സ്വർണം ഇനിയും താഴേക്ക്? 'ആരും സ്വർണം വിൽക്കേണ്ട'; സ്വർണ വ്യാപാരി പറയുന്നു
സ്വർണ വില കുറയുന്നതിൻ്റ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370 രൂപയായി. പവന് 2,680 രൂപയുടെ ഇടിവോടെ 1,06,960 രൂപയും . ഇനിയും വില കുറയുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ അക്കാര്യത്തിൽ പ്രതികരിക്കുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളം ചർച്ചയിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സ്വർണം വാങ്ങേണ്ടവരെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഒരു കുറവാണ് വിലയിൽ രേഖപ്പെടുത്തുന്നത്. പക്ഷേ വ്യാപാരികളെ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കുന്നതുമായിട്ടുള്ള കുറവാണ് കാണുന്നത്. ഈ യുദ്ധം അവസാനിക്കുന്നതോടുകൂടി ക്രൂഡ് ഓയിലിന്റെ വില കുറയുകയും അതേസമയം സ്വർണവില കൂടുകയും ചെയ്യുന്ന ഒരു പ്രതിഭാസം ആണ് പ്രതീക്ഷിച്ചത്. വ്യാപാരികളുടെ ആ ചിന്താഗതികളെ തികച്ചും മറികടന്നുകൊണ്ടുള്ള മാറ്റമാണ് വിപണിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കരാർ യാഥാർത്ഥ്യമാകുമ്പൾ വില ഉയരുകയാണ് വേണ്ടത്. എന്നാൽ രണ്ടു മൂന്ന് ദിവസമായി വലിയ തോതിലുള്ള കുറവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഗ്രാമിന് 320 രൂപ കുറയുമ്പോൾ അത് ഉണ്ടാകുന്ന ഒരു പ്രത്യാഘാതം വളരെ വലുതാണ്. അതേസമയം സ്വർണം വാങ്ങേണ്ട ആളുകളെ സംബന്ധിച്ച് ഇപ്പോൾ കൃത്യമായ ഒരു തീരുമാനം എടുക്കേണ്ട ഒരു സമയം തന്നെയാണ്. സ്വർണം വാങ്ങേണ്ട ആളുകൾക്ക് ഏറ്റവും പറ്റിയ സമയമാണ് ഇത്. പൂർണമായും യുദ്ധം അവസാനിക്കുന്ന ഒരു തരത്തിലേക്ക് പോയാൽ വില ഉറപ്പായിട്ടും വലിയ തോതിൽ വർധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. ആ വർദ്ധനവിന് മുൻപായി സ്വർണം വാങ്ങി വെക്കാനായിട്ട് പറ്റിയ ഒരു സമയമാണിത്.
ദീർഘകാല ആവശ്യങ്ങൾക്കായിട്ട് സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് വെയിറ്റ് ചെയ്തിട്ട് കൊടുക്കുന്നത് തന്നെ ആയിരിക്കും നല്ലത്. പക്ഷേ പെട്ടെന്ന് പണം ആവശ്യമുള്ള ആളുകൾ അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. കാരണം വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്',അരുണ്‍ മാർക്കോസ് പറഞ്ഞു.
കൊച്ചി തൃശ്ശൂർ ഇടനാഴിയെ കുറിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തോടും അദ്ദേഹം പ്രതികരിച്ചു. ' സ്വർണ ഇടനാഴി അല്ലെങ്കിൽ അവിടെ കൃത്യമായ ഒരു ഹബ്ബാക്കി മാറ്റുമെന്ന് പറയുമ്പോൾ സ്വർണ നിർമ്മാണത്തിൻ്റെ മെയിൻ സെന്റർ തൃശ്ശൂരാണ്. ഏറ്റവും കൂടുതൽ നിർമ്മാതാക്കൾ ,നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് , കൂടുതൽ ഹോൾസെയിൽ ഡീലർമാർ, ജ്വല്ലറികൾക്ക് സപ്ലൈ ചെയ്യുന്നത് എല്ലാം നടക്കുന്നത് തൃശ്ശൂർ കേന്ദ്രീകരിച്ചാണ്. അവിടെ കൃത്യമായ ഒരു പ്രോത്സാഹനം സർക്കാർ തലത്തിൽ ഉണ്ടായാൽ അത് സ്വർണ വ്യാപാര മേഖലയ്ക്ക് ഒരു ഉണർവുണ്ടാകും. അത് സ്വർണ വ്യാപാരികളോടൊപ്പം തന്നെ സ്വർണ പണിക്കാർക്കും ഒക്കെ പ്രയോജനപ്പെടും.
അതേസമയം തൃശൂരും എറണാകുളവും മാത്രം കേന്ദ്രീകരിച്ച് പോകുമ്പോൾ ഒരുപാട് വ്യാപാരികൾ ഉണ്ടല്ലോ. അവരെയും കൂടെ കണക്ട് ചെയ്തുകൊണ്ട് ഒരു നെറ്റ്വർക്കിങ് സംവിധാനംത്തോടുകൂടി എല്ലാ ചെറുകിട മേഖലകളിലേക്കും എല്ലാ ചെറിയ സ്ഥലങ്ങളിലേക്കും എല്ലാ ജില്ലകളിലേക്കും ചെറിയ പ്രദേശങ്ങളിലേക്ക് പോലും ഈ പ്രഖ്യാപനങ്ങളുടെ പ്രയോജനം വരത്തക്ക രീതിയിൽ കൃത്യമായ ഒരു നടപടി ഉണ്ടായെങ്കിൽ മാത്രമേ അത് താഴെതട്ടലേക്ക് ചെറുകിട വ്യാപാര മേഖലകൾക്ക് പ്രയോജനപ്പെടുകയുള്ളൂ..അല്ലെങ്കിൽ ബാക്കിയുള്ള ജില്ലകളിൽ അത് കാര്യമായ പ്രയോജനം ഉണ്ടാക്കില്ല', അരുണ്‍ മാർക്കോസ് പറഞ്ഞു.












Click it and Unblock the Notifications