സ്വർണ വില വീഴും എന്ന് പറഞ്ഞാൽ ഇടിഞ്ഞ് താഴും; പവന് വില 67,000 തൊടും? അതോ 90000? വിദഗ്ധർ പറയുന്നു
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. വിപണിയിൽ ആശങ്കകൾ ശക്തമാകുമ്പോൾ നിക്ഷേപകർ സുരക്ഷത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കും. ഇത് സ്വർണത്തിന്റെ പെരുമ ഉയർത്തും, വില വർധിക്കുകയും ചെയ്യും.
വ്യാപാരയുദ്ധം കൊടുംമ്പിരി കൊണ്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില ഉയരുകയാണ്. വരും ദിവസങ്ങളിലും വില കൂടുമോ അതോ കുറയുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. സ്വർണവില സംബന്ധിച്ചുള്ള വിദഗ്ധരുടെ പ്രവചനങ്ങൾ ഇങ്ങനെയാണ്.

വർഷാവസാനത്തോടെ സ്വർണത്തിന്റെ വില ഔൺസിന് 4,000 ഡോളറിലെത്താൻ സാധ്യതയുണ്ടന്നാണ് ചിലരുടെ പ്രവചനം. ഡോളർ ദുർബലമാവുകയും, ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വാങ്ങിക്കൂട്ടുതയും ചെയ്താൽ സ്വർണ വില ഉയരും. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതും സ്വർണത്തിന് അനുകൂലമാകും.
'2001 മുതൽ 2011 വരെയുള്ള കാലയളവിൽ സ്വർണത്തിന്റെ വിലയിൽ വലിയ മുന്നേറ്റമുണ്ടായി, ഓരോ വർഷവും 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2021 മുതൽ ഇന്നുവരെയും ഇതേ വളർച്ചാ നിരക്ക് തുടരുന്നു. നിലവിലെ മാർക്കറ്റ് മുന്നേറ്റത്തിൽ സ്വർണത്തിന്റെ വില അമിതമാണെന്ന് പറയാൻ സാധിക്കില്ല', ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ഫിഡിലിറ്റി ഇന്റർനാഷണലിലെ മൾട്ടി-അസറ്റ് ഫണ്ട് മാനേജർ ഇയാൻ സാംസൺ പറഞ്ഞു.
ഫിഡിലിറ്റിയുടേതിന് സമാനമായ പ്രതികരണങ്ങളാണ് ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പും പങ്കുവെയ്ക്കുന്നത്. ആഗോള പ്രതിസന്ധികൾ രൂക്ഷമായാൽ സ്വർണവില ഔൺസിന് 4,500 ഡോളറിലെത്തിയേക്കാമെന്ന് ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു. 2025 ജനുവരി 1ന് ഔൺസിന് 2,623 ഡോളറായിരുന്ന സ്വർണത്തിന്റെ, 2025 അവസാനത്തോടെ 71.5% വർദ്ധിച്ച് 4,500 ഡോളറിലെത്തും, അവർ ചൂണ്ടിക്കാട്ടി.യുഎസ് സമ്പദ്‌വ്യവസ്ഥയും വ്യാപാര യുദ്ധവും സ്വർണത്തിന് മികച്ച നിക്ഷേപ സാധ്യത നൽകുന്നുണ്ട്. സാമ്പത്തിക മാന്ദ്യമുണ്ടായാൽ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ പ്രസക്തി വർധിക്കും.
അതേസമയം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ പ്രവചനമാണ് സിറ്റി ഗ്രൂപ്പ് നടത്തുന്നത്. വരും പാദങ്ങളിൽ സ്വർണവില 3,000 ഡോളറിന് താഴേക്ക് പോകുമെന്നാണ് സിറ്റി ഗ്രൂപ്പിന്റെ പ്രവചനം. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ പുരോഗതിയും വ്യാപാര നയങ്ങളിലെ വ്യക്തതയും വിപണിയിലെ സുരക്ഷിത നിക്ഷേപത്തിനായുള്ള ആകർഷണം കുറച്ചേക്കാമെന്നാണ് ഇവരുടെ പ്രതികരണം.
'2025ന്റെ അവസാനത്തോടെ നിക്ഷേപകർക്ക് സ്വർണത്തോടുള്ള താത്പര്യം കുറയുമെന്നാണ് ഞങ്ങൾ കരുതുന്നത്. പ്രത്യേകിച്ച് യുഎസ് തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതിയും യുഎസ് വളർച്ചയും സ്വർണത്തിന് തിരിച്ചടിയാകും', സിറ്റി ഗ്രൂപ്പ് പറയുന്നു.
പ്രധാനമായും റഷ്യ, യുക്രെയ്ൻ, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധസമാനമായ അവസ്ഥകളുമാണ് സ്വർണത്തിന്റെ വില അടുത്തിടെ ഇത്രയേറെ വർദ്ധിപ്പിച്ചത്. ആഗോള വ്യാപാരത്തെ തടസപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ താരിഫുകളും രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിച്ചു.
നിലവിൽ യുഎസ് സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണ്, തൊഴിൽ കണക്കുകൾ ഇത് സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, ട്രില്യൺ കണക്കിന് ഡോളറിന്റെ കടത്തിന്റെ ഉയർന്ന പലിശ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്.
വ്യാപാര നയങ്ങൾ യുഎസ് ഉൽപ്പന്നങ്ങളുടെ വിലയെ കാര്യമായി ബാധിച്ചില്ലെങ്കിൽ, ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മുതൽ ഏകദേശം 300 ബേസിസ് പോയിന്റുകളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയുകയും, ഭൗമ-രാഷ്ട്രീയവും ആഗോള സാമ്പത്തിക വിഷയങ്ങളും തുടരുകയും ചെയ്താൽ സ്വർണത്തിന്റെ വില കുത്തനെ കുതിക്കാൻ കാരണമാകും.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണത്തിന് 35 ശതമാനത്തിലധികവും ഈ വർഷം ഇതുവരെ 25 ശതമാനത്തിലധികവും വില വർദ്ധിച്ചു. നിലവിൽ സ്വർണവില 3300 ഡോളറാണ്. 24 കാരറ്റ് 10 ഗ്രാം സ്വർണ്ണത്തിന് ഇന്ത്യയിൽ 98,600 രൂപയാണ് വില. 2025ന്റെ അവസാന അഞ്ച് മാസങ്ങളിലും സ്വർണ്ണത്തിന്റെ കുതിപ്പ് തുടരുമോ എന്ന് കണ്ടറിയണം.
കേരളത്തിലോ?
സ്വർണവില ആഗോള തലത്തിൽ ഔൺസിന് 4000 ഡോളർ തൊട്ടാൽ കേരളത്തിൽ പവന് വില 90,000 വരെ എത്തിയേക്കും. എന്നാൽ വില 3000ത്തിലെത്തിയാൽ പവൻ വില ഇടിഞ്ഞ് വീണേക്കും. 67,000 ത്തിലേക്ക് വരെ വില കുറഞ്ഞേക്കും.












Click it and Unblock the Notifications