സ്വർണം വില ഇതുവരെ ഇടിഞ്ഞത് 20,000 രൂപ ഇനി 16,000 രൂപ വരെ കൂടും: ഈ വർഷം തന്നെ 1.29 ലക്ഷത്തിലേക്ക്?
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് വില ഉയർത്തുന്നതും പണപ്പെരുപ്പ ആശങ്ക വർധിച്ചതും ആഗോള വിപണിയി സ്വർണത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വർധിച്ചതാണ് ഇപ്പോൾ നിക്ഷേപകരെ പ്രതിസന്ധിയിലാകുന്നത്. ഡോളർ കുതിച്ച് തുടങ്ങിയതോടെ ആഗോള വിപണിയിൽ സ്വർണ വില വീണ്ടും താഴേക്ക് പോയി. രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 4377 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഇനി സ്വർണത്തിൻ്റെ പോക്ക് എങ്ങോട്ടാണ് എന്നതാണ് പ്രധാന ചോദ്യം.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഗതിയും പലിശ നിരക്കുമാണ് ഇനി സ്വർണ വിലയെ സ്വാധീനിക്കുക. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം യാതൊരു അയവുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ യുഎസ് എണ്ണ കപ്പൽ ആക്രമിച്ചിരുന്നു. ഇതിന് പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം നടത്തി. ഇതിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക ക്യാംപിന് നേരെ ഇറാനും ആക്രമണം നടത്തി. ഇനിയും ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎസ് ആകട്ടെ ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കങ്ങളും ഇതിനിടയിൽ ശക്തമാക്കുന്നുണ്ട്. അതേസമയം ഹോർമുസിൽ എണ്ണ വിതരണം തടസപ്പെടുന്നത് ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിപ്പിനാണ് കാരണമായിരിക്കുന്നത്. ക്രൂഡ് വില ഉയരുന്നത് ഡോളറിന് കരുത്ത് പകരും. ഇത് സ്വർണത്തിന് തിരിച്ചടിയാണ്.
അമേരിക്കയിൽ പണപ്പെരുപ്പം ശക്തമാണെന്ന സൂചനയാണ് അടുത്തിടെ യുഎസ് ഫെഡ് ഗവർണർ കെവിൻ വാർഷ് നൽകിയത്. ഇതോടെ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ ശക്തമാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. വീണ്ടും സംഘർഷം ശക്തമായത് ഇത്തരം വിലയിരുത്തലുകൾക്ക് ശക്തിപകരുകയാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യു എസ് തൊഴിൽ കണക്കുകളും ഫെഡ് റിസർവ്വിൻ്റെ പലിശ തീരുമാനങ്ങളുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പലിശ നിരക്ക് ഉയർത്തുന്നത് സ്വർണത്തെ ഉപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഡിമാൻ്റ് കുറയുന്നത് സ്വർണ വില താഴ്ത്തും.
ആഗോള വിപണിയിൽ ഈ വർഷം തുടക്കത്തിൽ സ്വർണ വില ഔണ്‍സിന് 5500 ഡോളറിന് മുകളിൽ എത്തിയിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വില കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി മുതൽ ഇതുവരെ ഏകദേശം 20 ശതമാനത്തിൻ്റെ ഇടിവാണ് വിലയിൽ ഉണ്ടായത്. നിലവിൽ 4300 ഡോളറിന് അടുത്താണ് ഔണ്‍സ് വില. അതേസമയം പ്രതിസന്ധി അകന്നാൽ സ്വർണം ഈ വർഷം തന്നെ കുതിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 4400 ഡോളറിന് മുകളിലേക്ക് വില ഉയരുകയാണെങ്കിൽ ഡിസംബറിന് മുൻപ് തന്നെ 4984 ഡോളറിലേക്ക് വരെ സ്വർണ വില ഉയരുമെന്നാണ് പ്രവചനങ്ങൾ.
ആഗോള സ്വർണ വിപണിയിലെ വിലയിടിവിൻ്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില താഴേക്കിറങ്ങുകയാണ്. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാമിന് 14,145 രൂപയാണ് വില. ഇതോടെ പവൻ വില 1,13,160 രൂപയായി. അതേസമയം 4900 ഡോളറിലേക്ക് ഔണ്‍സ് വില ഉയർന്നാൽ സ്വർണ വില പവന് 1.29 ലക്ഷം വരെയെങ്കിലും ആകും. ഇതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 16,000 രൂപ വരെ ഉയരും. ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം ജി എസ് ടിയും പണിക്കൂലിയുമെല്ലാം നൽകുമ്പോൾ 1.40 ലക്ഷത്തിന് അടുത്തായിരിക്കും വില.


Click it and Unblock the Notifications
