Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വര്‍ഷം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ഇപ്പോള്‍ വിറ്റാല്‍ 10000 രൂപ കിട്ടും! മൂന്ന് മാസം കൊണ്ട് കൂടിയത് ഇത്ര!

ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയ്ക്കാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിലെ മാറ്റം സാകൂതം നിരീക്ഷിക്കുന്നവരാണ് ജനങ്ങള്‍. ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം കൂടുതലും ഉള്ളത് ദക്ഷിണേന്ത്യയിലാണ്. തമിഴ്‌നാടാണ് ഇതില്‍ മുന്നിലെങ്കിലും കേരളം ഒട്ടും പിന്നില്‍ അല്ല. അതിനാല്‍ കൂടിയാലും കുറഞ്ഞാലും എല്ലാ ദിവസവും സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തെ നിരീക്ഷിക്കുന്നവരാണ് മലയാളികള്‍.

കൊവിഡിന് ശേഷം സ്വര്‍ണവില വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ മനസിലാകും. 2024 ല്‍ അവിസ്മരണീയമായ കുതിപ്പാണ് സ്വര്‍ണം നടത്തിയത്. സ്വര്‍ണവിലയില്‍ 24 ശതമാനത്തോളം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയത് എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യുസിസി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അരലക്ഷം എന്ന മാന്ത്രികസംഖ്യ മറികടന്നതും കഴിഞ്ഞ വര്‍ഷമാണ്.

Gold Rate

2025 ലും സ്വര്‍ണ വില കുതിക്കും എന്നായിരുന്നു വിദഗ്ധരെല്ലാം പ്രവചിച്ചിരുന്നത്. എന്നാല്‍ വില വര്‍ധനവ് പ്രവചിച്ചവരെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് സ്വര്‍ണവില ഈ വര്‍ഷം കുതിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും എന്ന പ്രവചനം അസാധ്യമാണെങ്കിലും വിപണിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള പ്രവചനങ്ങള്‍ പോലും കാറ്റില്‍ പറക്കുന്ന കാഴ്ചയാണ് സ്വര്‍ണവിലയില്‍ ദൃശ്യമാകുന്നത്.

സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ഡോളറിന്റെ മൂല്യം, യുഎസ് ഫെഡ് ബാങ്കിന്റെ പലിശ നിരക്കില്‍ വരുന്ന മാറ്റം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണ വില, ഡിമാന്‍ഡ്, തുടങ്ങി പ്രകൃതിദുരന്തങ്ങളും കാലാവസ്ഥയും വരെ സ്വര്‍ണ വിലയെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമാകുന്നതിനൊപ്പം അനിശ്ചിതത്വം നിലനില്‍ക്കുന്ന ആസ്തി കൂടിയാണ്.

2025 ലെ ആദ്യത്തെ രണ്ടര മാസത്തെ കണക്കുകള്‍ പ്രകാരം തന്നെ സ്വര്‍ണ വിലയില്‍ 16 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 ലെ മൊത്തത്തിലുള്ള കണക്ക് 24 ശതമാനമാണ് എന്ന് മനസിലാക്കുമ്പോഴാണ് സ്വര്‍ണ വിലയില്‍ എത്ര വലിയ മാറ്റമാണ് ഈ വര്‍ഷം ഇതുവരെ ഉണ്ടായിട്ടുള്ളത് എന്ന് മനസിലാക്കാനാകുക. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണ വില എങ്ങനെയാണ് വര്‍ധിച്ചിരിക്കുന്നത് എന്ന് നോക്കാം.

ജനുവരി ഒന്നിന്, പുതുവര്‍ഷ ദിനത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57200 രൂപയായിരുന്നു. അതേ മാസം തന്നെയാണ് സ്വര്‍ണ വില ആദ്യമായി 59000, 60000, 61000 എന്നീ നിരക്കുകള്‍ മറികടന്നത്. ജനുവരി 16 നാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 59000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59120 രൂപയായിരുന്നു വില. ഒരാഴ്ച കൊണ്ട് സ്വര്‍ണം 60000 വും പിന്നിട്ടു. ജനുവരി 22 ന് പവന്‍വില 60200 ആയിരുന്നു.

മാസം അവസാനം തന്നെ അതായത് ജനുവരി 31 ന് 61840 ല്‍ ആയിരുന്നു ഒരു പവന്‍വില. ആ മാസത്തെ എന്നല്ല, അതുവരെയുള്ള ചരിത്രത്തില എക്കാലത്തേയും ഉയര്‍ന്ന വില പവനില്‍ രേഖപ്പെടുത്തിയാണ് പുതുവര്‍ഷത്തിലെ ആദ്യ മാസം കടന്ന് പോയത്. ജനുവരിയില്‍ മാത്രം സ്വര്‍ണത്തിന് കൂടിയത് 3600 ഓളം രൂപയാണ്. ഫെബ്രുവരിയിലും സ്വര്‍ണ വില താഴേക്ക് പോകുന്ന പ്രവണത കാണിച്ചില്ല.

പവന് 61960 രൂപ എന്ന നിലയില്‍ ആ മാസത്തെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ആ മാസം അവസാനിക്കുമ്പോള്‍ 63600 എന്ന നിലയിലേക്ക് എത്തിയിരുന്നു. ജനുവരിയിലെ വില വര്‍ധനവിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വില വര്‍ധനയുടെ ആക്കം കുറവായിരുന്നു എന്ന് പറയാം. എന്നാല്‍ 62000, 63000, 64000 എന്നീ മാന്ത്രികസംഖ്യങ്ങള്‍ ഭേദിച്ചായിരുന്നു 2025 ലെ രണ്ടാം മാസത്തില്‍ പവന്റെ കുതിപ്പ്.

ഫെബ്രുവരി നാലിന് സ്വര്‍ണവില ആദ്യമായി 62000 പിന്നിട്ടു. തൊട്ടടുത്ത ദിവസം തന്നെ 63000 ത്തിലേക്കും സ്വര്‍ണം കുതിച്ചു. ഫെബ്രുവരി പതിനൊന്നിനാണ് 64000 എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വര്‍ണം എത്തുന്നത്. അന്ന് രാവിലെ പവന് 64480 രൂപയായിരുന്നു വിലയെങ്കില്‍ വൈകീട്ട് 64080 ആയി കുറഞ്ഞു. പിന്നീട് ഒരാഴ്ചയോളം വില കൂടിയും കുറഞ്ഞും 64000 ത്തിന് താഴെ തന്നെ നിന്നു.

ഫെബ്രുവരി 19 നാണ് സ്വര്‍ണം തിരികെ 64000ത്തിലേക്ക് കടക്കുന്നത്. അന്ന് തൊട്ട് ഫെബ്രുവരി 27 വരെ 64000 ത്തില്‍ നിന്ന് താഴേക്ക് പോകാതിരുന്ന സ്വര്‍ണവില മാസാവസനാമായ 28-ാം തിയതി 63000 ത്തിലേക്ക് വീഴുകയായിരുന്നു. ഒന്നാം തിയതിയിലേയും 28-ാം തിയതിയിലേയും വില വ്യത്യാസം വരുന്നത് 1640 രൂപയാണ്. മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ 63520 രൂപയായിരുന്നു പവന്‍വില.

ഒന്നാം തിയതി മുതല്‍ മൂന്നാം തിയതി വരെ ഈ വിലയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. 13-ാം തിയതി വരെ സ്വര്‍ണ വില ഏറിയും കുറഞ്ഞുമായി 63000-64000 എന്ന റേഞ്ചില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ മാര്‍ച്ച് 14 ന് പവന്‍ വില ആദ്യമായി 65000 ത്തില്‍ തൊട്ടു. അന്ന് 65840 രൂപയായിരുന്നു ഒരു പവന്‍ മഞ്ഞലോഹത്തിന്റെ വില. പിന്നീട് സ്വര്‍ണ്ണവില ക്രമാതീതമായി വര്‍ധിക്കുന്നതാണ് കണ്ടത്.

Take a Poll

മാര്‍ച്ച് 18 നാണ് സ്വര്‍ണവില 66000 എന്ന മാന്ത്രികസംഖ്യ മറികടന്നത്. പിന്നീട് ഏറിയും കുറഞ്ഞും 65000 ത്തിലും 66000 ത്തിലും എത്തിയ വില മാസാവസാനവും സാമ്പത്തിക വര്‍ഷാവസാനവുമായ മാര്‍ച്ച് 31 ന് 67000 എന്ന സര്‍വകാല റെക്കോഡിലേക്കും എത്തി. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രില്‍ ഒന്നിന്, അതായത് ഇന്ന് 68000 എന്ന മാജിക്കല്‍ ഫിഗറിലാണ് സ്വര്‍ണം വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. വിദേശരാജ്യങ്ങള്‍ ട്രംപിന്റെ നയത്തോട് പ്രതികൂലമായി പ്രതികരിച്ചതോടെ ലോകം വ്യാപാരയുദ്ധത്തിലേക്കും നയിക്കപ്പെട്ടു. ഇതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ഉടലെടുത്തു. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചു.

മാത്രമല്ല സെന്‍ട്രല്‍ ബാങ്കുകള്‍ എല്ലാം സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതെല്ലാം സ്വര്‍ണവിലയെ കാര്യമായി തന്നെ സ്വാധീനിച്ചു. അതേസമയം വിലവര്‍ധനവ് ഭൗതിക വാങ്ങലുകളില്‍ മാന്ദ്യം സൃഷ്ടിച്ചെങ്കിലും ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സമ്പത്ത് സംരക്ഷിക്കാനുള്ള ആഗ്രഹം തുടങ്ങിയ ഘടകങ്ങള്‍ കാരണം ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനായുള്ള ആവശ്യം ശക്തമായി തുടരുന്നുണ്ട് എന്ന് കാണിക്കുന്നു.

എന്നാല്‍ വില വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതം അവഗണിക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള വില വര്‍ധനവ് പല ഉപഭോക്താക്കളുടേയും ഉള്ളില്‍ സ്വര്‍ണ്ണം ഇപ്പോള്‍ തങ്ങളുടെ കൈയെത്തും ദൂരത്തല്ല എന്ന് തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഈ വില വര്‍ധനവ് വ്യാപാരത്തെ ദോഷകരമായാണ് ബാധിക്കുക എന്നാണ് വിലയിരുത്തല്‍.

വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. ഇന്നത്തെ പവന്‍ വില അനുസരിച്ച് ഉയര്‍ന്ന ഡിസൈനിലുള്ള ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 75000 രൂപയെങ്കിലും ചെലവാക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+