സ്വർണ വില ഉച്ചയ്ക്ക് ഇടിഞ്ഞ് വീണു; ഇനിയും പവൻ വില കുറയും? ആഭരണപ്രിയരെ കാത്തിരിക്കുന്നത് ഹാപ്പി ന്യൂസ്?
കഴിഞ്ഞ ദിവസം സ്വർണ വിലയിൽ കുത്തനെ ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പലതവണകളിലായി വിലയിൽ ഏകദേശം 2000 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നും വില ഇടിയുമെന്നതായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വില കുതിച്ചു. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 40 രൂപ ഉയർന്ന് 13,875 രൂപയിലെത്തി. പവൻ വില 320 രൂപ വർധിച്ച് 1,11,000 രൂപയിലും. എന്നാൽ ഉച്ചയോടെ ഇതാ സ്വർണ വില ഇടിഞ്ഞിരിക്കുകയാണ്. പവന് 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. നിലവിൽ 13,790 രൂപയാണ് ഗ്രാം വില.
ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതാണ് രാവിലെ വില വർധിക്കാൻ കാരണം. ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണവിലയിലുണ്ടായ വർധനയാണ് സ്വർണ വിലയും ഉയർത്തിയത്. യുഎസ് ക്രൂഡ് (WTI) ഒരു ഘട്ടത്തിൽ 100 ഡോളറിന് മുകളിലും ബ്രെന്റ് 112 ഡോളറിന് മുകളിലുമെത്തിയത് ആഗോള വിപണിയിൽ അസ്ഥിരത സൃഷ്ടിച്ചു. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുമെന്ന ഭയം സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു. എങ്കിലും ഈ ഉയർച്ച താൽക്കാലികമായിരുന്നു, കാരണം എണ്ണവില പിന്നീട് താഴ്ന്ന് WTI 99.37 ഡോളറിലും ബ്രെന്റ് 111.2 ഡോളറിലുമെത്തിയത് വിപണിയിലെ ആശങ്കകൾ ലഘൂകരിച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതും വിലയിലെ ചാഞ്ചാട്ടത്തിന് ഇടയാക്കി.

ഫെഡ് ഇന്ന് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ തുടരുമെന്നാണ് പ്രതീക്ഷ. നിലവിലെ 3.5-3.75 ശതമാനം നിരക്ക് നിലനിർത്തുന്നത് ഡോളറിന്റെ ശക്തി തുടരാൻ സഹായിക്കും. ഉയർന്ന എണ്ണവില മൂലം പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ ഫെഡ് കൂടുതൽ കാലം ഉയർന്ന നിരക്കുകൾ നിലനിർത്തേണ്ടി വരുമെന്ന ആശങ്കയും ഉണ്ട്. ഇത് കടപ്പത്രങ്ങളെയും ഡോളറിനെയും കൂടുതൽ ആകർഷകമാക്കി സ്വർണത്തിന്റെ ആകർഷണം കുറയ്ക്കും. സ്വർണം പലിശയില്ലാത്ത ആസ്തിയായതിനാൽ ഉയർന്ന യീൽഡ് ഉള്ള മറ്റ് നിക്ഷേപങ്ങൾ നിക്ഷേപകരുടെ മുൻഗണനയാകുന്നത് സ്വർണവിലയ്ക്ക് സമ്മർദ്ദം ചെലുത്തും.
ഫെഡ് പലിശ നിരക്ക് മാറ്റമില്ലാതെ തുടർന്നാൽ സ്വർണവിലയിൽ ഹ്രസ്വകാലത്തേക്ക് താഴ്ചയ്ക്കാണ് സാധ്യത. ഡോളറിന്റെ ശക്തി നിലനിന്നാൽ ഔൺസിന് 4700 ഡോളറിന് താഴെ വരെ വില ഇടിഞ്ഞേക്കാം. എന്നാൽ ഹോർമുസ് പ്രതിസന്ധി നീണ്ടുനിന്നാൽ എണ്ണവില വീണ്ടും ഉയരുകയും പണപ്പെരുപ്പ ഭീഷണി വർധിക്കുകയും ചെയ്യും. ഇത് സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപ പദവി ഉയർത്തും. ദീർഘകാലാടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കുകളുടെ വാങ്ങലും ജിയോപൊളിറ്റിക്കൽ അസ്ഥിരതയും തുടരുന്ന പശ്ചാത്തലത്തിൽ വില 5000 ഡോളറിന് മുകളിലേക്ക് ഉയരാനുള്ള സാധ്യതയും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്ത ദിവസങ്ങളിലെ ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകളും ഹോർമുസ് സാഹചര്യത്തിലെ പുരോഗതിയും വിലയുടെ ദിശ നിർണയിക്കും.












Click it and Unblock the Notifications