സ്വർണം ഇപ്പോള്‍ വാങ്ങിയാല്‍ എന്ത് സംഭവിക്കും; പോക്കറ്റിലാകുമോ 30000: അതും ഒരു പവന്
ഡൽഹി: ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട വിപണിയില്‍ സ്വർണവില ഔൺസിന് 3500 ഡോളർ കടന്നതോടെയാണ് കേളത്തലും വില പുതിയ ഉയരങ്ങള്‍ താണ്ടിയത്. ചൊവ്വാഴ്ച ഒറ്റ ദിവസംകൊണ്ട് 2,200 രൂപ കുതിച്ചുയർന്ന് 74,320 രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തിയ പവൻവില പിന്നീട് സമാനമായ രീതിയില്‍ തന്നെ തിരിച്ചിറങ്ങുന്നതാണ് കണ്ടത്. രണ്ട് ദിവസത്തിനിടെ 2280 രൂപ കുറഞ്ഞ് 72040 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
2025-ന്റെ ആദ്യ നാല് മാസങ്ങളിൽ സ്വർണവിലയില്‍ 25 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 42 ശതമാനവും ഏപ്രിൽ മാസത്തിൽ മാത്രം 10 ശതമാനവും ഉയർച്ചയുണ്ടായി. ട്രംപ് ഉയർത്തി വിട്ട താരിഫ് യുദ്ധ ഭീഷണിയും ഡോളർ പിന്തുണയുള്ള ആസ്തികളിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറഞ്ഞതുമാണ് സ്വർണ വില വർധനവിന് പ്രധാനമായും കാരണമായത്. സാമ്പത്തിക മേഖല പ്രതിസന്ധി നേരിടാന്‍ പോകുന്നുവെന്ന സംശയം ഉയരുന്ന ഘട്ടങ്ങളില്‍ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്.

അന്താരാഷ്ട്ര വിപണിയിലെ വില 3500 ഡോളർ എത്തിയ ശേഷം സ്വർണവിലയില്‍ 3 ശതമാനത്തിന്റെ ഇടിവാണ് വ്യാഴാഴ്ച വരേയുണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ മൃദുസമീപനവും, ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പുറത്താക്കാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റവുമാണ് വിപണികളെ സ്വാധീനിച്ചത്. ട്രംപിന്റെ ഈ രണ്ട് വിഷയങ്ങളിലുമുള്ള നിലപാട് മാറ്റം ഓഹരി, ബോണ്ട് വിപണികൾ വീണ്ടെടുപ്പ് നടത്തുന്നതിന് ഇടയാക്കുകയായിരുന്നു. ഡോളർ ശക്തിപ്പെട്ടതോടെ സ്വാഭാവികമായും സ്വർണവിലയിൽ ഇടിവുണ്ടായി.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത കുത്തനെ വർധിക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധവും അനുബന്ധ തീരുവ വർധനകളും ഈ അനിശ്ചിതത്വം വർധിപ്പിക്കുകയും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പികുകയും ചെയ്യുന്നു. അതോടൊപ്പം, കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വിലവർധനവിന് ആക്കം കൂട്ടുന്നു.
സ്വർണ വിലയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഇനിയും തുടരുമോയെന്നാണ് പലരും പ്രധാനമായി ഉറ്റുനോക്കുന്നത്. എന്നാല്‍ അവർക്ക് ആശ്വസിക്കാനുള്ള വകയല്ല വിദഗ്ധർ നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം. 2025 അവസാനത്തോടെ സ്വർണവില 3,700 ഡോളറിലെത്താമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രചരണം. ഏറ്റവും മോശം സാഹചര്യത്തില്‍ ഇത് 4500 ഡോളർ വരെയായി ഉയരാം. ആ നിലയിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തിലെ പവന്റെ വില ഒരു ലക്ഷം കടക്കും. അങ്ങനെയങ്കില്‍ ഇപ്പോള്‍ സ്വർണം വാങ്ങുന്നയാള്‍ 30000 രൂപയോളം പവന്‍ നിരക്കില്‍ ലാഭമുണ്ടാകും. ജെപി മോർഗന്റെ പ്രവചനമാകട്ടെ 2026-ന്റെ രണ്ടാം പാദത്തോടെ സ്വർണവില 4,000 ഡോളർ കടക്കുമെന്നാണ്.
സ്വർണവിലയിലെ കുത്തനേയുള്ള വർധനവിനെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുമ്പോള്‍ തന്നെ സ്വർണപ്രേമികൾക്ക് ആശ്വാസം നൽകുന്ന പ്രവചനവുമായി യുഎസ് ആസ്ഥാനമായ മോണിംഗ്സ്റ്റാർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ജോൺ മില്ലസ് കഴിഞ്ഞയാഴ്ച് രംഗത്ത് വന്നിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,820 ഡോളറിലേക്ക് കൂപ്പുകുത്താൻ സാധ്യതയുണ്ടെന്നാണ് മില്ലസിന്റെ വിലയിരുത്തൽ. അതായത് 38 മുതൽ 40 ശതമാനം വരെ ഇടിവ്. വർധിച്ച വിതരണം, ആവശ്യകതയിലെ കുറവ്, മറ്റ് വിപണി ഘടകങ്ങൾ എന്നിവ സ്വർണവിലയിൽ ഗണ്യമായ തിരുത്തലിന് കാരണമാകുമെന്നും, ഇത് സ്വർണവിപണിയെ വലിയ തോതില്‍ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭൂരിപക്ഷം വിപണി വിദഗ്ധർ ഇത്തരമൊരു സാധ്യത തള്ളുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications