ഇടിഞ്ഞുവീണ് സ്വര്‍ണവില; ഡോളര്‍ കുതിപ്പ് നേട്ടമായി, രൂപ തകര്‍ച്ചയില്‍, ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്നതായിരുന്നു വെള്ളിയാഴ്ച വിപണിയില്‍ നിന്നുള്ള വാര്‍ത്ത. ഇന്ന് നേരെ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. വെള്ളിയാഴ്ച കയറിയതിനേക്കാള്‍ ഇന്ന് താഴ്ന്നിട്ടുണ്ട്. സര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഇനി തിങ്കളാഴ്ചയാകും സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തുക.
ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വില പവന് 54080 രൂപയായിരുന്നു. ഈ വില കടന്ന് കുതിക്കുമെന്നാണ് വിപണി അവലോകനം ചെയ്യുന്നവര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. എന്നാല്‍ വലിയ വിലയിടിവ് ഇന്ന് സംഭവിച്ചു. അതേസമയം, എണ്ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. ഡോളര്‍ ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്. അറിയാം ഇന്നത്തെ വില സംബന്ധിച്ച്...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53080 രൂപയാണ്. 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6635 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് 57500 രൂപ ചെലവായേക്കാം. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേരുമ്പോഴാണിത്. ഉപഭോക്താക്കള്‍ സ്വര്‍ണത്തിന്റെ പണിക്കൂലി കുറയ്ക്കുന്നതിന് ജ്വല്ലറി ജീവനക്കാരുമായി സംസാരിച്ച് ധാരണയിലെത്തണം.
ഡോളര്‍ മൂല്യത്തില്‍ കയറ്റമുണ്ടായതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക 105.83ലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.56ലെത്തി. രൂപ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. ഡോളര്‍ മൂല്യവും സ്വര്‍ണവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയുമോ...
ലോകത്തെ പ്രധാന വ്യാപാര കറന്‍സി കൂടിയാണ് ഡോളര്‍. ആഗോള തലത്തില്‍ മിക്ക വ്യാപാരവും കണക്കുകൂട്ടുന്നത് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളര്‍ മൂല്യം ഉയരുന്നു എന്ന് പറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളായ യൂറോ, യെന്‍, യുവാന്‍, പൗണ്ട് തുടങ്ങിയ കറന്‍സികളുടെ മൂല്യം കുറഞ്ഞു എന്നാണ് അര്‍ഥമാക്കുന്നത്. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറും എന്നതാണ് ഫലം.
ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കുറയും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കൂടുകയും ചെയ്യും. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരും. ആവശ്യക്കാര്‍ കുറയുമ്പോള്‍ മറിച്ചും. നിലവില്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. അതാണ് വില കുറയാന്‍ കാരണം.
എണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 85.61 ഡോളറാണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 80.73 ഡോളറും മര്‍ബണ്‍ ക്രൂഡിന് 84.61 ഡോളറുമാണ് വില. ചൈനയില്‍ നിന്ന് എണ്ണയ്ക്ക് ആവശ്യം ഏറിയാല്‍ എണ്ണവില ഇനിയും വര്‍ധിക്കും. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. വൈകാതെ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളര്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍.












Click it and Unblock the Notifications