രണ്ടാം ദിനവും സ്വർണ വില ഇടിഞ്ഞു: പക്ഷെ ആശ്വസിക്കാന്‍ വകയുണ്ടോ, വിദഗ്ധർ പറയുന്നത്
കൊച്ചി: സ്വർണത്തിന് ഈ മാസം മാത്രം പവന് രണ്ടായിരത്തിലേറെ രൂപയാണ് വർധിച്ചിരിക്കുന്നത്. അമേരിക്കന്‍ ബാങ്കുകളുടെ തകർച്ചയുള്‍പ്പടേയുള്ള കാര്യങ്ങളാണ് സ്വർണ വിപണയിലെ ഏറ്റക്കുറിച്ചിലുകള്‍ക്ക് കാരണം. മാർച്ച് 18 നാണ് സ്വർണ വില സർവ്വകാല റെക്കോർഡ് ആയ 44240 ല്‍ എത്തിയത്. പിന്നീട് വീണ്ടും കുറഞ്ഞ് 43840 ലേക്കും അവിടുന്ന് 43360 ലേക്കും എത്തി.
മാർച്ച് 24 ന് വില വീണ്ടും 44 കടന്നു. എന്നാല്‍ ഇതിന് ശേഷമുള്ള ദിവസങ്ങളില്‍ സ്വർണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന വാർത്തകളാണ് വിപണിയില്‍ നിന്നും പുറത്ത് വരുന്നത്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയായിരുന്നു രേഖപ്പെടുത്തിയത്. വില നേരിയ തോതിലാണെങ്കിലും പതിയെ പതിയെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ് ആശ്വസം. ഇന്നും സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് വില്‍പ്പന. രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് പവൻ വില 43,800ൽ എത്തിയത്. രാജ്യാന്തര തലത്തില്‍ സാമ്പത്തി മാന്ദ്യം എന്ന ധാരണ പ്രചരിച്ചതോടെയായിരുന്നു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില ഉയരാന്‍ കാരണം.
ഇപ്പോള്‍ വില താത്കാലികമായി കുറഞ്ഞെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വില വർധിച്ചേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. അത് പവന് 60000 എന്ന നിലയിലേക്ക് വരെ എത്തിയേക്കാം. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറ്റം നേടിയതാണ് ഇന്ന് വില അല്‍പ്പം കുറയാന്‍ കാരണമായതെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകം മുഴുവൻ പണപ്പെരുപ്പം വർദ്ധിക്കുന്നതും ആഗോളതലത്തിൽ ബാങ്കുകളുടെ തകർച്ചയും കാരണം 2023-ലെ സാമ്പത്തിക രംഗം വളരെ അനിശ്ചിതത്വത്തിലൂടെയാണ് കടന്ന് പോവുന്നത്. പണപ്പെരുപ്പ കാലയളവിൽ സ്വർണം സുരക്ഷിത നിക്ഷേപമായി മാറുന്നു. ആളുകള്‍ക്ക് മാത്രമല്ല ഇത് സെന്‍ട്രല്‍ ബാങ്കുകള്‍ക്കും ഗുണം ചെയ്യുന്നു. പണപ്പെരുപ്പ കാലയളവിൽ സ്വർണം സെൻട്രൽ ബാങ്കുകളുടെ മൊത്തത്തിലുള്ള കരുതൽ ശേഖരത്തിൽ മികച്ച വളർച്ച നൽകുന്നു.
ആഗോള രംഗത്തെ സാമ്പത്തികാനിശ്ചിതത്വങ്ങൾക്ക് പരിഹാരമാകുന്നത് വരെ സ്വർണവില മുന്നേറ്റ പ്രവണത തുടരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ സ്വർണത്തിന് വലിയ ഡിമാന്‍ഡാണ് ഉണ്ടാവുന്നതെന്നാണ് ജ്വല്ലറി മേഖലയില്‍ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. അതേസമയം ആളുകള്‍ വാങ്ങിക്കുന്ന അളവില്‍ കുറവ് വന്നിട്ടുണ്ട്.
സ്വർണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 608 രൂപയാണ് വില. 10 ഗ്രാമിന് 760 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 76,000 രൂപയാണ് വില.












Click it and Unblock the Notifications