സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; ആഭരണ പ്രേമികള്‍ പണിക്കൂലി ശ്രദ്ധിക്കണം, പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില താഴ്ന്നു. ആഭരണം വാങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. വില ഇനിയും കുറയുമെന്ന് ചില സാമ്പത്തിക വിദ്ഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്. ഓഹരി വിപണിയും ഡോളറും കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവില ഇടയുമെന്ന പ്രവചനത്തിന് കാരണം.
കേരളത്തില്‍ ബുധനാഴ്ച പവന്‍ വില 880 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് രാവിലെ 120 രൂപ കുറയുകയാണ് ചെയ്തത്. ഉച്ചയ്ക്ക് ശേഷം വീണ്ടും 320 രൂപ കൂടി കുറഞ്ഞു. അതായത് ഇന്ന് മാത്രം 440 രൂപ കുറഞ്ഞു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സ്വര്‍ണവില വരും ദിവസങ്ങളിലും കുറഞ്ഞേക്കും. എങ്കിലും വിലയില്‍ ചാഞ്ചാട്ടത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. 22 കാരറ്റ് ഗ്രാമിന് 11390 രൂപയായി കുറഞ്ഞു. 18 കാരറ്റ് ഗ്രാം വില 9370 രൂപയും പവന്‍ വില 74960 രൂപയുമാണ്. 14 കാരറ്റ് ഗ്രാം വില 7300 രൂപയും പവന്‍ വില 58400 രൂപയുമാണ്. 9 കാരറ്റ് ഗ്രാം വില 4710 രൂപയും പവന്‍ വില 37680 രൂപയുമാണ്. രാജ്യാന്തര വിപണിയിലും വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇപ്പോള്‍ 4065 ഡോളറാണ് ഔണ്‍സ് വില.
സ്വര്‍ണവിലയിലെ രണ്ടു സാധ്യതകള്‍
വിപണിയില്‍ സ്വര്‍ണവില കുറയാന്‍ ഒരു കാരണം ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതാണ്. 100.25 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. എന്നാല്‍ അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കും എന്ന പ്രചാരണം സ്വര്‍ണവില കൂടാന്‍ കാരണമാണ്. വില കുറയാനും ഉയരാനും കാരണമായി ഘടകങ്ങളുള്ളതിനാല്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത.
അതേസമയം, ഡോളര്‍ മൂല്യം കൂടുമ്പോള്‍ കൂടുതല്‍ പേര്‍ ഡോളറിലേക്ക് ആകര്‍ഷിക്കപ്പെടും. മാത്രമല്ല, ഓഹരി വിപണിയും സജീവമാകും. ഇത് രണ്ടും സംഭവിച്ചാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ പിന്‍വാങ്ങി ഡോളറിലേക്കും ഓഹരി വിപണിയിലേക്കും തിരിച്ചെത്തും. ഈ മാറ്റം സാധ്യമായാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ സ്വര്‍ണത്തിന്റെ കഴിഞ്ഞകാല വില മാറ്റം ക്രമേണ ഉയര്‍ന്നുവരുന്നതാണ്.
ആഭരണത്തിന്റെ പണിക്കൂലി
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 98000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കു നോക്കിയാലാണിത്. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ വാങ്ങിയാല്‍ പണിക്കൂലിയും കൂടും. അപ്പോള്‍ ഒരു ലക്ഷം രൂപ കടക്കും. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവ് പരമാവധി വില പേശിയാല്‍ നേട്ടം കിട്ടും.
ഒന്നര വര്‍ഷം മുമ്പ് ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപ വിലയുണ്ടായിരുന്ന വേളയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 2000 രൂപയായിരുന്നു. എന്നാല്‍ അതേ മോഡല്‍ ആഭരണത്തിന് ഇപ്പോള്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 4500 രൂപ വരും. അതുകൊണ്ടുതന്നെ ജ്വല്ലറികള്‍ പണിക്കൂലി ഇനത്തില്‍ വലിയ ലാഭം കൊയ്യുന്നു എന്ന വിമര്‍ശനവുമുണ്ട്.












Click it and Unblock the Notifications