സ്വര്‍ണം ഞെട്ടിച്ചു; വന്‍കുതിപ്പില്‍ സ്വര്‍ണവില, 80000 കടന്നു, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വിലക്കയറ്റം. രാജ്യാന്തര വിപണിയില്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് വില കയറുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. മാത്രമല്ല, അമേരിക്കയിലെ പലിശ നിരക്ക് അടുത്താഴ്ച കുറയ്ക്കുമെന്ന പ്രചാരണം ശക്തമാകുകയും ചെയ്തു.
ഇനിയും വില വര്‍ധിക്കുമെന്ന് തന്നെയാണ് സ്വര്‍ണ വിപണിയില്‍ നിന്നുള്ള വിവരം. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കാണ് തിരിച്ചടി. കാരണം ഇത്രയും ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല. ഇന്ന് 80000 കടന്ന് പവന്‍ വില കുതിച്ചിരിക്കുകയാണ്. ഇന്നത്തെ വില എത്ര, വില വര്‍ധിക്കാനുള്ള കാരണം എന്നിവ പറയാം...

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 80880 രൂപയാണ് ഇന്നത്തെ വില. ആയിരം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10110 രൂപയായി. ഇത്രയും വില കയറുമെന്ന് ഉപഭോക്താക്കളെ പോലെ വ്യാപാരികളും പ്രതീക്ഷിച്ചിരുന്നില്ല. വ്യാപാര മേഖല ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവിടെയും വില നില്‍ക്കില്ല എന്നാണ് പുതിയ വിവരം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8300 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6465 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4165 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3640 ഡോളറിലെത്തി. ഇതാണ് കേരളത്തിലെ വിലയും ഉയരാന്‍ കാരണം.
സ്വര്‍ണവില ഉയരാന്‍ കാരണം
സ്വര്‍ണത്തിന്റെ ആഭരണ വിപണി ശോഷിക്കുകയാണ്. വില കൂടിയ കാരണത്താല്‍ ആഭരണം വാങ്ങാന്‍ ജനങ്ങള്‍ മടിക്കുന്നു എന്നതു തന്നെ കാരണം. അതേസമയം, കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. രാജ്യാന്തര തലത്തില്‍ വിപണി അന്തരീക്ഷം തകിടം മറിഞ്ഞ സാഹചര്യത്തില്‍ നഷ്ടം വരാതിരിക്കാനാണ് പലരും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.
ഡോളര്‍ മൂല്യം കുറഞ്ഞത് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളെല്ലാം മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും. ആവശ്യക്കാര്‍ ഏറുന്നതോടെ സ്വര്‍ണത്തിന് വില കൂടുന്നത് സ്വാഭാവികമാണ്. 97.35 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക.
അമേരിക്കയിലെ പലിശ നിരക്ക് ഈ മാസം 16ന് നടക്കുന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് കുറയ്ക്കുമെന്ന പ്രചാരണം ശക്തിപ്പെട്ടതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പലിശ നിരക്ക് കുറയ്‌മ്പോള്‍ നിക്ഷേപ വരുമാനം ഇടിയും. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങി കരുതി വയ്ക്കുകയാണ്. ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്നവരാണ് കൂടുതല്‍. അങ്ങനെയാകുമ്പോള്‍ ഭൗതികമായി സൂക്ഷിക്കണം എന്ന ഭയം ആവശ്യമില്ല.












Click it and Unblock the Notifications