സ്വർണ വില ഇന്ന് കുറഞ്ഞു, നേരിയ ആശ്വാസം..22 കാരറ്റ്, 18 കാരറ്റ് പവൻ വില പരിശോധിക്കാം
സ്വർണ വിലയിൽ ഇന്നും മാറ്റം. ഇന്നലെ വൈകീട്ട് കൂടിയ വില ഇന്ന് രാവിലെയോടെ വീണ്ടും കുറഞ്ഞു. നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് വിദഗ്ധർ ഇപ്പോൾ പങ്കുവെയ്ക്കുന്നത്. സ്വർണ്ണ വില ഹ്രസ്വകാലത്തേക്ക് ശക്തമായ വർദ്ധനവിന് സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്.
കേരളത്തിൽ വ്യാഴാഴ്ച രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയ്ക്കും വൈകീട്ടുമായി വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 13965 രൂപയാണ്. അതായത് ഇന്നലെ വൈകിട്ടത്തെ അപേക്ഷിച്ച് 35 രൂപയുടെ കുറവ്. പവൻ വില 1,11,720 രൂപയും. 18 കാരറ്റ് ഒരു ഗ്രാമിന് വില 11535 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ ഈ വിലനിലവാരം തുടരുകയോ നേരിയ ഇടിവ് നേരിടുകയോ ചെയ്യാം എന്നാണ് വിപണി വിദഗ്ധർ ചീണ്ടിക്കാട്ടന്നത്.. യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിലും യുഎസ് ഡോളറിന്റെ കരുത്താണ് സ്വർണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്.

യുഎസ്-ഇറാൻ സംഘർഷങ്ങൾ കടുക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാൻ്റെ നിർദ്ദേശം പ്രസിഡന്റ് ട്രംപ് തള്ളി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കും വരെ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സൈനിക ആക്രമണങ്ങളും യുഎസ് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. സാധാരണയായി, ഇത്തരം ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾ നിക്ഷേപകരെ ഒരു സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണ്ണം വാങ്ങാൻ പ്രേരിപ്പിക്കാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ സംഘർഷങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിത കറൻസിയായി കണക്കാക്കപ്പെടുന്ന യുഎസ് ഡോളറിനെയാണ് ശക്തിപ്പെടുത്തുന്നത്.
ശക്തമായ യുഎസ് ഡോളർ സ്വർണ്ണത്തിന് പ്രതികൂലമാണ്. സ്വർണ്ണവില ഡോളറിലാണുള്ളത്. അതിനാൽ, ഡോളറിന് മൂല്യം കൂടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം കൂടുതൽ ചെലവേറിയതാവുകയും, ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇതും ഡോളറിന് കരുത്താണ്. ഉയർന്ന പലിശനിരക്കും ശക്തമായ ഡോളറും പൂജ്യം വരുമാനം നൽകുന്ന സ്വർണ്ണത്തിന്റെ 'അവസര ചെലവ്' വർദ്ധിപ്പിക്കുന്നു. ഇത് ഇറാൻ സംഘർഷങ്ങൾക്കിടയിലും സ്വർണത്തിന് പ്രതീക്ഷിച്ച സുരക്ഷിത നിക്ഷേപ പിന്തുണ ലഭിക്കാത്ത അവസ്ഥയാക്കി.
സംഘർഷങ്ങൾ തീവ്രമായാൽ (പുതിയ ആക്രമണങ്ങളോ എണ്ണ വിതരണ തടസ്സങ്ങളോ പോലുള്ളവ), ഹ്രസ്വകാലത്തേക്ക് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയരും, സ്വാഭാവികമായും വില കൂടും. എന്നാൽ നിലവിലെ വിവരങ്ങൾ പ്രകാരം ശക്തമായ വിലവർദ്ധനവ് അസംഭവ്യമാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിന്റെ ശക്തിയും ഫെഡിന്‍റെ നിലപാടുമാണ് ഭൗമരാഷ്ട്രീയ ആശങ്കകളെ തൽക്കാലം അതിജീവിക്കുന്നത്.
കേരളത്തിൽ വില എന്താകും?
സ്വർണ വില കുറയുമെങ്കിലും 1 ലക്ഷത്തിന് താഴേക്ക് വില കുറയാനുള്ള യാതൊരു സാധ്യതയും നിലനിൽക്കുന്നില്ല. മാത്രമല്ല ദീർഘകാലത്തേക്ക് സ്വർണത്തിന് വില ഉയരും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്വർണം ഔണ്‍സിന് 8000 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടന്നടക്കമുള്ള പ്രവചനങ്ങൾ ഉണ്ട്. ആ തലത്തിലേക്ക് വില ഉയർന്നാൽ കേരളത്തിൽ ഒരു പവൻ വില 1.75 ലക്ഷമാകും.












Click it and Unblock the Notifications