്തിന് പണിക്കൂലി കൂടുതല്‍ വാങ്ങുന്നു എന്ന് ഉപഭോക്താക്കള്‍ പറയുന്നുണ്ട്. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി ഉടമകളുമായി വിലപേശാം. മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് 20 ശതമാനം പണിക്കൂലി വരെയുണ്ട്.












Click it and Unblock the Notifications