സ്വർണ വില ഇടിയും; വലിയ മാറ്റത്തിന് തയ്യാറെടുത്ത് കേന്ദ്രം? വിലയിൽ സംഭവിക്കാൻ പോകുന്ന കുറവ് ഇങ്ങനെ
ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ ആദ്യവാരം ചേർന്നേക്കും. വിവിധ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്ന ചർച്ചകൾ സജീവമാണ്. ജിഎസ്ടി മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. ഘടനാപരമായ പരിഷ്കാരങ്ങൾക്കും നിരക്ക് യുക്തിസഹമാക്കുന്നതിനും സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കുന്നതിനും ഊന്നൽ നൽകുന്ന നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
സ്വർണം, സ്വർണക്കട്ടികൾ, നാണയങ്ങൾ, ബിസ്കറ്റുകൾ, ആഭരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കിൽ 0.5% മുതൽ 1% വരെ കുറവുണ്ടായേക്കുമെന്നാണ് വ്യാപാരികളുടെ കണക്ക് കൂട്ടൽ.. സ്വർണത്തിന്റെ ജിഎസ്ടി നിരക്ക് കുറച്ചാൽ ആവശ്യകത വർധിക്കുകയും സ്വർണവില കുറയാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്വർണാഭരണങ്ങളുടെ ജിഎസ്ടിയിൽ ഉണ്ടാകുന്ന നേരിയ കുറവ് പോലും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

സ്വർണം, ആഭരണങ്ങൾ,സ്വർണവുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ നിലവിലുള്ള ജിഎസ്ടി നിരക്കുകൾ നോക്കാം
നിലവിൽ സ്വർണത്തിന്റെ മൂല്യത്തിന് 3 ശതമാനം ജിഎസ്ടി ആണ് ഈടാക്കുന്നത്. ഇത് 1.5 ശതമാനം സിജിഎസ്ടിയും 1.5 ശതമാനം എസ്ജിഎസ്ടിയും ചേർന്നതാണ്. ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിങ്ങനെ എല്ലാത്തരം സ്വർണത്തിനും ഇത് ബാധകമാണ്.
ഉദാഹരണത്തിന് 1,00,000 രൂപയുടെ സ്വർണം വാങ്ങുമ്പോൾ 3 ശതമാനം ജിഎസ്ടി നിരക്ക് 3,000 രൂപയാണ് (1,00,000 രൂപയുടെ 3 ശതമാനം).
പണിക്കൂലിക്ക് ജിഎസ്ടി
സ്വർണാഭരണങ്ങളുടെ പണിക്കൂലിക്ക് ഉയർന്ന ജിഎസ്ടി നിരക്കുണ്ട്, ഇത് 5 ശതമാനം ആണ്. കൂടാതെ, കസ്റ്റം-മെയ്ഡ് ആഭരണങ്ങൾക്ക് പ്രത്യേകമായി 3 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കുന്നു. ഉദാഹരണത്തിന്, 1,00,000 രൂപയുടെ സ്വർണം ഉപയോഗിച്ച് കസ്റ്റം-മെയ്ഡ് ആഭരണങ്ങൾ നിർമ്മിക്കുകയും പണിക്കൂലി 15,000 രൂപയുമാണെങ്കിൽ
സ്വർണത്തിന് ജിഎസ്ടി: 3,000 രൂപ (1,00,000 രൂപയുടെ 3 ശതമാനം)പണിക്കൂലിക്ക് ജിഎസ്ടി: 750 രൂപ (15,000 രൂപയുടെ 5 ശതമാനം)ഇതുകൂടാതെ, ആഭരണങ്ങൾ നന്നാക്കുന്നതിന് പ്രത്യേകമായി 5 ശതമാനം ജിഎസ്ടി നിരക്കുണ്ട്.
ഒരു ശതമാനം ജിഎസ്ടി കുറച്ചാൽ സ്വർണവില എങ്ങനെ കുറയും?
ജിഎസ്ടി കൗൺസിൽ നിരക്ക് 1 ശതമാനം കുറയ്ക്കുകയാണെങ്കിൽ, സ്വർണത്തിന്റെ പുതിയ ജിഎസ്ടി നിരക്ക് 2 ശതമാനം ആകും. അതിനാൽ, 100,000 രൂപയ്ക്ക് സ്വർണം വാങ്ങുമ്പോൾ, ജിഎസ്ടി തുക ഏകദേശം 2,000 രൂപയായി കുറയും. ഇത് 1,000 രൂപയുടെ കുറവ് വരുത്തുകയും സ്വർണവില കുറയാൻ കാരണമാവുകയും ചെയ്യും.
സ്വർണ വിലയിൽ സംഭവിക്കുന്നത്
ഓഗസ്റ്റിൽ ഇതുവരെ സ്വർണവിലയിൽ 2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന്റെ വില ഓഗസ്റ്റ് 8 ന് 10 ഗ്രാമിന് 1,03,310 രൂപയെന്ന സർവ്വകാല റെക്കോർഡും രേഖപ്പെടുത്തിയിരുന്നു.
'ദുർബലമായ യുഎസ് ഡോളർ, ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, താരിഫ് യുദ്ധം എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങളാണ് സ്വർണവിലയിലെ സമീപകാല മാറ്റത്തിന് പിന്നിൽ. ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത് സപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡ് യോഗമാണ്. യുഎസിൽ പണപ്പെരുപ്പം ശക്തമായതിനാൽ നിരക്ക് കുറക്കാനുള്ള സാധ്യത ശക്തമാണ്. പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന സൂചനകൾ ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയിട്ടുണ്ട്. ട്രംപ് ഭരണകുടവും ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. പലിശ നിരക്ക് കുറച്ചാൽ സ്വാഭാവികമായും സ്വർണ വില കൂടും. ആഗോള വിപണിയിൽ സ്വർണം കുതിച്ചാൽ അത് കേരള വിപണിയിലും സ്വാധീനമുണ്ടാക്കും. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3600 ഡോളർ വരെ കടക്കുമെന്ന പ്രവചനങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.












Click it and Unblock the Notifications