പുതിയ കുതിപ്പില്‍ സ്വര്‍ണം; വീണ്ടും റെക്കോര്‍ഡിന് അരികെ, എണ്ണ വിലയും കയറി... ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: ഉപഭോക്താക്കളെ ആശങ്കപ്പെടുത്തി സ്വര്‍ണവില വീണ്ടും ഉയരുന്നു. റെക്കോര്‍ഡ് വിലയിലേക്ക് വീണ്ടും അടുക്കുകയാണ് മഞ്ഞലോഹം. സ്വര്‍ണത്തിന് വില കുറയാനുള്ള ചില സാഹചര്യങ്ങള്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായിട്ടും നിക്ഷേപകര്‍ക്കിടയിലെ ആശങ്കകളാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്. രണ്ട് കാരണങ്ങളാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന തോന്നലാണ് സ്വര്‍ണവില കൂടാന്‍ ഒരു കാരണം. മറ്റൊന്ന് കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഇന്നത്തെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 49360 രൂപയാണ്. ഇന്നലെ 160 രൂപ വര്‍ധിച്ച് 49080 രൂപയിലെത്തിയിരുന്നു. ഇന്ന് 280 രൂപ കൂടി വര്‍ധിച്ചു. ഗ്രാമിന് 35 രൂപ കൂടി 6170 രൂപയിലെത്തി. ഇതുവരെ സ്വര്‍ണം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 49440 രൂപയാണ്. ഈ റെക്കോര്‍ഡ് വൈകാതെ മറികടക്കുമെന്നാണ് സൂചന.
ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. സാധാരണ ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം തന്നെ സ്വര്‍ണവിലയും കൂടുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചാലുണ്ടാകുന്ന നഷ്ടമാണ് നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നത്. ഇതോടെയാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നത്.
എണ്ണ വില ഉയരുന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ബ്രെന്റ് ക്രൂഡ് ബാരലിന് 86.32 ഡോളര്‍ ആണ് പുതിയ വില. വൈകാതെ 90 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമാകും. തിരഞ്ഞെടുപ്പ് കഴിയുംവരെ വില വര്‍ധനവിന്റെ പ്രഖ്യാപനത്തിന് സാധ്യതയില്ല.
ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാകുകയാണ്. ഡോളറിനെതിരെ മൂല്യം 83.44 വരെ ഇന്നലെ ഇടിഞ്ഞിരുന്നു. ഇന്ന് 83.37ലാണ് രാവിലെയുള്ള വ്യാപാരം. ഇതുവരെ രൂപ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് 83.48 രൂപയാണ്. നിലവില്‍ ഇതിനേക്കാള്‍ താഴേക്ക് രൂപ പോകാനാണ് സാധ്യത. രൂപ ദുര്‍ബലമാകുന്നതിനേക്കാള്‍, ഡോളര്‍ അതിവേഗം കരുത്ത് വര്‍ധിപ്പിക്കുന്നു എന്നതാണ് കാരണം. രൂപ മൂല്യം ഇടിഞ്ഞാലും സ്വര്‍ണവില കൂടും.












Click it and Unblock the Notifications