സ്വര്‍ണവില ഇടിഞ്ഞുവീണു; സ്വര്‍ണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച വലിയ വില മുന്നേറ്റം നടത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്നത്തെ അവസരം മുതലെടുക്കാം. അഡ്വാന്‍സ് ബുക്ക് ചെയ്ത് ആഭരണങ്ങള്‍ക്കുള്ള വിലക്കയറ്റ ആശങ്ക ഇല്ലാതാക്കാം. വില വര്‍ധിക്കാനുള്ള ഘടകങ്ങള്‍ വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 760 രൂപയാണ് ഉയര്‍ന്നത്. വില ഉയര്‍ന്ന ഘട്ടത്തില്‍ ആഭരണ വില്‍പ്പന കുറഞ്ഞിട്ടുണ്ട് എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ മറ്റു മാതൃകകളുടെ വില്‍പ്പന ഉയരുകയാണ്. കോയിന്‍, ബാര്‍, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയുടെ അധിക വില്‍പ്പന സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാം വില 11930 രൂപയും പവന്‍ വില 95440 രൂപയുമായി. ഈ മാസത്തെ റെക്കോര്‍ഡ് വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്നാണ് ഇപ്പോള്‍ 400 രൂപ കുറഞ്ഞത്. എന്നാല്‍ വിലക്കുറവില്‍ ആശ്വാസം വേണ്ട എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9810 രൂപയും പവന് 78480 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7640 രൂപയും പവന് 61120 രൂപയുമാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4930 രൂപയും 39440 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ ഉയരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 190 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്.
ഡോളര്‍-രൂപ മൂല്യത്തില്‍ വന്ന മാറ്റം സ്വര്‍ണവില കുറയാന്‍ കാരണമായി. ഡോളര്‍ സൂചിക 98.99 എന്ന നിരക്കിലെത്തി. അതേസമയം, 89.96 എന്ന നിരക്കിലാണ് രൂപയുള്ളത്. നേരത്തെ 99 കടന്ന് താഴോട്ട് പോയിരുന്നു. രൂപ അല്‍പ്പം കരുത്ത് കൂട്ടിയത് സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ നീക്കം വൈകാതെ സ്വര്‍ണം നേരിടാന്‍ പോകുന്നു എന്നാണ് വിവരം.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരം സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നു. ഡിസംബര്‍ പത്തിനാണ് ഫെഡ് റിസര്‍വ് തീരുമാനം പ്രഖ്യാപിക്കുക. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയും എന്നതിനാല്‍ ആളുകള്‍ കൂടുതലായി സ്വര്‍ണം വാങ്ങിക്കൂട്ടും. അത് സ്വര്‍ണവില കൂടാന്‍ കാരണമാകും.
ഡോളര്‍ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. രൂപ കരുത്ത് കുറഞ്ഞാല്‍ സ്വര്‍ണവില ഉയരും. പലിശ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിക്കുന്ന വ്യക്തി അടുത്ത ഫെഡ് ചെയര്‍മാന്‍ ആകുമെന്നാണ് മറ്റൊരു വിവരം. ട്രംപിന്റെ താല്‍പ്പര്യവും ഇതുതന്നെയാണ്. ഡിസംബര്‍ 10 വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാകുമെന്നും അതിന് ശേഷം വില കയറുമെന്നുമാണ് പ്രവചനങ്ങള്‍.












Click it and Unblock the Notifications