സ്വര്‍ണം ഒരു വര്‍ഷത്തിനിടെ 37720 രൂപ വര്‍ധിച്ചു; ഈ മാസം മാത്രം 9400, ഇനി 75000ത്തിലേക്ക് താഴുമോ?
സ്വര്‍ണവിലയിലെ മുന്നേറ്റമാണ് എവിടെയും ചര്‍ച്ച. ഇത്രയും വില കൂടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് പറയുന്നവരാണ് കൂടുതല്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 95960 രൂപയാണ് വില. 97360 രൂപ വരെ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 9400 രൂപ കൂടുതലാണ്. കഴിഞ്ഞ മാസവും ഇത്രയും രൂപ വര്‍ധിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് സ്വര്‍ണം പവന് എത്രയായിരുന്നു വില എന്ന് ഓര്‍മയുണ്ടോ. 58240 രൂപയായിരുന്നു 2024 ഒക്ടോബര്‍ 19ലെ വില. അതായത്, 37720 രൂപ പിന്നീട് ഉയര്‍ന്നു. 365 ദിവസത്തിനിടെ ഇത്രയും വില കയറിയ മറ്റൊരു വസ്തു ഇല്ല. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് വന്‍ കയറ്റമുണ്ടായത്. ആവശ്യക്കാര്‍ കൂടിയതാണ് കാരണം. ഒരു ലക്ഷം രൂപ തൊടാന്‍ പോകുകയാണ് ഒരു പവന്. എന്നാല്‍ വൈകാതെ ഇടിയുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ട്. അതുംകൂടി അറിയാം...

സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറയുന്നത് ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഉചിതമല്ല എന്നാണ്. വൈകാതെ വില കുറയുമെന്നും അവര്‍ കരുതുന്നു. രാജ്യാന്തര തലത്തിലെ വിപണി സാഹചര്യം മാറുമെന്നും അപ്പോള്‍ സ്വര്‍ണവില താഴുമെന്നുമാണ് മേരി ജോര്‍ജിന്റെ പ്രതികരണം. അമിതമായ സ്വര്‍ണ ഭ്രമം ഒഴിവാക്കണമെന്നും അവര്‍ ഉപദേശിക്കുന്നു.
സ്വര്‍ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂര്‍ പറയുന്നതും സമാനമായ കാര്യമാണ്. സ്വര്‍ണവില വൈകാതെ കുറയുമെന്നാണ്. വളരെ ഉയര്‍ന്ന വിലയിലെത്തിയ സാഹചര്യത്തില്‍ സ്വര്‍ണവില ക്രമീകരിക്കപ്പെടുമെന്നാണ്. അതായത്, 25 ശതമാനം വരെ വില കുറയാന്‍ സാധ്യതയുണ്ട് എന്ന് അദ്ദേഹവും പ്രവചിക്കുന്നു. നേരത്തെ വില ഉയര്‍ന്നു വരുന്ന ഘട്ടത്തിലും പലരും സമാനമായ പ്രവചനം നടത്തിയിരുന്നു എങ്കിലും വില താഴ്ന്നിട്ടില്ല.
ഈ മാറ്റങ്ങള്‍ സംഭവിക്കുമോ
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെല്ലാം കാര്യമില്ലാതാകും. മാത്രമല്ല, നിക്ഷേപ വരുമാനം കുറയുകയും ചെയ്യും. ഇത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. അവര്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്.
ലോക രാഷ്ട്രീയ സാഹചര്യം മാറുകയും സമാധാന അന്തരീക്ഷം വരികയും ചെയ്താല്‍ സ്വര്‍ണവില കുറയുമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ യുക്രൈന്‍-റഷ്യ പോര് മൂന്ന് വര്‍ഷമായി തുടരുകയാണ്. ഇസ്രായേല്‍-പലസ്തീന്‍ വിഷയം ഇപ്പോഴും തീര്‍ന്നു എന്ന് പറയാറായിട്ടില്ല. അതുകൊണ്ടുതന്നെ സമാധാനത്തിലെത്തുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്താനായിട്ടില്ല.
ഡൊണാള്‍ഡ് ട്രംപ് ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകള്‍ വിപണിയെ തകിടം മറിക്കുന്നുണ്ട്. സ്വന്തം ബിസിനസ് താല്‍പ്പര്യത്തിന് വേണ്ടി ബോധപൂര്‍വം അദ്ദേഹം പ്രസ്താവന നടത്തുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ചൈനക്കെതിരെ 100 ശതമാനം ചുങ്കം എന്ന പ്രഖ്യാപനമാണ് ഏറ്റവും ഒടുവിലത്തേത്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ കൊമ്പുകോര്‍ക്കുന്നത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കും. അപ്പോഴും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില കൂടുകയും ചെയ്യും.












Click it and Unblock the Notifications