സ്വർണ വില ഒറ്റമാസം കൊണ്ട് കുതിച്ചത് 5360 രൂപ; പക്ഷെ പൊന്നില്ലാതെ മലയാളിക്ക് പറ്റുമോ? വാങ്ങൽ ട്രെന്റ് മാറ്റി
കൊച്ചി: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായിരുന്നു ഏപ്രിൽ അവസാനത്തോടെ സ്വർണ വിലയിൽ വലിയ വർധനവിന് വഴിയൊരുക്കിയത്. ആഗോള വിപണിയിലെ വർധനവ് കേരളത്തിലെ സ്വർണവിപണിയേയും പിടിച്ച് കുലുക്കി. സ്വർണം റെക്കോഡ് വില തൊട്ടു. എന്നാൽ ഏകദേശം ഒരു മാസത്തോളം നീണ്ട് നിന്ന പ്രതിസന്ധിക്കൊടുവിൽ ചൈനയും അമേരിക്കയും തമ്മിൽ സമവായത്തിലെത്തിയത് സ്വർണവില ഇടിയാൻ കാരണമായി. പുതിയ വ്യാപാര ധാരണ ഉണ്ടാക്കിയതാണ് സ്വർണത്തിന്റെ പെരുമ കുറച്ചത്. ഇതോടെ
73,000 വരെ എത്തിയ പവൻവില മെയ് പകുതിയോടെ 68000ത്തിലേക്ക് വീണു.
കൃത്യമായി പറഞ്ഞാൽ മെയ് 15 നാണ് പവൻ വില 68,880 രൂപയിലെത്തിയത്. എന്നാൽ ഈ ആശ്വാസം അധിക ദിവസം തുടർന്നില്ല. യുഎസിലെ സാമ്പത്തിക മാന്ദ്യ ഭീതിയും ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യുക്രൈൻ-റഷ്യ സംഘർഷവുമെല്ലാം സ്വർണവില പൊള്ളിച്ചു. മെയ് 19 ന് സംസ്ഥാനത്ത് 71960 രൂപയായിരുന്നു വില. മെയ് മാസം അവസാനിച്ചത് 71,360 എന്ന നിരക്കിലും.

ജൂൺ മാസത്തിൽ സ്വർണ വിലയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകില്ലെന്നായിരുന്നു പ്രചവനങ്ങൾ. എന്നാൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വില കുതിക്കുകയാണ്. ജൂൺ ആദ്യ വാരം തന്നെ വിലവ 72,000 കടന്നു. ഒരു ഘട്ടത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ റോക്കറ്റ് വേഗത്തിലാണ് വില വർധനവ്.
മെയ് 15 മുതൽ ജൂൺ 15 വരെയുള്ള കണക്കെടുത്താൽ
കേരളത്തിൽ സ്വർണ വിലയിൽ ഉണ്ടായത് 5360 രൂപയുടെ വർധനവാണ്. ഗ്രാമിന് 685 രൂപയാണ് വർധിച്ചത്. ഈ മാസം ഇതുവരെ പവന് 3000 രൂപയുടെ വർധനവ് ഉണ്ടായി. ഗ്രാമിന് 375 രൂപയുടേയും. ഇന്ന് കേരളത്തിൽ ഒരു പവന് വില 74560 രൂപയാണ്. 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേർത്താൽ 80,000ത്തിനടുത്ത് കൊടുക്കാതെ ഒരു പവൻ കൈയ്യിൽ കിട്ടില്ല. ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയിൽ ഇനിയും വർധനവ് തുടർന്നാൽ കേരളത്തിലെ സ്വർണവിലയിലും റെക്കോഡ് പ്രതീക്ഷിക്കാം. വെറും 440 രൂപ വർധിച്ചാൽ പവന് വില 75,000 തൊടും.
ട്രെന്റ് മാറ്റിപിടിച്ച് മലയാളി
സ്വർണ വില ഉയർന്നതോടെ കേരളത്തിൽ ആഭരണങ്ങൾ വാങ്ങുന്നവർ കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. 18 കാരറ്റ് സ്വർണത്തോടാണ് ആളുകൾക്ക് പ്രിയം. മാത്രമല്ല സ്വർണ നാണയങ്ങൾ വാങ്ങുന്നവരും ഉണ്ട്. സ്വർണം വാങ്ങുന്നവർ തന്നെ എക്സ്ചേഞ്ച് ഓഫറുകളാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് വില വർധനവ് പ്രതിസന്ധി തീർക്കുന്നുണ്ടെങ്കിലും വിൽക്കുന്നവരെ സംബന്ധിച്ച് വലിയ ലാഭമാണ്.
സ്വർണം കത്തിക്കയറും?
ഇസ്രായേൽ -ഇറാൻ സംഘർഷമാണ് സ്വർണ വിലയിലെ ഇപ്പോഴത്തെ കുതിപ്പിന് കാരണമായത്. ഇറാന്റെ ആണവ നിലയങ്ങൾ അടക്കം ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഇറാനിലെ ഉന്നത നേതാക്കളിൽ പലരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് അതിശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയുണ്ട്. ഇത് പശ്ചിമേഷ്യയിൽ യുദ്ധഭീതി വിയ്ക്കുകയാണ്. സാഹചര്യം കൂടുതൽ വഷളാകുന്നത് ആഗോള വിപണയിൽ കനത്ത പ്രതിസന്ധി തീർക്കും. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ പെരുമ ഉയർത്തും. മാത്രമല്ല പണപ്പെരുപ്പം കുറഞ്ഞത് കണക്കിലെടുത്ത് യുഎസ് കേന്ദ്രബാങ്കായ യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചാൽ ഇത് സ്വർണവിലയിൽ വലിയ വർധനവിന് വഴിവെക്കും.












Click it and Unblock the Notifications