സ്വർണം ഇന്ന് തന്നത് വലിയ പണി; വില കുത്തനെ ഉയർന്നു, 1,160 രൂപയുടെ വർധന, പവൻ നിരക്ക് അറിയാം
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണം വീണ്ടും കുതിപ്പ് തുടരുന്നു. പശ്ചിമേഷ്യയിൽ സമാധാന സാധ്യതകൾ ശക്തമായതും ക്രൂഡ് ഓയിൽ വില കുറഞ്ഞതും യുഎസ് ഡോളർ ദുർബലമായതുമാണ് ഇന്ന് സ്വർണത്തെ തുണച്ചത്. ആഗോള വിപണിയിൽ വില ഉയർന്നതോടെ കേരളത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർമവില വീണ്ടും 1.15 ലക്ഷം രൂപ കടന്നതോടെ വിവാഹ-നിക്ഷേപ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും തിരിച്ചടിയായി. അതേസമയം, വില ഉയർന്നിട്ടും വിപണിയിൽ വാങ്ങൽ താൽപ്പര്യത്തിന് വലിയ കുറവില്ലെന്നാണ് ജ്വല്ലറി മേഖലയിലെ വിലയിരുത്തൽ.
കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,450 രൂപയാണ് വില. ഇന്നലെ ഇത് 14,305 രൂപയായിരുന്നു. ഒരു ദിവസത്തിനിടെ ഗ്രാമിന് 145 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 1,15,600 രൂപയായി ഉയർന്നു. ഇന്നലെ 1,14,440 രൂപയായിരുന്നിടത്തുനിന്നാണ് ഈ വർധന. ഒരു പവന് മാത്രം 1,160 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

18 കാരറ്റ് സ്വർണ്ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 11,940 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണ വിലയിലെ ചാഞ്ചാട്ടം സാധാരണ ഉപഭോക്താക്കളെയും വിവാഹ വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയിൽ പലരും ഇപ്പോൾ തന്നെ സ്വർണം വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നാണ് ജ്വല്ലറികൾ പറയുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണം ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇന്നലെ ഔൺസിന് 4,300 ഡോളറിലുണ്ടായിരുന്ന സ്വർണവില 4,520 ഡോളർ വരെ കുതിച്ചുയർന്നു. പിന്നീട് ഇന്നത്തെ വ്യാപാരം 4,505 ഡോളറിലാണ് അവസാനിച്ചത്. അടുത്തിടെ ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് സ്വർണ്ണത്തിന് വലിയ പിന്തുണയായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയുമെന്ന പ്രതീക്ഷയാണ് എണ്ണവില താഴാൻ പ്രധാന കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അനുകൂലമായി മുന്നേറുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് തുറക്കും എന്ന ആത്മവിശ്വാസം വിപണികൾക്കുണ്ടായി.
ഇപ്പോൾ സമാധാന പ്രതീക്ഷകൾ ശക്തമായതോടെ ബ്രെന്റ് ക്രൂഡിന്റെയും ഡബ്ല്യു.ടി.ഐയുടെയും വിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണവില കുറയുന്നത് ആഗോള പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. അതോടെ പലിശനിരക്കുകളിൽ ഇളവ് വരാനിടയുണ്ടെന്നും നിക്ഷേപകർ കരുതുന്നു.
ഇതിന്റെ മറ്റൊരു വലിയ പ്രതിഫലനം യുഎസ് ഡോളറിലാണ്. ഡോളർ ദുർബലമാകുകയും ബോണ്ട് വരുമാനം കുറയുകയും ചെയ്തതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയാണ്. വരുമാനം നൽകാത്ത ആസ്തിയായ സ്വർണം സാധാരണ സാഹചര്യങ്ങളിൽ പലിശ ഉയരുമ്പോൾ പിന്നോട്ടുപോകാറുണ്ട്. എന്നാൽ ഇപ്പോൾ ബോണ്ട് വരുമാനം താഴ്ന്നതോടെ സ്വർണം കൂടുതൽ ആകർഷകമായ നിക്ഷേപമായി മാറിയിരിക്കുകയാണ്.
സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ "സുരക്ഷിത നിക്ഷേപം" എന്ന സ്വർണ്ണത്തിന്റെ പ്രതിച്ഛായ വീണ്ടും ശക്തിപ്പെടുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു. യുദ്ധഭീതിയിലുണ്ടായിരുന്ന "ഓയിൽ റിസ്ക്" ഇപ്പോൾ "സമാധാന പ്രതീക്ഷ"യിലേക്ക് മാറിയതോടെ സ്വർണ്ണത്തിന് സ്വതന്ത്രമായി മുന്നേറാൻ അവസരം ലഭിച്ചുവെന്നാണ് അവരുടെ വിലയിരുത്തൽ.
ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ അടുത്ത ദിവസങ്ങളിലും കേരളത്തിലെ സ്വർണ്ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുണ്ടെന്നാണ് ജ്വല്ലറി മേഖലയിലെ വിലയിരുത്തൽ. പ്രത്യേകിച്ച് വിവാഹ സീസൺ അടുത്തുവരുന്നതിനാൽ ആവശ്യകത വർധിച്ചാൽ വില ഇനിയും ഉയരാനിടയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു












Click it and Unblock the Notifications