സ്വർണ വിലയിൽ ഒന്നും രണ്ടുമല്ല 16,000 രൂപ വരെ ഇടിയും ഇന്നത്തെ കണക്കിലെങ്കിൽ..പ്രവചനം തിരുത്തി ബാങ്ക്
സ്വർണ വില ഇന്ന് വീണ്ടും കുതിച്ചിരിക്കുകയാണ്. ഗ്രാമിന് ഗ്രാമിന് 205 രൂപ വർധിച്ച് 14,560 രൂപയിലെത്തി. പവൻ വില 1,640 രൂപ കൂടി 1,16,480 രൂപയിലുമെത്തി. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിന് ശേഷം വില ഉയർന്നതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
വില കുത്തനെ ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ പറയുന്നത്. നിലവിൽ 5000 ഡോളറിന് മുകളിലാണ് ആഗോള വിപണിയിൽ ഔണ്‍സ് വില ഉള്ളത്. വരും നാളുകളിൽ സ്വർണം ഒരുപക്ഷെ 5600 ഡോളറിനും 6000 ഡോളറിനും ഇടിയിലായേക്കുമെന്നാണ് ചില സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. എന്നാൽ സ്വർണ വില ഒരു ലക്ഷത്തിനടുത്ത് നിൽക്കാനുള്ള സാധ്യതയാണ് മാക്വാറി ബാങ്ക് പറയുന്നത്. വില ഉയരുമ്പോൾ അവർ തങ്ങളുടെ പ്രവചനം തിരുത്തുന്നുണ്ടെങ്കിലും സ്വർണത്തിൻ്റെ അമിത കുതിപ്പിന് സാധ്യത കൽപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

മാക്വാറി ബാങ്ക് 2026 ലെ ആദ്യ പാദത്തിലെ സ്വർണവില പ്രവചനം ഔൺസിന് 4,300 ഡോളറിൽ നിന്ന് 4,590 ഡോളറായി ഉയർത്തി. രണ്ടാം പാദത്തിലെ വില 4,200 ഡോളറിൽ നിന്ന് 4,300 ഡോളറായും ഈ വർഷത്തേത് 4,225 ഡോളറിൽ നിന്ന് 4,323 ഡോളറായും ബാങ്ക് പുതുക്കി. വെള്ളിയുടെ കാര്യത്തിൽ പ്രവചനങ്ങൾ മാക്വാറി ഗണ്യമായി വർദ്ധിപ്പിച്ചു. ആദ്യ പാദത്തിലെ ലക്ഷ്യം 55 ഡോളറിൽ നിന്ന് 75 ഡോളറായും, 2026-ലെ ശരാശരി വെള്ളി വില 57 ഡോളറിൽ നിന്ന് 62 ഡോളറായുമായാണ് പുതുക്കി നിശ്ചയിച്ചത്.
ജനവരിയിലെ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധിയാണ് സ്വർണ വിലയെ സ്വാധീനിച്ചതെന്ന് സാമ്പത്തിക വിദഗ്ധനായ പീറ്റർ ടെയിലർ പറയുന്നു. യുഎസ് നീതിന്യായ വകുപ്പ് ഫെഡറൽ റിസർവ് ചെയർമാനെതിരെ ക്രിമിനൽ കേസ് ഭീഷണി മുഴക്കിയാണ് മാസം തുടങ്ങിയത്. വെനസ്വേലൻ പ്രസിഡന്റ് മഡുറോയുടെ അറസ്റ്റ്, ഗ്രീൻലാൻഡ് പിടിച്ചടക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങൾ, നാറ്റോ താരിഫ് ഭീഷണികൾ, ഇറാന് ചുറ്റുമുള്ള സൈനിക വിന്യാസങ്ങൾ എന്നിവയും ഇക്കാലയളവിൽ സ്വർണത്തെ സ്വാധീനിച്ചു.
മറ്റ് പ്രവചനങ്ങൾ ഇങ്ങനെ
ജെപി മോർഗൻ്റെ പ്രവചനമനുസരിച്ച് നാലാം പാദത്തോടെ സ്വർണവില ഔൺസിന് 5,000 ഡോളറും വർഷാവസാനത്തോടെ 6,300 ഡോളറും എത്തിയേക്കും. യുബിഎസ് (UBS) വരും മാസങ്ങളിൽ 6,200 ഡോളറും വർഷാവസാനത്തോടെ 5,900 ഡോളറും ആണ് കണക്കാക്കുന്നത്. വെൽസ് ഫാർഗോ (Wells Fargo) 6,100-നും 6,300-നും ഇടയിലുള്ള വിലയാണ് പ്രവചിക്കുന്നത്.
ഡ്യൂഷെ ബാങ്ക് (Deutsche Bank) പ്രവചനം 6,000 ഡോളർ ആണ്. ഇതിന് പ്രധാന കാരണം കുറഞ്ഞ യപലിശനിരക്കും തുടരുന്ന സെൻട്രൽ ബാങ്ക് ആവശ്യകതയുമാണ്. ഗോൾഡ്‌മാൻ സാച്ച്സ് (Goldman Sachs) 2026 അവസാനത്തേക്കുള്ള പ്രവചനം 5,400 ഡോളറായി ഉയർത്തിയിട്ടുണ്ട്.
ചില വിശകലന വിദഗ്ധർ ഇതിലും ശുഭാപ്തിവിശ്വാസത്തിലാണ്; എഎൻസഡ് (ANZ) ഈ വർഷം ആദ്യ പകുതിയിൽ സ്വർണ്ണവില 5,000 ഡോളർ കടക്കുമെന്നാണ് പ്രവചിക്കുന്നത്. സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്താൽ, വില 7,000 ഡോളർ വരെ എത്താമെന്ന് നിക്ഷേപ കോൺഫറൻസുകളിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ സ്വർണ വില
5000 ഡോളറിന് മുകളിൽ ഔണ്‍സ് വില എത്തിയപ്പോൾ കേരളത്തിൽ ഒരു പവന് വില 1.16 ലക്ഷത്തിന് മുകളിലാണ്. ഇത് 2 ലക്ഷം വരെ എത്താമെന്നാണ് ജെപി മോർഗൻ പോലുള്ളവരുടെ ഉയർന്ന പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ മാക്വാറി ബാങ്ക് പ്രവചനം ഫലിച്ചാൽ ഒരുപക്ഷെ സ്വർണം മൂക്കും കുത്തി വീണേക്കാം. അപ്പോഴും 1 ലക്ഷത്തിൽ താഴെ പോകില്ല കേട്ടോ.












Click it and Unblock the Notifications