സ്വര്‍ണത്തിന് 32120 രൂപ കൂടി... മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 13400 രൂപ! ജനുവരിയില്‍ സംഭവിച്ചത്
സ്വര്‍ണവിലയില്‍ സമാനതകളില്ലാത്ത പ്രകടനത്തിന് സാക്ഷ്യം വഹിച്ച മാസമായിരുന്നു 2026 ജനുവരി. പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു ഉപഭോക്താക്കള്‍ സ്വര്‍ണ വിപണിയിലേക്ക് കാലെടുത്ത് വെച്ചത്. എന്നാല്‍ നിക്ഷേപകരേയും ഉപഭോക്താക്കളേയും ഒരുപോലെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു സ്വര്‍ണത്തിന്റെ കുതിപ്പ്. മൂന്നും നാലും വര്‍ഷം കൊണ്ട് കൂടേണ്ട വിലയാണ് ജനുവരിയിലെ ആദ്യ 28 ദിവസം കൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത്.
സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഇതുവരെയില്ലാത്ത പ്രകടനമായിരുന്നു ഇത്. 2024 ല്‍ ഒരു വര്‍ഷം കൊണ്ട് സ്വര്‍ണ വില വര്‍ധിച്ചത് 24 ശതമാനത്തോളമായിരുന്നു. എന്നാല്‍ 2026 ലെ ആദ്യ 28 ദിവസം കൊണ്ട് 25 ശതമാനമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. അതേസമയം റെക്കോഡ് നിരക്കില്‍ നിന്ന് സ്വര്‍ണം അതിവേഗം താഴേക്ക് പതിക്കുന്ന കാഴ്ചയും ജനുവരിയില്‍ ദൃശ്യമായി.

ജനുവരിയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി. ഇത് സ്വര്‍ണത്തിന്റെ വിലയില്‍ ഗണ്യമായ ഇടിവ് വരുത്തിയെങ്കിലും ഇപ്പോഴും ഏറെ ഉയരത്തില്‍ തന്നെയാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ജനുവരിയില്‍ കേരളത്തില്‍ സ്വര്‍ണവില എങ്ങനെയെല്ലാമാണ് മാറിയത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
2026 ലെ ആദ്യ ദിവസം ( ജനുവരി 1) ഒരു പവന്‍ സ്വര്‍ണത്തിന് 99040 രൂപയായിരുന്നു കേരളത്തിലെ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതായിരുന്നു എന്ന് മനസിലാക്കുമ്പോഴാണ് സ്വര്‍ണം എത്രത്തോളം വലിയ കുതിപ്പാണ് പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയത് എന്ന് മനസിലാകുക. ജനുവരി രണ്ടിന്് 99880 ലേക്ക് എത്തിയ സ്വര്‍ണണവില പിന്നീട് രണ്ട് ദിവസവും കുറഞ്ഞ് 99600 രൂപയില്‍ ആണ് വ്യാപാരം നടത്തിയത്.
എന്നാല്‍ ജനുവരി 5 ന് സ്വര്‍ണം പവന് ആദ്യമായി 1 ലക്ഷം രൂപ മാന്ത്രികസംഖ്യ പിന്നിട്ടു. 100760 രൂപയായിരുന്നു അന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതായിരുന്നു സ്വര്‍ണത്തിന്റെ ചരിത്ര കുതിപ്പിന്റെ തുടക്കം. അന്ന് ഉച്ചയ്ക്ക് തന്നെ സ്വര്‍ണ വില 101080 ലേക്ക് എത്തി. പിന്നീടങ്ങോട്ട് സ്വര്‍ണവില അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുകയായിരുന്നു. ജനുവരിയിലെ ആദ്യ ഏഴ് ദിവസം (1-7) സ്വര്‍ണത്തിന് കൂടിയത് 2360 രൂപയാണ്.
മാത്രമല്ല ഈ ദിവസങ്ങളിലെല്ലാം പ്രതിദിനം രണ്ട് തവണ സ്വര്‍ണത്തിന് വില കൂടുന്ന സ്ഥിതിയുമുണ്ടായി. ജനുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോഴേക്കും (ജനുവരി 15) 105320 ആയി പവന്‍ വില ഉയര്‍ന്നു. അതായത് ജനുവരി 8 മുതല്‍ 15 വരെയുള്ള രണ്ടാമത്തെ ഏഴ് ദിവസങ്ങളില്‍ സ്വര്‍ണവില 3920 രൂപ വര്‍ധിച്ചു. പിന്നീട് സ്വര്‍ണം സ്വപ്‌നസമാനമായ കുതിപ്പാണ് നടത്തിയത്.
ഇടയ്ക്ക് നേരിയ ഇടിവ് സംഭവിച്ചതൊഴിച്ചാല്‍ വില കുത്തനെ കൂടി. ജനുവരി 21 ന് 114840 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതായത് പിന്നീടുള്ള ഏഴ് ദിവസങ്ങളില്‍ 9520 രൂപയാണ് പവന് കൂടിയത്. മാത്രമല്ല ദിവസത്തില്‍ രണ്ട് തവണ രേഖപ്പെടുത്തിയിരുന്ന സ്വര്‍ണ വിലയിലെ മാറ്റം നാല് തവണ മാറുന്നതിലേക്കും എത്തി. ജനുവരി 20 നായിരുന്നു ഈ അസാധാരണ സാഹചര്യം ഉണ്ടായത്.
ജനുവരി 20 ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 108000 രൂപ ആയിരുന്നു. ഇത് ഉച്ചയ്ക്ക് 108800 രൂപ ആയി വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം 110400 രൂപ ആയും വൈകീട്ട് 109840 രൂപ ആയും പവന്‍ വില മാറി. ഇതാദ്യമായാണ് ഒറ്റ ദിവസത്തില്‍ സ്വര്‍ണം നാല് തവണ വില പരിഷ്‌കരിക്കുന്നത്. ജനുവരി 21 ന് മൂന്ന് തവണയും പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ കേരളത്തില്‍ മാറ്റമുണ്ടായി.
മുന്‍ദിവസങ്ങളിലേത് പോലെ ജനുവരിയിലെ നാലാമത്തെ ആഴ്ചയും സ്വര്‍ണം കുതിച്ചു. ജനുവരി 22 ന് 113160 രൂപ എന്ന നിരക്കിലായിരുന്നു പവന്‍ സ്വര്‍ണം. എന്നാല്‍ ജനുവരി 28 ന് ഇത് 122520 രൂപ ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 9360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി 29 ന് രാവിലെ വരെ സ്വര്‍ണ വില വര്‍ധിച്ചു. അന്നേ ദിവസം രാവിലെ 131160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സ്വര്‍ണ വിലയും ഇത് തന്നെ. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് അന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. പവന് 8640 രൂപയാണ് ഒറ്റ ദിവസം വര്‍ധിച്ചത്. ജനുവരി 1 മുതല്‍ ജനുവരി 29 ന് രാവിലെ വരെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 32120 രൂപയാണ്. എന്നാല്‍ പിന്നീട് സ്വര്‍ണ വില ഗണ്യമായി കുറഞ്ഞു. ജനുവരി 29 ന് രാവിലെ 131160 രൂപയായിരുന്ന പവന്‍ വില അന്ന് ഉച്ചയ്ക്ക് ശേഷം 130360 രൂപയായി കുറഞ്ഞു.
ജനുവരി 30 ന് രാവിലെ 125120 രൂപ, വൈകീട്ട് 124080 രൂപ എന്നിങ്ങനെയായി പവന്‍ വില കുറഞ്ഞു. പവന് 117760 എന്ന നിരക്കിലാണ് ജനുവരി 31 ന് സ്വര്‍ണ വിപണി വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി 29 ന് ഉച്ചയ്ക്ക് ശേഷം ജനുവരി 31 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണ വില പവന് മാത്രം കുറഞ്ഞത് 13400 രൂപയാണ്.












Click it and Unblock the Notifications