സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക് തിരിച്ചുകയറി; 10800 രൂപയുടെ കുതിപ്പ്, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ തിരിച്ചെത്തി. ഇന്ന് 1520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില കൂടാനുള്ള സാഹചര്യമുണ്ട്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് സ്വര്‍ണവില വീണ്ടും കുതിക്കാന്‍ കാരണം. കഴിഞ്ഞ രണ്ടു ദിവസമായി വില കുറഞ്ഞു വരുന്നതിനിടെയാണ് ഇന്ന് തിരിച്ചുകയറിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4348 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 98.71 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 87.92 എന്ന നിലയിലെത്തി. ഇനിയും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഓരോ ദിവസവും രണ്ടു നേരം വില കൂടുന്ന സാഹചര്യമാണുള്ളത്. നേരത്തെ 80 രൂപയുടെ മാറ്റമാണ് ദിവസവും രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ 500, 1000 രൂപയാണ് വര്‍ധിക്കുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12170 രൂപയായിട്ടുണ്ട്. ഒരു പവന് 97360 രൂപയും. ഈ മാസം 17ന് ഈ വിലയിലെത്തിയിരുന്നു എങ്കിലും പിന്നീട് കുറഞ്ഞ് 95480 രൂപയിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ വില മുന്നേറ്റം. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10005 രൂപയായി. ഈ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7800 രൂപയാണ് ഇന്നത്തെ വില. 58 ശതമനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ് ഈ ആഭരണത്തിലുണ്ടാകുക. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5030 രൂപയാണ് ഇന്നത്തെ നിരക്ക്. 37.5 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 180 രൂപയാണ് ഇന്നത്തെ നിരക്ക്.
10800 രൂപയുടെ വര്‍ധനവ്
ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 86560 രൂപയായിരുന്നു. ഇന്നത്തെ വിലയില്‍ നിന്ന് 10800 രൂപ കുറവായിരുന്നു അന്ന്. ഈ മാസം ആദ്യത്തില്‍ സ്വര്‍ണം വാങ്ങി ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്ക് ഇത്രയും ലാഭം കിട്ടുമെന്ന് ചുരുക്കം. മൂന്ന് ആഴ്ചയ്ക്കിടെ 10000 രൂപയില്‍ അധികം ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ് ഇല്ലെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധനവിന് അല്‍പ്പം ശമനം നേരിടുമെന്നാണ് വിലയിരുത്തല്‍. ഡിസംബറിന് ശേഷം വില കുറഞ്ഞേക്കുമെന്ന് പറയപ്പെടുന്നു. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ വലിയ ഇടിവിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പവന്‍ വില 50000 ആകുമെന്നും 75000 ആകുമെന്നും പ്രവചനമുണ്ട്. സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്, വ്യവസായി ബോബി ചെമ്മണ്ണൂര്‍ എന്നിവരെല്ലാം വില കുറയാനുള്ള സാധ്യത സൂചിപ്പിക്കിന്നു.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കാത്തതാണ് നിലവിലെ വെല്ലുവിളി. റിപബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. അമേരിക്കന്‍ തൊഴില്‍ രംഗം മെച്ചപ്പെട്ടാല്‍ മാത്രമാണ് സ്വര്‍ണവില കുറയുകയുള്ളൂ എന്നും വിലയിരുത്തലുണ്ട്. മാത്രമല്ല, ഡോളര്‍ മൂല്യം വര്‍ധിപ്പിക്കാതെ ഇടിഞ്ഞു നില്‍ക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാണ്.












Click it and Unblock the Notifications