സ്വര്‍ണം വീണു; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര നല്‍കണം എന്ന് അറിയാം, ഡോളര്‍ തന്ന പണി
കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് കുതിപ്പ് നടത്തിയ ശേഷമാണ് ഇന്നത്തെ നേരിയ ഇടിവ്. വരുംദിവസങ്ങളില്‍ വില കൂടാനുള്ള എല്ലാ സാധ്യതകളും സാഹചര്യങ്ങളും വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ പോലെ വരും ദിവസങ്ങളിലും തുടര്‍ച്ചയായി വില ഇടിയുമെന്ന് കരുതാന്‍ വയ്യ.
ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 65800 രൂപയായിരുന്നു. ഏറ്റവും കൂടിയത് 70160 രൂപയും. അതായത്, 4400 രൂപയോളം വര്‍ധിച്ചു. ആഗോള വിപണിയില്‍ ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായിട്ടാണ് കേരളത്തില്‍ വില താഴ്ന്നത്. അറിയാം ഇന്നത്തെ വില നിലവാരം...

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8755 രൂപയിലെത്തി. പവന് 120 രൂപ താഴ്ന്ന് 70040 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 7210 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3233 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ ഇടിവുണ്ട്.
ഡോളര്‍ മൂല്യം കുറഞ്ഞതാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണമായി എടുത്തു പറയുന്നത്. അമേരിക്കയുടെ ചുങ്കപ്പോര് കാരണം ഡോളര്‍ മൂല്യം ഇടിഞ്ഞുവീണിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ നിലവരത്തിലാണ് നിലവില്‍ ഡോളര്‍. 99.60 എന്ന നിരക്കിലേക്ക് ഡോളര്‍ താഴ്ന്നത് മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി കൂട്ടി.
ഡോളറുമായി മല്‍സരിക്കുന്ന മറ്റു ആറ് കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചതോടെ അവ ഉപയോഗിച്ചുള്ള സ്വര്‍ണ ഇടപാട് കൂടിയിരിക്കുകയാണ്. ആ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നതോടെ സ്വാഭാവികമായും സ്വര്‍ണത്തിന് വില കൂടും. ചൈന നടത്തിയ ചില നീക്കങ്ങള്‍ ഡോളറിന് തിരിച്ചടിയായി എന്നും പറയപ്പെടുന്നു.
ഡോളര്‍ വാങ്ങി സൂക്ഷിക്കുന്നത് കുറയ്ക്കാന്‍ ചൈനീസ് കേന്ദ്ര ബാങ്ക് മറ്റു വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ. ഇതോടെ ഡോളറിനുള്ള ആവശ്യക്കാര്‍ കുറഞ്ഞു. മാത്രമല്ല, ചൈനീസ് കേന്ദ്രബാങ്ക് അവരുടെ കൈവശമുള്ള ഡോളര്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വലിയൊരു ഭാഗം വില്‍ക്കാന്‍ തീരുമാനിച്ചുവെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്. ഡോളറിനെ വിട്ട് പ്രാദേശിക കറന്‍സികളില്‍ വ്യാപാരം ശക്തിപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെടുന്നു.
ഇതെല്ലാം ഡോറളിന് ക്ഷീണമുണ്ടാക്കുന്ന നീക്കങ്ങളാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 86.10 ആണ്. ബ്രെന്റ് ക്രൂഡ് ഓയിലിന് 64 ഡോളറാണ്. ബിറ്റ് കോയിന്‍ വില 84000 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോള്‍ 76000 രൂപ വരെ ചെലവ് വന്നേക്കും.
വിഷു ദിനത്തില്‍ സ്വര്‍ണവില കുറഞ്ഞത് ആശ്വാസമായി കരുതുന്നവരുമുണ്ട്. അതേസമയം, വില 70000 കടന്നതിനെ പരിഹസിച്ച് ട്രോളുകളും നിരവധിയാണ്. ഇപ്പോഴാണ് റൗണ്ട് വിലയായതെന്നും ചില്ലറ ഇല്ലാതെ ഇടപാട് എളുപ്പമായി എന്നുമാണ് രസകരമായ ഒരു ട്രോള്‍. ഒരു ലക്ഷം രൂപയായിട്ട് വേണം കുറച്ച് സ്വര്‍ണം വാങ്ങാന്‍ എന്ന് കമന്റ് ചെയ്തവരുമുണ്ട്.












Click it and Unblock the Notifications