സ്വര്‍ണം മുക്കാല്‍ ലക്ഷം കടന്നു; ആശങ്ക ഒഴിയാതെ ജ്വല്ലറി വിപണി, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മുക്കാല്‍ ലക്ഷം കടന്നു. കഴിഞ്ഞ കുറച്ച് ദിവസമായി വില ഉയര്‍ന്നു വരികയാണ്. ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ അധിക ചുങ്കം ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ടെക്‌സ്റ്റൈല്‍സ് രംഗത്തെ പല കമ്പനികളും ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ രൂപ കൂടുതല്‍ വെല്ലുവിളി നേരിടുകയാണ്. മൂല്യം വീണ്ടും കുറഞ്ഞു. മാത്രമല്ല, ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള വാതക ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചേക്കും. അമേരിക്കയുമായുള്ള ഇടപാട് കൂട്ടണം എന്നാണ് ട്രംപിന്റെ ആവശ്യം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയും വര്‍ധിച്ചു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 75120 രൂപയായി. ഇന്നലെ 400 രൂപ വര്‍ധിച്ച പിന്നാലെയാണിത്. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 9390 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3382 ഡോളറായി. നേരത്തെ ഇതിനേക്കാള്‍ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം മുന്നേറും.
കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75760 രൂപയാണ്. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 7710 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6005 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3870 രൂപയുമായി. വെള്ളിയുടെ ഗ്രാം വില ഇന്ന് 126 രൂപയാണ്. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി ഉയര്‍ന്ന നിരക്കായിരിക്കും.
സ്വര്‍ണവില ഉയരാന്‍ കാരണം
ഡോളര്‍ സൂചിക കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ന് സ്വര്‍ണവില കൂടാനുള്ള കാരണം. ഡോളര്‍ സൂചിക 98.40 എന്ന നിരക്കിലെത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യം 87.70 എന്ന നിരക്കിലുമെത്തി. രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് സന്തോഷമാണ്. അവര്‍ കഴിഞ്ഞ മാസം അയച്ച അതേ തുക ഈ മാസം നാട്ടിലേക്ക് അയച്ചാലും കൂടുതല്‍ സംഖ്യ കിട്ടും.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണം ശക്തമാണ്. പലിശ നിരക്ക് കുറയുന്നു എന്ന് കണ്ടാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതോടെ സ്വര്‍ണവില ഉയരാന്‍ തുടങ്ങും. പലിശ നിരക്ക് കുറയുമ്പോള്‍ സ്വര്‍ണം വില കൂടുകയാണ് ചെയ്യുക. അതേസമയം, പലിശ നിരക്ക് കുറഞ്ഞാല്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടക്കുമെന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ വിപണി സജീവമായാല്‍ സ്വര്‍ണത്തിന് പകരം മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ ജനങ്ങള്‍ തേടും.
ഇന്ന് ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറുകയാണ് ചെയ്തിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 67.32 ഡോളര്‍ എന്ന നിരക്കിലെത്തി. ക്രൂഡ് വില ഉയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എങ്കിലും ആവശ്യക്കാര്‍ കുറഞ്ഞു വരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില അധികം ഉയരില്ല എന്നാണ് പ്രതീക്ഷ. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 70.87 ഡോളറും അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 63.30 ഡോളറുമാണ് പുതിയ നിരക്ക്.












Click it and Unblock the Notifications