സ്വർണ വില പിടിവിട്ട് താഴേക്ക്; 2ശതമാനം വില കുറഞ്ഞു..വില പ്രവചനം തിരുത്തി ബാങ്ക് ഓഫ് അമേരിക്ക
ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണ വില ഉയർന്നതോടെ ആഗോളതലത്തിൽ പണപ്പെരുപ്പ ഭീതി ശക്തമായിരിക്കുകയാണ്. ഇതോടെ യുഎസ് ഫെഡറൽ റിസർവ്വ് ഈ വർഷം പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കുറഞ്ഞു. ഈ സാഹചര്യം സ്വർണവിലയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണപ്പെരുപ്പ ആശങ്കകളെ തുടർന്ന് യു.എസ്. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് അനുസരിച്ച് നിരക്ക് കുറക്കാനുള്ള സാധ്യതയുണ്ടെന്ന സൂചന നൽകിയിട്ടുണ്ട്. പലിശ നിരക്ക് കുറച്ചാൽ സ്വാഭാവികമായും സ്വർണത്തിൻ്റെ പെരുമ ഉയരും, വില കൂടുകയും ചെയ്യും. അതുകൊണ്ട് തന്നെ ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സ്ഥാപനങ്ങൾ സ്വർണം ഈ വർഷം ഇനിയും കുതിക്കുമെന്ന പ്രവചനങ്ങൾ ആവർത്തിക്കുകയാണ്.
ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്വർണവില ഹ്രസ്വകാലയളവിൽ സമ്മർദ്ദം നേരിടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ദീർഘകാലത്തേക്കുള്ള സ്വർണത്തിന്‍റെ ഭാവിയെക്കുറിച്ച് ബാങ്ക് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഔൺസ് സ്വർണത്തിന് 6,000 ഡോളർ എന്ന പ്രവചനമാണ് ബാങ്ക് നടത്തുന്നത്. എണ്ണവിലയുമായുള്ള വിപരീത ബന്ധം, പണപ്പെരുപ്പത്തോടുള്ള വിപണി പ്രതികരണം, ഫെഡറൽ റിസർവ് തീരുമാനങ്ങൾ എന്നിവയാണ് നിലവിൽ സ്വർണത്തിന് തിരിച്ചടി നൽകുന്നത്. എന്നിരുന്നാലും, യു.എസ്. സാമ്പത്തിക നയത്തിലെ അനിശ്ചിതത്വം, ഉയർന്ന ധനക്കമ്മി, ദുർബലമായ യു.എസ്. ഡോളർ എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവിലയെ പിന്തുണയ്ക്കുമെന്നും അവർ വിലയിരുത്തുന്നു.2026-ലെ സ്വർണ്ണവില സംബന്ധിച്ച് ബാങ്ക് ഓഫ് അമേരിക്ക തങ്ങളുടെ പ്രവചനം നേരിയ തോതിൽ ഉയർത്തിയിട്ടുണ്ട്. നേരത്തെ ഒരു ഔൺസിന് 4,988 ഡോളർ ആയിരുന്നു കണക്കാക്കിയിരുന്നത് എങ്കിൽ ഇപ്പോൾ ശരാശരി വില 5,093 ആയിരിക്കുമെന്നാണ് പുതിയ പ്രതീക്ഷ.

സ്വർണവില യഥാർത്ഥത്തിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിൽ അവസാനിക്കാനാണ് ഇപ്പോൾ സാധ്യത കൽപ്പിക്കുന്നത്. നിലവിൽ ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 4,604 ആണ് വില. ഒരു ദിവസത്തിനുള്ളിൽ 0.5% ഉം ഒരാഴ്ചയിൽ 2% ലധികവുമാണ് വില കുറഞ്ഞത്.
ആഗോള വളർച്ചയെയും വ്യാവസായിക ആവശ്യകതകളെയും ബാധിക്കാനിടയുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും, വെള്ളി വിലയിൽ ബാങ്ക് ഓഫ് അമേരിക്കക്ക് ശക്തമായ ശുഭാപ്തിവിശ്വാസമുണ്ട്. ഈ വർഷം ഒരു ഔൺസ് വെള്ളിയുടെ ശരാശരി വില 85.93 ഡോളർ ആയിരിക്കുമെന്നാണ് പുതിയ പ്രവചനം. മുൻപ് കണക്കാക്കിയിരുന്ന 75 ഡോളറിനേക്കാൾ ഏകദേശം 15% കൂടുതലാണിത്. ഇതിലെല്ലാം വെള്ളിക്ക് ശക്തമായ ഭാവിയാണ് ഉള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.
സോളാർ ഊർജ്ജ മേഖലയിൽ നിന്നുള്ള ആവശ്യം വെള്ളി വിലയ്ക്ക് പ്രധാന പിന്തുണയായി തുടരുന്നുണ്ടെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. സോളാർ പാനൽ നിർമ്മാതാക്കളിൽ നിന്നുള്ള ആവശ്യം കുറയുന്നുണ്ടെങ്കിലും ഈ വർഷം വിപണിയിൽ ഒരു മിച്ചം ഉണ്ടാക്കാൻ ഇത് പര്യാപ്തമാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ.നിലവിലെ ഊർജ്ജ പ്രതിസന്ധി ഹ്രസ്വകാലത്തേക്ക് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ വെള്ളി പോലുള്ള ലോഹങ്ങൾക്ക് ഇത് കൂടുതൽ ആവശ്യം സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇറക്കുമതി ഊർജ്ജത്തെ ആശ്രയിക്കുന്ന രാജ്യങ്ങളെ വൈദ്യുതീകരണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ നിലവിലെ ഊർജ്ജ പ്രതിസന്ധി പ്രേരിപ്പിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ഈ മാറ്റം വെള്ളി, മറ്റ് അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ ആവശ്യം വർദ്ധിപ്പിക്കും. ഹ്രസ്വകാലത്തേക്ക് ലോഹ ആവശ്യകതയിൽ കുറവുണ്ടായേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ലോഹ വിപണിക്ക് ഊർജ്ജ പരിവർത്തനം ഗുണകരമാകുമെന്നും ബാങ്ക് കണക്കാക്കുന്നു.












Click it and Unblock the Notifications