സ്വര്‍ണവില ഇനി എല്ലാ ദിവസവും രണ്ട് തവണ മാറുമോ? വിലകുറഞ്ഞാല്‍ അപ്പോള്‍ തന്നെ വാങ്ങിക്കോ
സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ റെക്കോഡ് കുതിപ്പാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ ഈ വര്‍ഷം ആഗസ്റ്റ് അവസാന വാരത്തിന് ശേഷം സ്വര്‍ണം വലിയ കുതിപ്പാണ് നടത്തിയത്. ആഗസ്റ്റിലെ ആദ്യ വാരങ്ങളില്‍ ചാഞ്ചാടിയ സ്വര്‍ണ വിലയാണ് എല്ലാ ദിവസവും സര്‍വകാല റെക്കോഡ് സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറിയത്. ആഗസ്റ്റ് 21 ന് ഒരു പവന്‍ സ്വര്‍ണത്തിന് 73840 രൂപയായിരുന്നു വില.
എന്നാല്‍ 31-ാം തിയതി ആയപ്പോഴേക്ക് സ്വര്‍ണ വില 76960 ആയി. സെപ്തംബര്‍ ഒന്നിന് വ്യാപാരം ആരംഭിച്ചത് 77640 രൂപയില്‍ ആയിരുന്നെങ്കില്‍ ആ മാസം അവസാനിപ്പിച്ചത് 86760 എന്ന നിലയില്‍ ആണ്. ഈ മാസം ഒന്നാം തിയതി 87000 രൂപയായിരുന്നു പവന്‍ വില എങ്കില്‍ ഒമ്പതാം തിയതി രേഖപ്പെടുത്തിയത് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയായ 91040 ആണ്. ഇത്തരത്തില്‍ ഓരോ ദിവസവും പുതിയ റെക്കോഡ് എന്ന നിലയിലേക്ക് സ്വര്‍ണം മാറിയിട്ടുണ്ട്.

അതോടൊപ്പം തന്നെ മറ്റൊരു പ്രവണതയും സ്വര്‍ണ വിലയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. സാധാരണ എല്ലാ ദിവസവും രാവിലെ 9.30 യ്ക്കാണ് സ്വര്‍ണ വില മാറാറുള്ളത്. ആ ദിവസം മുഴുവന്‍ പിന്നീട് ആ വിലയില്‍ ആയിരിക്കും വ്യാപാരം നടത്തുക. വളരെ അപൂര്‍വമായി മാത്രമെ സ്വര്‍ണവില ഒരു ദിവസത്തില്‍ രണ്ട് തവണ മാറാറുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നതായി കാണാനാകും.
സെപ്തംബറില്‍ അഞ്ച് തവണയാണ് ഇത്തരത്തില്‍ ഒരു ദിവസം തന്നെ വിലയില്‍ മാറ്റം വന്നത്. സെപ്തംബര്‍ 8, 22, 23, 29, 30 എന്നീ ദിവസങ്ങളിലാണ് രാവിലേയും ഉച്ചയ്ക്ക് ശേഷവും സ്വര്‍ണ വില മാറിയത്. സെപ്തംബറില്‍ 30 ദിവസത്തിനിടെയാണ് വിലയില്‍ അഞ്ച് തവണ മാറ്റം വന്നതെങ്കില്‍ ഈ മാസം, അതായത് ഒക്ടോബറിലെ ആദ്യ പത്ത് ദിവസങ്ങളില്‍ തന്നെ വിലയില്‍ നാല് തവണ മാറ്റം വന്നു.
ഒക്ടോബര്‍ 1, 3, 8, 10 എന്നീ ദിവസങ്ങളിലാണ് വിലയില്‍ മാറ്റം വന്നത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വില നിലവാരത്തില്‍ വരുന്ന ദിവസേനയുള്ള മാറ്റം തിരിച്ചടിയാണ്. കാരണം രാവിലെ വില കുറഞ്ഞതറിഞ്ഞ് ഉച്ചയ്ക്ക് ശേഷം ജ്വല്ലറിയില്‍ പോകാമെന്ന് കരുതിയാല്‍ ഉച്ചയ്ക്ക് ശേഷം വില കൂടിയിട്ടുണ്ടാകും. ഇന്ന് സംഭവിച്ചത് അതാണ്. രാവിലെ 1360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരുന്നത്.
എന്നാല്‍ ഈ ഉച്ചയ്ക്ക് ശേഷം 1040 രൂപ കൂടി. ഇനി വില കുറഞ്ഞെന്ന് അറിഞ്ഞാല്‍ അപ്പോള്‍ തന്നെ ജ്വല്ലറിയിലേക്ക് വിട്ടാല്‍ മാത്രമെ കുറയുന്നതിന്റെ ഗുണം ലഭിക്കൂ എന്ന് സാരം. അല്ലെങ്കില്‍ ആ സമയം ജ്വല്ലറിയില്‍ പോയി ചെറിയ തുക കൊടുത്ത് ബുക്ക് ചെയ്താലും മതി. പ്രീ ബുക്കിംഗ് നടത്തിയാല്‍ വില കൂടിയാലും ബുക്ക് ചെയ്ത വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വില കൊടുത്താലും മതി.
അതേസമയം സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് വിലക്കയറ്റം നേട്ടമാണ്. ഈ വര്‍ഷം ആദ്യം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ഏകദേശം 30000 രൂപയ്ക്ക് മുകളില്‍ ലാഭം ലഭിക്കുന്ന തരത്തിലാണ് സ്വര്‍ണ വില ഉയര്‍ന്നിരിക്കുന്നത്. ജനുവരി ഒന്നിന് 57200 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നത്തെ വില 90720 ആണ്. പത്ത് മാസം കൊണ്ട് 33520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്.
ഒരു പവന് ഒരു ലക്ഷം രൂപയിലെത്താന്‍ ഇനി 10000 രൂപയുടെ കുറവ് കൂടിയെ ഉള്ളൂ. ഇനിയും രണ്ട് മാസം കൂടി ബാക്കിയുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ 2026 ല്‍ തന്നെ ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ സ്വര്‍ണം മറികടക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications