പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണം... ഇന്നും വില മുകളിലേക്ക് തന്നെ; ഇന്നത്തെ ഗ്രാം, പവന്‍ നിരക്ക് അറിയാം
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്നലെ രണ്ട് തവണ പരിഷ്‌കരിച്ച സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം ആഭ്യന്തര സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം യു എസ് - ചൈന തര്‍ക്കങ്ങളില്‍ വന്ന അയവും സ്വര്‍ണ വിലയില്‍ അസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍.
ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് വര്‍ധിച്ചിരുന്നത്. ഗ്രാമിന് 55 രൂപയും വര്‍ധിച്ചു. ഇതോടെ ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണം വിറ്റത് 73040 എന്ന വിലയിലായിരുന്നു. ഗ്രാം സ്വര്‍ണം വിറ്റത് 9130 രൂപയിലും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന്‍ സ്വര്‍ണത്തിന് 1160 രൂപ കുറഞ്ഞ് 71880 ലേക്കും ഗ്രാം സ്വര്‍ണം 145 രൂപ കുറഞ്ഞ് 8985 ലേക്കും എത്തി.

ഇതില്‍ നിന്നാണ് ഇന്ന് സ്വര്‍ണ വില വീണ്ടും കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 71880 ലേക്ക് വീണ സ്വര്‍ണം ഇന്ന് 72120 രൂപയിലേക്ക് കയറി. ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 8985 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഒരു തരി പൊന്നിന്റെ വില 9015 ലേക്ക് എത്തി.
22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. കഴിഞ്ഞ മാസം ആദ്യത്തെ മൂന്നാഴ്ച റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണ വില പിന്നീട് താഴേക്ക് വീണിരുന്നു. 74000 എന്ന റെക്കോഡ് നിരക്കില്‍ തൊട്ട ശേഷമാണ് സ്വര്‍ണവില ഇടിഞ്ഞത്. മേയ് ഒന്നിന് 70200 ആയിരുന്നു പവന്‍ വില. തൊട്ടടുത്ത ദിവസം 160 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കായ 70040 ല്‍ എത്തി.
മേയ് രണ്ടാം തിയതി മുതല്‍ നാലാം തിയതി വരെ ഈ വിലയ്ക്കാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. എന്നാല്‍ അഞ്ചാം തിയതി 160 രൂപ കുറഞ്ഞതോടെ സ്വര്‍ണം വീണ്ടും പവന് 70200 ലേക്ക് എത്തി. പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് കയറുന്ന കാഴ്ചയാണ് കണ്ടത്. ആറാം തിയതി 2000 രൂപ കൂടിയതോടെ സ്വര്‍ണവില 72200 ലേക്ക് എത്തി. തൊട്ടടുത്ത ദിവസം പവന് 600 രൂപയാണ് കൂടിയത്.
ഇന്നലെ രാവിലെ 440 രൂപയാണ് വര്‍ധിച്ചതോടെ 73040 എന്ന ഈ മാസത്തെ ഇതുവരെയുള്ള എക്കാലത്തേയും ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് തന്നെ വില കുറഞ്ഞതോടെ ഇന്നും പൊന്നിന്റെ വില നിലവാരം താഴേക്ക് വീഴും എന്നായിരുന്നു പ്രതീക്ഷ. എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കിയാണ് സ്വര്‍ണ വില ഇന്ന് മുകളിലേക്ക് കയറിയത്.
കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. അതിനാല്‍ തന്നെ അതിന് മുന്‍പ് വിവാഹം പോലുള്ള ആഘോഷങ്ങളെല്ലാം നടത്താറാണ് പതിവ്. സ്വര്‍ണത്തിന് ഏറ്റവും ഡിമാന്‍ഡ് കൂടുതലുള്ളത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വിവാഹ സീസണാണ്. ആഭരണങ്ങളാണ് ഈ സമയത്ത് ജ്വല്ലറികളില്‍ നിന്നും കൂടുതലും വിറ്റഴിക്കുന്നത്. വ്യാപാരികള്‍ക്കും ഇതാണ് നേട്ടം.
ആഭരണങ്ങളില്‍ നിന്ന് ഈടാക്കുന്ന പണിക്കൂലി ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ചാണ് പണിക്കൂലി ഈടാക്കുന്നത്. ഉയര്‍ന്ന ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് വലിയ തുക പണിക്കൂലിയായി കൊടുക്കേണ്ടി വരും.












Click it and Unblock the Notifications