ഒരു പവന്‍ സ്വർണം വാങ്ങിയത് ജനുവരി 1 ന്: ഇപ്പോള്‍ ലാഭം എത്രയെന്ന് അറിയുമോ? ഞെട്ടിച്ച് കളയുന്ന വർധനവ്
കൊച്ചി: ചരിത്രത്തിലൊന്നും കാണാത്ത തരത്തിലാണ് സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുതിച്ചുകൊണ്ടിരിക്കുന്നത്. ട്രംപ് ഉയർത്തിവിട്ട താരിഫ് യുദ്ധ ഭീഷണി ലോകവിപണിയില്‍ സ്വർണ്ണവില പുതിയ ഉയരങ്ങളില്‍ എത്തിച്ചതിന്റെ പ്രതിഫലനമാണ് കേരളവിപണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്നലേയും ഇന്ന് കേരള വിപണിയിലെ എക്കാലത്തേയും ഉയർന്ന നിരക്കായ പവന് 70160 രൂപ എന്ന നിരക്കില്‍ ഒരുപവന്‍ സ്വർണ്ണത്തിന്റെ വില്‍പ്പന നടക്കുന്നു. ശനിയാഴ്ചത്തെ 200 രൂപയുടെ വർധനവ് അടക്കം 4 ദിവസത്തിനിടയില്‍ മാത്രം 4360 രൂപയുടെ വർധനവ് സ്വർണവിലയില്‍ രേഖപ്പെടുത്തി. ശനിയാഴ്ച 200 രൂപ, ബുധനാഴ്ച 520, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480 രൂപ എന്നിങ്ങനെയായിരുന്നു വർധനവ്.

പവന് 70000 രൂപ കടന്നതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വർണാഭരണം വാങ്ങണമെങ്കില്‍ 76000 രൂപയില്‍ അധികം നല്‍കേണ്ടി വരും. പണിക്കൂലി മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. പണിക്കൂലിക്ക് പുറമെ ജി എസ് ടി, ഹാള്‍മാർക്കിങ് ചാർജ് എന്നിവയും വാങ്ങുന്നവരില്‍ നിന്നും ഈടാക്കും.
ഈ വർഷം ഇതുവരെ സ്വർണ്ണ വിലയില്‍ ഉണ്ടായത് 23 ശതമാനത്തിന്റെ വർധനവാണ്. ഏപ്രിലിൽ ഇതുവരെ മാത്രം വിലയില്‍ 5 ശതമാനം വർധനവുണ്ടായി. ജനുവരി ഒന്നിന് ഒരു പവന്‍ സ്വർണം വാങ്ങാനായി നല്‍കേണ്ടി വന്നത് 57200 രൂപയായിരുന്നു. ഗ്രാം വില - 7150 രൂപ. ഇന്നത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവന് 12960 രൂപയുടേയും ഗ്രാമില്‍ 1620 രൂപയുടേയും വർധനവാണ് ഉണ്ടായിരിക്കുന്നത്.
തുടക്കത്തില്‍ പറഞ്ഞ് പോലെ തന്നെ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളാണ് സ്വർണ വില ഉയരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി രാജ്യങ്ങൾക്കുള്ള പരസ്പര താരിഫുകൾക്ക് 90 ദിവസത്തെ താൽക്കാലിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്കുള്ള തീരുവ 125 ശതമാനമായി ഉയർത്തി. യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി വർദ്ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മില്‍ ഇത്തരത്തില്‍ വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും ഇത് സ്വർണ്ണ വിലയ്ക്ക് അനുകൂലമായ ഒരു പശ്ചാത്തലം സൃഷ്ടിച്ചിരിക്കുകയുമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ, സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടങ്ങളിൽ സ്വർണ്ണ വില സാധാരണയായി വർദ്ധിക്കുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടന്നും വില വർദ്ധനവിന് ഊർജ്ജം നല്‍കുന്നു.












Click it and Unblock the Notifications