സ്വർണവില 94,000ത്തിലേക്ക് താഴുമോ അതോ 1.5 ലക്ഷത്തിലേക്ക് കുതിക്കുമോ? പുതിയ പ്രവചനങ്ങൾ ഇങ്ങനെ
ആഭരണപ്രേമികളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് സ്വർണവില വീണ്ടും തിരിച്ചുകയറുകയാണ്. ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന പ്രതീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസവും വില നേരിയ തോതിൽ ഉയർന്നു. നിലവിൽ 22 കാരറ്റ് ഒരു പവന് 1,04,680 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം കുതിച്ചുയർന്ന എണ്ണവിലയുമായി സ്വർണത്തെ കഴിഞ്ഞയാഴ്ച താഴേക്ക് നയിച്ചത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വില ഔണ്‍സിന് 3996 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ നിലവിൽ 4010 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇനി സ്വർണം കുതിക്കുമോ അതോ താഴുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും വില ഉയരുമോ അതോ കുറയുമോയെന്നത് സംബന്ധിച്ച് വ്യക്തത വരൂ.

പ്രവചനം തിരുത്തി സാമ്പത്തിക സ്ഥാപനങ്ങൾ
ഈ വർഷത്തിൻ്റെ തുടക്കത്തിൽ സ്വർണത്തിന് വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. പ്രവചനങ്ങളെല്ലാം ശരിവെച്ച് ആദ്യമായി രാജ്യാന്തര വില ഔണ്‍സിന് 5600 ഡോളർ കടന്നു. ഇതോടെ ഈ വർഷം തന്നെ സ്വർണം 6000 ഡോളറിൽ എത്തിയേക്കുമെന്നായിരുന്നു പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളായ യുബിഎസ് ഗോൾഡ്ാൻ സാക്സ് പോലുള്ളവർ പ്രവചിച്ചത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഈ സ്ഥാപനങ്ങൾ തങ്ങളുടെ വില പ്രവചനത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.
2027 ഓടെ മാത്രമേ ഇനി സ്വർണം കുതിക്കുകയുള്ളൂവെന്നാണ് ഇവരുടെ പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് അടുത്ത വർഷം പകുതിയോടെ രാജ്യാന്തര സ്വർണവില 5400 ഡോളർ ആയേക്കുമെന്നാണ് ഇവർ പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലും സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തും. പവൻ വില 1.34 ലക്ഷമെങ്കിലും തൊടാം. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 30,000 രൂപയുടെ വർധനവ്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തുക 1.33 ലക്ഷമാണ്. ജനുവരി 29 നായിരുന്നു ഈ വില രേഖപ്പെടുത്തിയത്. 1.34 ലക്ഷം എന്നത് പവൻ വില മാത്രമായിരിക്കും. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയുമെല്ലാം ചേരുമ്പോൾ 1.50 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും.
അതിനിടെ രാജ്യാന്തര വിപണിയിൽ ഇനിയും വിലയിടിവിനുള്ള സാധ്യതയാണ് ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 3500 ഡോളറിലേക്ക് മൂക്കുംകുത്തി വീഴുമെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. അതായത് ഇനിയും 500 ഡോളർ വരെ താഴ്ന്നേക്കുമെന്ന്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുകയും എണ്ണ വില പിടിവിട്ട് ഉയരുകയും ചെയ്താൽ അത്തരമൊരു ഇടിവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാജ്യാന്തര വിപണിവില ഇടിഞ്ഞാൽ കേരളത്തിലും സ്വാഭാവികമായും വിലയിടിവ് സംഭവിക്കും. 3500 ഡോളറിലേക്ക് വില വീണാൽ കേരളത്തിൽ ഒരു പവൻ വില 94000ത്തിലേക്ക് താഴാം.


Click it and Unblock the Notifications
