സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം
കൊച്ചി: സ്വര്‍ണവിലയില്‍ വിലയ ചാഞ്ചാട്ടമാണ് ഈ മാസം സംഭവിച്ചത്. മൂക്കുകുത്തി സ്വര്‍ണം വീണത് ആഭരണം ഉള്‍പ്പെടെ വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. വില കുറഞ്ഞ് 75000 രൂപയിലേക്ക് പവന്‍ എത്തുമെന്നും പ്രവചനങ്ങളുണ്ടായി. എന്നാല്‍ അത് സംഭവിച്ചില്ലെങ്കിലും ഒരു ലക്ഷം രൂപയില്‍ താഴേക്ക് സ്വര്‍ണം വീണു. വൈകാതെ തിരിച്ചുകയറ്റം തുടങ്ങി.
ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 126920 രൂപയായിരുന്നു. ഏറിയും കുറഞ്ഞും വന്‍ ഇടിവുകളിലേക്ക് വീണും കഴിഞ്ഞാഴ്ചയുടെ ആരംഭത്തില്‍ പവന്‍ വില 99480 രൂപയായി താഴ്ന്നു. അതായത്, 27000 രൂപയോളം ഒരു പവന് കുറഞ്ഞു. ഒരു മാസത്തിനിടെ ഇത്രയും വില ഇടിയുന്നത് സമീപകാല സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. എന്നാല്‍ പിന്നീട് ചിത്രം മാറി.

കഴിഞ്ഞ തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 99480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് പതിയെ വില ഉയരാന്‍ തുടങ്ങി. ഇതില്‍ രണ്ട് തവണ വില ഉയര്‍ന്നത് രാത്രിയാണ് എന്നതും എടുത്തു പറയണം. രണ്ട് വര്‍ഷം മുമ്പ് വരെ സ്വര്‍ണവില ദിവസം ഒരു തവണ മാത്രമായിരുന്നു മാറിയിരുന്നത്. സമീപകാലത്ത് ഇത് നാല് തവണ വരെ എത്തി. ഇപ്പോള്‍ രാത്രിയിലും വില മാറ്റം പ്രകടമാകുന്നുണ്ട്.
കൂടുതല്‍ പേര്‍ ഇടപെടുന്ന വിപണിയായി സ്വര്‍ണ മാര്‍ക്കറ്റ് മാറിയിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 108600 രൂപയാണ് പവന്‍ വില. യുദ്ധം തുടങ്ങിയതോടെയാണ് സ്വര്‍ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയത്. പണപ്പെരുപ്പം വരുമെന്നും പലിശ നിരക്ക് കൂട്ടുമെന്നും കരുതി മിക്കവരും സ്വര്‍ണം വിറ്റ് ബോണ്ടുകളിലേക്കും മറ്റു തിരിഞ്ഞതാണ് വില ഇടിയാന്‍ ഒരു കാരണം.
സ്വര്‍ണവില കുറഞ്ഞേക്കും
പല രാജ്യങ്ങളും സ്വര്‍ണം ഒഴിവാക്കി ഡോളര്‍ വാങ്ങാനും ആരംഭിച്ചു. യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില കുതിച്ചതോടെ എണ്ണ ശേഖരിച്ചുവയ്ക്കുന്നതിലായി ലോക രാജ്യങ്ങളുടെ ശ്രദ്ധ. ഇതിന് എല്ലാ രാജ്യങ്ങള്‍ക്കും ഡോളര്‍ ആവശ്യമായി വന്നു. ഡോളറിന്റെ മൂല്യം കൂടാനും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും ഓഹരി വിപണിയിലും സ്വര്‍ണവും താഴാനും ഇതെല്ലാം കാരണമായി.
യുദ്ധം അവസാനിക്കാന്‍ പോകുന്നു, ചര്‍ച്ച നടക്കുന്നു, വൈകാതെ യുദ്ധം തീരുമെന്നെല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെ വിപിണി മാറി ചിന്തിച്ചു. ഇതോടെയാണ് സ്വര്‍ണവില കയറാന്‍ തുടങ്ങിയത്. ഇന്നത്തെ വിലയിലേക്ക് എത്താന്‍ കാരണവും അതുതന്നെ. എന്നാല്‍ യുദ്ധം ഉടന്‍ തീരില്ല എന്നാണ് പുതിയ വിവരം. അമേരിക്കയുടെ കരസേന പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. കരയുദ്ധം തുടങ്ങാന്‍ അമേരിക്ക ഒരുങ്ങുകയാണത്രെ.
അമേരിക്ക കരയുദ്ധം ആരംഭിച്ചാല്‍ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതമാകും. ഗള്‍ഫ് രാജ്യങ്ങളെ ശരിക്കും പിടിച്ചുലയ്ക്കും. ഇതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. സ്വര്‍ണം ഇനിയും വില കുറയാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നേക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.












Click it and Unblock the Notifications