സ്വർണ വില ഉച്ചയോടെ മൂക്കുംകുത്തി വീണു; ഇന്ന് കൂടുതൽ ഇടിവ്..പവൻ, ഗ്രാം നിരക്കുകൾ അറിയാം
കേരളത്തിൽ സ്വർണ വില ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 180 രൂപ താഴ്ന്ന് 13,785 രൂപയാണ് ഉച്ചയ്ക്ക് വില. പവന് 1440 രൂപ കുറഞ്ഞ് 1,10,280 രൂപയായി. ഇതോടെ രാവിലെയും ഉച്ചയ്ക്കുമായി പവന് 1720 രൂപയും ഗ്രാമിന് 215 രൂപയുമാണ് സ്വർണത്തിന് കുറഞ്ഞത്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കൂടുന്നതും പണപ്പെരുപ്പപ്പേടി കനക്കുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ക്രൂഡോയിൽ വില കുതിച്ചുയരുന്നത് പണപ്പെരുപ്പ ഭീഷണി വീണ്ടും ഉയർത്തുകയാണ്. പണപ്പെരുപ്പം കൂടുമ്പോൾ സാധാരണയായി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുമെന്ന ധാരണയുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ അതിന്റെ വിപരീതമാണ് നടക്കുന്നത്. കാരണം, പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താൻ സാധ്യത കൂടുതലാണ്. പലിശനിരക്ക് ഉയർന്നാൽ നിക്ഷേപകരുടെ ശ്രദ്ധ സ്വർണത്തിൽ നിന്ന് മാറി കടപ്പത്രങ്ങളിലേക്കും ഡോളറിലേക്കും പോകും. കൂടുതൽ വരുമാനം നൽകുന്ന ആസ്തികളിലേക്ക് പണം ഒഴുകുമ്പോൾ, സ്വർണത്തിന്റെ ആകർഷണം കുറയുന്നു. അതുകൊണ്ടുതന്നെ ഡോളറിന്റെ ശക്തി കൂടുന്നതും ബോണ്ട് യീൽഡുകൾ ഉയരുന്നതും സ്വർണവിലയെ നേരിട്ട് സമ്മർദ്ദത്തിലാക്കും.

രാജ്യാന്തര വിപണിയിലും ഇതേ പ്രവണതയാണ്. ഔൺസിന് വില താഴ്ന്നത്, ആഗോളതലത്തിൽ തന്നെ സ്വർണത്തിന് ഡിമാൻഡ് കുറയുന്നുവെന്ന സൂചനയാണ് നൽകുന്നത്. പ്രത്യേകിച്ച് സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും സ്വർണം ഉയരാതെ താഴുന്നത്, നിക്ഷേപകർ ഇപ്പോൾ കൂടുതൽ സുരക്ഷിതവും വരുമാനമുള്ളതുമായ ഓപ്ഷനുകൾ തേടുകയാണെന്നതിന് തെളിവാണ്.
മൊത്തത്തിൽ നോക്കുമ്പോൾ, സ്വർണവില അടുത്ത ദിവസങ്ങളിലും സമ്മർദ്ദത്തിൽ തുടരാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ദീർഘകാല ഇടിവാണോ, അതോ താൽക്കാലിക തിരുത്തലോ എന്നത് പലിശനിരക്കുകളുടെയും ആഗോള സാമ്പത്തിക സാഹചര്യമുടെയും ദിശയെ ആശ്രയിച്ചിരിക്കും. ചെറുകാല നിക്ഷേപകർക്ക് ജാഗ്രത ആവശ്യമുള്ള സമയമാണിത്, എന്നാൽ ദീർഘകാല നിക്ഷേപകർക്ക് ഇത്തരം ഇടിവുകൾ അവസരമായി മാറാനും സാധ്യതയുണ്ട്.
സ്വർണ ഇറക്കുമതി ഇടിയുന്നു
ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ സ്വർണം ഇറക്കുമതി ഗണ്യമായി ഇടിഞ്ഞി. ഏകദേശം 15 ടണ്ണ് മാത്രമാണ് ഇറക്കുമതി നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്(കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം ഒഴികെ). സാധാരണയായി ഇന്ത്യയിൽ സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ബാങ്കുകളാണ്. എന്നാൽ ഇത്തവണ കസ്റ്റംസ് 3 ശതമാനം ഐ ജി എസ് ടി നികുതി ആവശ്യപ്പെട്ടതോടെ ബാങ്കുകൾ സ്വർണം ക്ലിയർ ചെയ്യുന്നത് തന്നെ നിർത്തിവച്ചു. 2017 മുതൽ ഈ നികുതിയിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിരുന്നു. എന്നാൽ പെട്ടെന്നുള്ള ഈ മാറ്റം ഇറക്കുമതിയെ നേരിട്ട് ബാധിച്ചു.
ഇതിന്റെ ഫലമായി വിപണിയിൽ വിചിത്രമായൊരു അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. അക്ഷയ തൃതീയ പോലുള്ള വലിയ സ്വർണ വാങ്ങൽ സീസൺ ഉണ്ടായിട്ടും ആവശ്യത്തിനൊത്ത ഇറക്കുമതി നടന്നില്ല. ചില ബാങ്കുകൾ മുമ്പേ കൊണ്ടുവന്ന സ്വർണം ഇപ്പോൾ വോൾട്ടുകളിൽ തന്നെ കിടക്കുകയാണ്. നികുതി പ്രശ്നം തീരാതെ അത് വിപണിയിൽ എത്തിക്കാൻ കഴിയുന്നില്ലെന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്.. അതേസമയം, ചെറിയ തോതിൽ മാത്രമാണ് India International Bullion Exchange (IIBX) വഴി സ്വർണം എത്തിയത്. ഇതുകൊണ്ട് രാജ്യത്തെ മൊത്തം സ്വർണവ്യാപാരത്തിൽ വലിയ മന്ദഗതിയാണ് അനുഭവപ്പെടുന്നത്.












Click it and Unblock the Notifications